ആദിവാസി ജനത ആഗ്രഹിക്കുന്ന തരത്തിൽ അട്ടപ്പാടിയിൽ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോട്ടത്തറ ആശുപത്രിയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ച് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. അട്ടപ്പാടിയിലെത്തിയ മന്ത്രി ആശുപത്രിയും ഊരുകളും സന്ദർശിച്ചു.
രാവിലെ 9 മണിയോടെയാണ് അട്ടപ്പാടിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ അപ്രതീക്ഷിത സന്ദർശനം. സാമൂഹികാരോഗ്യ കേന്ദ്രത്തിലായിരുന്നു ആദ്യ സന്ദർശനം. സാമൂഹികാരോഗ്യ കേന്ദ്രത്തിനായി ഒരാഴ്ചക്കകം വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു.
കോട്ടത്തറ ട്രൈബൽ ആശുപത്രി സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തിയ മന്ത്രി ജീവനക്കാരുടെ യോഗം വിളിച്ചു ചേർത്ത് വിവരങ്ങൾ ചോദിച്ചറിഞ്ഞു. നവജാത ശിശു ഐസിയു ആശുപത്രിയിൽ ആരംഭിക്കുമെന്നും കൂടുതൽ ഡോക്ടർമാരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
ഹൈറിസ്ക് കാറ്റഗറിയിലുളള ഗർഭിണികളെ പ്രത്യേകം നിരീക്ഷിച്ച് പരിചരണം നൽകും. എല്ലാ ഊരുകളെയും ബന്ധിപ്പിച്ച് അംഗൻവാടികൾ കേന്ദ്രീകരിച്ച് ആശാ വർക്കർമാരും , അംഗൻവാടി ജീവനക്കാരും അഭ്യസ്തവിദ്യരായ പെൺകുട്ടികളും ഉൾപ്പെട്ട പെൺകുട്ടായ്മകൾ രൂപീകരിക്കും. കോട്ടത്തറ ആശുപത്രിയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ച് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
വിവിധ വകുപ്പുകൾ എകോപനത്തോടെ പ്രവർത്തനങ്ങൾ നടത്തുമെന്നും കൃത്യമായി വിലയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ബോഡിച്ചാള, വെള്ളമാരി ഊരിലും വിവിധ അംഗൻവാടികളും മന്ത്രി സന്ദർശിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.