കണക്കുകൾ സൂക്ഷിക്കുന്നതിൽ വീണ്ടും ഒളിച്ചുകളി നടത്തി കേന്ദ്ര സര്‍ക്കാര്‍

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീണ്ടും ഒളിച്ചു കളി നടത്തി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ഓക്സിജൻ ലഭ്യത കുറവ് മൂലം മരിച്ചവരുടെ കണക്ക് കയ്യിൽ ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പാർലമെൻ്റിൽ അറിയിച്ചത്. കൊവിഡ് രണ്ടാം തരംഗത്തിൽ ഓക്സിജൻ ലഭ്യത കുറവ് മൂലം മരിച്ചവരുടെ എണ്ണം ആവശ്യപ്പെട്ട് ഉന്നയിച്ച ചോദ്യത്തിന് ആണ് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ നിരുത്തരവാദപരമായ മറുപടി നൽകിയത്.

കൊവിഡിൻ്റെ രണ്ടാം തരംഗ സമയത്ത് രാജ്യത്തെ ജനങ്ങൾ പ്രാണവായുവിനായി നെട്ടോട്ടമോടുകയായിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ആയിരങ്ങളാണ് മരിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു കണക്കും കയ്യിൽ ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

കൊവിഡിൻ്റെ രണ്ടാം തരംഗ സമയത്ത് ഓക്സിജൻ ലഭ്യത കുറവ് മൂലം മരിച്ചവരുടെ കണക്ക് കൈവശമില്ലാത്തതിന് കാരണം സംസ്ഥാനങ്ങൾ ആണെന്നാണ് കേന്ദ്ര സർക്കാരിൻ്റെ വാദം. ഇതു സംബന്ധിച്ച് കഴിഞ്ഞ ജൂലൈയിൽ വിവിധ സംസ്ഥാനങ്ങളോട് റിപ്പോർട്ട്‌ തേടിയിരുന്നു. എന്നാൽ ഇതു വരെ രണ്ടു സംസ്ഥാനങ്ങൾ മാത്രമാണ് റിപ്പോർട്ട്‌ നൽകാൻ തയ്യാറായത്.

മരണപ്പെട്ടവരുടെ കണക്ക് മറച്ചു വയ്ക്കാതെ ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിക്കുമോ എന്ന് സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മന്ത്രി മറുപടി നൽകാൻ തയ്യാറായില്ല. രാജ്യത്തെ ജനങ്ങളെ സംബന്ധിക്കുന്ന ഒരു പ്രധാനപ്പെട്ട വിഷയങ്ങൾക്കും കണക്ക് കൈവശം ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഈ സമ്മേളന കാലയളവിൽ സഭയിൽ നൽകുന്ന മറുപടി.

സമരത്തിനിടയിൽ മരിച്ച കർഷകരുടെ എണ്ണവും ന്യൂനപക്ഷങ്ങൾക്ക് നേരെ നടന്ന അതിക്രമങ്ങളുടെ എണ്ണം എന്നിവ സംബന്ധിച്ച് ഉയർന്ന ചോദ്യത്തിനും കണക്കുകൾ കയ്യിൽ ഇല്ലെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സഭയിൽ മറുപടി നൽകിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News