സന്ദീപിന്റെ അരുംകൊല; ഗൂഢാലോചനയില്‍ ഉന്നതതല അന്വേഷണം വേണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

പെരിങ്ങരയിൽ സിപിഐഎം യുവനേതാവായ സന്ദീപിന്റെ അരുംകൊല ആർഎസ് എസ്- ബിജെപി സംഘം ആസൂത്രിതമായി നടത്തിയതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊലപാതകത്തിന്‌ പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. അതിനാൽ ഉന്നതതല അന്വേഷണം നടത്തണമെന്നും കോടിയേരി ബാലകൃഷ്ണന്‍ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കൊലയാളി സംഘത്തെ ജനത്തിനിടയിൽ നിന്നും ഒറ്റപ്പെടുത്തണം. ഇവരെ അമർച്ച ചെയ്യാൻ സാധിക്കുന്ന തരത്തിൽ ജനം രംഗത്തിറങ്ങണം.

സിപിഐഎം പ്രവർത്തകരെ കൊലചെയ്യുന്നത്‌ ആർഎസ്എസ്‌ തുടരുകയാണ്‌. 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പാർട്ടിയുടെ 20 പ്രവർത്തകർ കൊലചെയ്യപ്പെട്ടു. ഇതിൽ 15 പേരെ കൊന്നതും ബിജെപി- ആർഎസ്എസ് സംഘമാണ്. ഇതിനകം കേരളത്തിൽ ആർഎസ്എസിന്റെ കൊലക്കത്തിക്കിരയായത് 215 സിപിഐ എമ്മുകാരാണ്. രാഷ്ട്രീയ എതിരാളികളാകെ നടത്തിയ അക്രമത്തിൽ 588 സിപിഐഎം പ്രവർത്തകർ കേരളത്തിൽ കൊല്ലപ്പെട്ടുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു

ഇത്തരം കൊല നടത്തി പാർട്ടിയെ ഇല്ലാതാക്കാനാണ് ശ്രമമെങ്കിൽ അത് നടക്കില്ലെന്ന് മുൻകാലങ്ങളിൽ തെളിയിച്ചിട്ടുണ്ട്. കൊലയ്ക്ക് പകരം കൊലയെന്നത് സിപിഐ എമ്മിന്റെ മുദ്രാവാക്യമല്ല. ആർഎസ്എസുകാർ സൃഷ്ടിക്കുന്ന പ്രകോപനത്തിൽ പെടരുത്. ആത്മസംയമനം പാലിച്ചുകൊണ്ട് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണം. പത്തനംതിട്ടയിൽ വിവിധ പ്രദേശത്ത് പ്രത്യേകമായി പരിപാടി സംഘടിപ്പിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

ഡിസംബർ ഏഴിന് കേരളത്തിലെ ജില്ലാ – ഏരിയ കേന്ദ്രങ്ങളിൽ സിപിഐ എം ആഭിമുഖ്യത്തിൽ ന്യൂനപക്ഷ സംരക്ഷണ മുദ്രാവാക്യമുയർത്തി, ദേശവ്യാപകമായി സിപിഐഎം ആഹ്വാനം ചെയ്ത പ്രക്ഷോഭം നടത്തും. ആർഎസ്എസുകാർ മതന്യൂനപക്ഷങ്ങൾക്കെതിരായും പട്ടികജാതി -പട്ടികവർഗ ജനവിഭാഗത്തിനെതിരായും ദേശവ്യാപകമായി അക്രമം നടത്തുന്നു. അതിൽ പ്രതിഷേധിക്കണമെന്ന കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് ഏഴാം തീയതി വിപുലമായ പരിപാടി സംഘടിപ്പിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News