വ്യാജപ്പതിപ്പുകള്‍ കാണുകയോ, കാണാന്‍ പ്രേരിപ്പിക്കുകയോ ചെയ്യരുത് .അത് നിയമവിരുദ്ധവും മാനുഷികവിരുദ്ധവുമാണ് :പ്രിയദർശൻ

വ്യാജപ്പതിപ്പുകള്‍ കാണുകയോ, കാണാന്‍ പ്രേരിപ്പിക്കുകയോ ചെയ്യരുത് .അത് നിയമവിരുദ്ധവും മാനുഷികവിരുദ്ധവുമാണ് :പ്രിയദർശൻ

പ്രിയദർശന്റെ സംവിധാനത്തിലെത്തിയ മോഹൻലാൽ ചിത്രം ‘മരക്കാര്‍’ സ്നേഹത്തോടെ സ്വീകരിച്ച പ്രേക്ഷകര്‍ക്കുള്ള നന്ദി അറിയിച്ച് പ്രിയദര്‍ശന്‍ .ഒപ്പം ചിത്രത്തിന്‍റെ വ്യാജപതിപ്പുകള്‍ കാണരുതെന്നും അത് നിയമവിരുദ്ധമാണെന്നും പ്രിയദര്‍ശന്‍ പറയുന്നു. റിലീസിനു ശേഷം സോഷ്യല്‍ മീഡിയയിലൂടെയുള്ള സംവിധായകന്‍റെ പ്രതികരണമാണിത്.

“ലോകമെമ്പാടുമുള്ള കുടുംബപ്രേക്ഷകര്‍ ‘മരക്കാര്‍, അറബിക്കടലിന്‍റെ സിംഹം’ എന്ന വലിയ ചിത്രത്തെ ഹൃദയത്തിലേറ്റിയതിലുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. അതിര്‍ത്തികള്‍ കടന്ന്, അന്യദേശത്തേക്ക് നമ്മുടെ കൂടുതല്‍ സിനിമകള്‍ ഇനിയും എത്തേണ്ടതുണ്ട്. പ്രിയപ്രേക്ഷകരുടെ സ്നേഹവും പ്രോത്സാഹനവും ഈ ചിത്രത്തിന് ഇനിയും ഉണ്ടാകണം എന്ന് അഭ്യര്‍ഥിക്കുന്നു. ചിത്രത്തിന്‍റെ വ്യാജപ്പതിപ്പുകള്‍ കാണുകയോ, കാണാന്‍ പ്രേരിപ്പിക്കുകയോ ചെയ്യാതിരിക്കുക. അത് നിയമവിരുദ്ധവും മാനുഷികവിരുദ്ധവുമാണെന്ന് അറിയുക. നന്ദി”, പ്രിയദര്‍ശന്‍ കുറിച്ചു.

സിനിമാപ്രേമികളുടെ രണ്ട് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്നലെയാണ് പ്രിയൻ-ലാൽ ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തിയത്. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം എന്ന നിലയില്‍ ആരാധകർ കാത്തിരുന്ന ചിത്രം കൂടിയാണിത്. മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡേ നേടിയതും പ്രേക്ഷകപ്രതീക്ഷ ഉയര്‍ത്തിയ ഘടകമാണ്.

മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, സുഹാസിനി, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഫാസില്‍, പ്രഭു, ഇന്നസെന്റ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍, തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

യു.എ.ഇയില്‍ മാത്രമായി ചിത്രം 64 തിയേറ്ററുകളിലാണ് റിലീസിനെത്തിയത്. 368 ഷോകളില്‍ നിന്ന് 2.98 കോടിരൂപയോളം വരുമാനം നേടിയെന്ന് വാർത്തകൾ വന്നിരുന്നു.റിലീസിന് മുമ്പേ തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. റിസര്‍വേഷനിലൂടെ മാത്രമാണ് ചിത്രം100 കോടി ക്ലബില്‍ എത്തിയത്. മരക്കാര്‍ റിലീസ് പ്രഖ്യാപിച്ച അന്ന് മുതല്‍ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ദിവസേന 16,000 ഷോകളാണ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ 631 സ്‌ക്രീനുകളില്‍ 626ലും മരക്കാര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here