5 പേര്‍ക്ക് പുതുജന്മം നല്‍കി വനജ യാത്രയായി

കണ്ണൂർ തലശേരി ഗവ. ജനറൽ ആശുപത്രിയിൽ മസ്തിഷ്‌ക മരണമടഞ്ഞ അഞ്ചരക്കണ്ടി ചെറിയ വളപ്പ് മധുവനം സ്വദേശിനി പി. വനജ (53) ഇനി 5 പേരിലൂടെ ജീവിക്കും. കരൾ, 2 വൃക്കകൾ, 2 നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്.

കേരള സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എൻ.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. കേരളത്തിൽ മെഡിക്കൽ കോളേജുകൾക്ക് പുറമെ ഒരു സർക്കാർ ജനറൽ ആശുപത്രിയിൽ ആദ്യമായാണ് മസ്തിഷ്‌ക മരണാനന്തര അവയവദാന പ്രക്രിയ വഴി അവയവം എടുത്തത്.

വളരെ വിഷമകരമായ അന്തരീക്ഷത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന ഭർത്താവ് രാജനേയും കുടുംബാംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആദരവറിയിച്ചു. അവയവദാന പ്രക്രിയയ്ക്ക് മുൻകൈയ്യെടുത്ത ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആശാ ദേവിയെ മന്ത്രി അഭിനന്ദിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ കിടക്കുന്ന സമയത്ത് ചില അസ്വസ്തകൾ കണ്ടതിനെ തുടർന്ന് വനജയെ കണ്ണൂരിലെ എ.കെ.ജി. ആശുപത്രിയിലെത്തിച്ചു. പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലാകുകയായിരുന്നു. തുടർന്നാണ് തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിത്. മസ്തിഷ്‌ക മരണമടഞ്ഞ വനജയുടെ ബന്ധുക്കൾ അവയവദാനത്തിന് തയ്യാറാകുകയായിരുന്നു. രണ്ട് മക്കൾ രഹിൽ (26), ജിതിൻ (24).

മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം കെ.എൻ.ഒ.എസ്. നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അവയവദാന പ്രക്രിയ പൂർത്തീകരിച്ചത്. ഡി.എം.ഒ. ഡോ. നാരായൺ നായിക്, കെ.എൻ.ഒ.എസ്. നോർത്ത് സോൺ റീജിയണൽ കോ-ഓർഡിനേറ്റർ ഡോ. ശ്രീലത എന്നവരുടെ കൂടി ശ്രമഫലമായാണ് ഈ അവയവദാനം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News