ആരെയും കണ്ണീര്‌ കുടിപ്പിക്കാതെ സിൽവർലൈൻ പദ്ധതി നടപ്പിലാക്കണമെന്നതാണ് ഇടതുപക്ഷ കാഴ്‌ചപ്പാട്‌: കോടിയേരി ബാലകൃഷ്‌ണൻ

ഒരാളെയും കണ്ണീര്‌ കുടിപ്പിക്കാതെ സിൽവർലൈൻ പദ്ധതി നടപ്പിലാക്കണമെന്നതാണ്‌ ഇടതുപക്ഷ മുന്നണിയുടെ കാഴ്‌ചപ്പാടെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കേരളത്തിന്റെ വികസന പദ്ധതികൾ അട്ടിമറിക്കാൻ യുഡിഎഫും ബിജെപിയും രംഗത്തിറങ്ങിയിരിക്കുന്നതായും അദ്ദേഹം തിരുവനന്തപുരത്ത്‌ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

എൽഡിഎഫ്‌ അധികാരത്തിൽ ഇരിക്കുമ്പോൾ വികസന പദ്ധതികളൊന്നും വേണ്ട എന്ന സമീപനമാണ്‌ ഇരുകൂട്ടർക്കും. അതാണ്‌ സിൽവർ ലൈൻ പദ്ധതിയ്‌ക്കെതിരെ അഴിച്ചുവിടുന്ന പ്രചാരണവും പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന നിലപാടും സൂചിപ്പിക്കുന്നത്‌.

യുഡിഎഫ്‌ അധികാരത്തിലിരുന്ന കാലത്ത്‌ ഹൈസ്‌പീഡ്‌ റെയിൽ പദ്ധതി ആസൂത്രണം ചെയ്‌തിരുന്നു. ഇപ്പോൾ അവർ യാതൊരു യുക്തിയുമില്ലാതെയാണ്‌ സെമി ഹൈസ്‌പീഡ്‌ പദ്ധതിയെ എതിർക്കുന്നത്‌.
അന്ന്‌ പദ്ധതിയെ അനുകൂലിക്കുകയായിരുന്നു എൽഡിഎഫ്‌ ചെയ്‌തത്‌.

പണം കണ്ടെത്താൻ സാധിക്കുമെങ്കിൽ പദ്ധതി നടപ്പാക്കണം. സ്ഥലം വിട്ടുനൽകുന്നവർക്ക്‌ മാർക്കറ്റ്‌ വിലയെക്കാൾ കൂടുതൽ നൽകി പുനരധിവാസം ഉറപ്പാക്കണം എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ നിലപാട്‌. സിൽവർ ലൈൻ പദ്ധതിയ്‌ക്കായി സ്ഥലം ഇത്തരത്തിൽ സ്ഥലം ഏറ്റെടുക്കും.

ഒരാളെയും കണ്ണീര്‌ കുടിപ്പിക്കാതെ പദ്ധതി നടപ്പിലാക്കണം എന്നതാണ്‌ ഇടതുപക്ഷ മുന്നണിയുടെ കാഴ്‌ചപ്പാട്‌. പദ്ധതി നടപ്പിലാക്കുമ്പോൾ പ്രശ്‌നങ്ങളുണ്ടെങ്കിൽ അതാണ്‌ സർക്കാരിന്‌ മുന്നിൽ ഉന്നയിക്കേണ്ടത്‌. അതിന്‌ പകരം പദ്ധതികളെ കണ്ണടച്ച്‌ എതിർക്കുന്ന സമീപനം കേരളത്തിന്റെ ഭാവിവികസനത്തിന്‌ സഹായകരമല്ല. ഇത്തരം നിലപാടുകളെ ജനങ്ങൾക്ക്‌ മുന്നിൽ തുറന്ന്‌ കാട്ടുന്ന പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here