എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി ഭിന്നശേഷിക്കാരുടെ തൊഴില്‍ സാധ്യത കൂടുതല്‍ വിപുലീകരിക്കും; മന്ത്രി വി.ശിവന്‍കുട്ടി

ഭിന്നശേഷി കുട്ടികളിലെ സവിശേഷ കഴിവുകളെ പരിപോഷിപ്പിക്കുകയും അവരെ സാമൂഹ്യപരമായി ഉയർത്തുകയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഭിന്ന ശേഷിയുള്ളവരെ തൊഴിൽപരമായി സ്വയം പര്യാപ്തരാക്കുന്നതിന് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നിയമനങ്ങളിൽ കൂടുതൽ തൊഴിൽ സാധ്യതകൾ ഉണ്ടാക്കുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ നിർമിക്കുന്ന കെട്ടിടങ്ങളുടെ നിർമാണ പ്രവൃത്തികളെല്ലാം ഇനി മുതൽ ഭിന്നശേഷി സൗഹൃദമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊതുവിദ്യാഭ്യാസ വകുപ്പിൻറെ ആഭിമുഖ്യത്തിൽ സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം മോഡൽ സ്കൂളിൽ സംഘടിപ്പിച്ച ലോക ഭിന്നശേഷി ദിനാചരണത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷിക്കാർക്ക് നിലവിൽ നൽകിവരുന്ന യാത്രാസൗജന്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ‘സെറിബ്രൽ പാൾസി’ ബാധിതരായവർക്ക് പൂർണമായും സൗജന്യയാത്ര അനുവദിക്കുമെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പുമന്ത്രി അഡ്വ.ആൻറണി രാജു പറഞ്ഞു.

ഭിന്നശേഷി കുട്ടികൾക്കുള്ള മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിൻറേയും യു.ഡി.ഐ.ഡി. കാർഡിൻറേയും വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഡി.സുരേഷ്കുമാർ നിർവഹിച്ചു. കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ നേരിൽ മനസ്സിലാക്കുന്നതിന് എത്തിച്ചേർന്ന ഉത്തരാഖണ്ഡ് വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു .

സംസ്ഥാന പ്രോഗ്രാം ഓഫീസർ എസ്.വൈ.ഷൂജ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.റീന.കെ.എസ്. തുടങ്ങിയവർ സംസാരിച്ചു. ഭിന്നശേഷി കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് മിഴിവേകി. പരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്ക് സമഗ്രശിക്ഷയുടെ ഉപഹാരം നൽകി. സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയ്ക്കായിരുന്നു സംഘാടന ചുമതല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News