സിപിഐഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ മൗനികള്‍ ആവുന്നു എന്ന പ്രചരണത്തിന് ഒരിക്കല്‍ കൂടി അടിവരയിടുന്നതാണ് സന്ദീപിന്റെ കൊലപാതകവും

2020 ആഗസ്റ്റ് 18 ന് രാത്രി കൊവിഡ് രോഗികള്‍ക്ക് ഭക്ഷണം എത്തിച്ച് മടങ്ങുന്നതിനിടയിലാണ് കായംകുളത്തെ സിപിഐഎം നേതാവ് സിയാദിനെ കോണ്‍ഗ്രസ് ബന്ധം ഉളള ക്വട്ടേഷന്‍ സംഘം കൊലകത്തിക്ക് ഇരയാക്കുന്നത്.കൊലക്ക് ശേഷം പ്രതി രക്ഷപ്പെട്ടത് കോണ്‍ഗ്രസിന്റെ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും കൗണ്‍സിലറുമായ കാവില്‍ നിസാമിന്റെ സ്‌കൂട്ടറിലാണ്. സിയാദിന്റെ കൊലക്ക് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാന്‍ അന്നത്തെ ആലപ്പുഴ ഡിസിസി അധ്യക്ഷന്‍ എം ലിജുവിന്റെ വാക്കുകള്‍ ആയിരുന്നു മാധ്യമങ്ങളുടെ വേദവാക്യം. കൊലക്ക് രാഷ്ടീയ ബന്ധം ഇല്ലെന്ന് ബ്രേക്കിംഗ് നല്‍കിയ മാധ്യമങ്ങള്‍ കോണ്‍ഗ്രസ് നേതാവായ കാവില്‍ നിസാം കുറ്റപത്രത്തില്‍ പ്രതിയായത് അറിഞ്ഞതായി ഭാവിച്ചില്ല.

2020 ലെ തിരുവോണ തലേന്നാണ് വെഞ്ഞാറംമൂട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദിനെയും, മിതിലാജിനേയും കോണ്‍ഗ്രസ് ക്രിമിനല്‍ സംഘം അരുംകൊല ചെയ്തത്. പിറ്റേന്ന് മാധ്യമങ്ങളെ കണ്ട അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, കെപിസിസി അധ്യക്ഷന്‍ മുല്ലപളളി രാമചന്ദ്രനും ഗുണ്ടസംഘങ്ങളുടെ കുടിപകയാണ് കൊലക്ക് കാരണം എന്ന അവരുടെ വാചകമാണ് മാധ്യമങ്ങള്‍ക്ക് പ്രിയതരമായിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ബന്ധം അനാവൃതമായതോടെ മനസില്ലാമനസോടെ ചില ദിവസങ്ങളിലെങ്കിലും ചര്‍ച്ച ചെയ്യാന്‍ മാധ്യമങ്ങളും കോണ്‍ഗ്രസും നിര്‍ബന്ധിതരായി.

2020 ഒക്ടോബര്‍ 4ന് കുന്നംകുളത്ത് സിപിഐഎം ചിറ്റിലങ്ങാട് ബ്രാഞ്ച് സെക്രട്ടറിയായ സനൂപ് കൊല്ലപെട്ടേപ്പാള്‍ കൊലക്ക് രാഷ്ടീയ ബന്ധം ഇല്ലെന്ന് സ്ഥാപിക്കാനായിരുന്നു ബിജെപിക്കും മാധ്യമങ്ങള്‍ക്കും അമിത താല്‍പര്യം. ബിജെപി ജില്ലാ അധ്യക്ഷനായ അഡ്വ. കെ കെ അനീഷ് കുമാര്‍ വാര്‍ത്ത സമ്മേളനം നടത്തി കൊലപാതകവുമായി യാതൊരു ബന്ധവും ബിജെപിക്ക് ഇല്ലെന്ന് വ്യക്തമാക്കി. എന്നാല്‍ പ്രതികള്‍ എല്ലാം ബിജെപി, ബജറംഗദള്‍ പ്രവര്‍ത്തകരാണെന്ന് പിന്നീട് പൊലീസ് കണ്ടെത്തി.

കൊല്ലം മണ്‍ട്രോതുരുത്തിലെ സിപിഐഎം പ്രവര്‍ത്തകന്‍ മണിലാലിന്റെ കൊലപാതകത്തിനും രാഷ്ടീയ ബന്ധമില്ലെന്ന് സ്ഥാപിക്കാനായിരുന്നു മാധ്യമങ്ങള്‍ക്കും ബിജെപിക്കും താല്‍പര്യം. എന്നാല്‍ പ്രതിയായ അശോകന്റെ ബിജെപി ബന്ധം അനാവൃതമായിട്ടും പറഞ്ഞ കളളം തിരുത്താനോ, ബിജെപി തയ്യാറായില്ല.

കാസര്‍ഗോഡ് കല്ലുരാവി മുണ്ടത്തോട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഔഫ് അബ്ദു റഹിമാന്റെ കൊലപാതകത്തിലേക്ക് നയിച്ചത് വോട്ടെണ്ണല്‍ ദിനത്തിലുണ്ടായ വാക്കേറ്റമാണ്. കേസില്‍ അറസ്റ്റിലായത് അത്രയും യൂത്ത് ലീഗിന്റെ മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദ് അടക്കമുളളവരെ പോലീസ് പിടികൂടിയിട്ടും മാധ്യമങ്ങള്‍ക്ക് പ്രതികളുടെ രാഷ്ടീയ ബന്ധം ഒരു ദിവസങ്ങളോളം ചര്‍ച്ച ചെയ്യാന്‍ തക്ക വിധത്തില്‍ ഒരു വാര്‍ത്തയായിരുന്നില്ല.

ഏറ്റവും ഒടുവില്‍ കൊല്ലപ്പെട്ട സിപിഐഎം പെരിങ്ങര ലോക്കല്‍ കമ്മറ്റി സെക്രട്ടറി പിബി സന്ദീപിന്റെ കൊലപാകത്തിലെ രാഷ്ടീയ ബന്ധം ഇഴ പിരിക്കാനും എല്ലാം കാണുന്ന മാധ്യമങ്ങള്‍ക്ക് കണ്ണില്ല. മുഖ്യപ്രതിയായ ജിഷ്ണു ചാത്തങ്കേരി യുവമോര്‍ച്ചയുടെ പഞ്ചായത്ത് കമ്മറ്റിയുടെ പ്രസിഡന്റ് ആണ്. അവിടെയും രാഷ്ടീയ കൊലപാതകമല്ലെന്ന് വരുത്താണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്.

കൊല്ലപ്പെട്ട സനൂപ് ഒഴികെയുളള എല്ലാ രക്തസാക്ഷികള്‍ക്കും പറക്കമുറ്റാത്ത കുട്ടികളും നിരാലംഭരായ ഭാര്യമാരും ആയിരുന്നു ഉണ്ടായിരുന്നത്. ടിപി ചന്ദ്രശേഖരന്റെയും ശരത്ത് ലാലിന്റെയും കൃപേഷിനും, അരിയില്‍ ഷുക്കൂറിനും വേണ്ടി മണിക്കൂറുകളുടെ എയര്‍ ടൈമും പത്രതാളുകളും മാറ്റി വെയ്ക്കുന്നത് തെറ്റല്ല. പക്ഷെ സിപിഐഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ കൊലക്ക് പിന്നിലെ രാഷ്ടീയ ബന്ധം പിന്തുടര്‍ന്ന് തെളിയിക്കാന്‍ അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥ കാണിക്കുന്നില്ലെങ്കില്‍ അതിനെ മാധ്യമ പ്രവര്‍ത്തനം എന്ന് വിളിക്കാന്‍ കഴിയ്യില്ല. സിപിഐഎം പ്രവര്‍ത്തകര്‍ കൊല്ലപെടുമ്പാള്‍ മാധ്യമങ്ങള്‍ മൗനികള്‍ ആവുന്നു എന്ന പ്രചരണത്തിന് ഒരിക്കല്‍ കൂടി അടിവരയിടുന്നതാണ് സന്ദീപിന്റെ കൊലപാതകവും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News