സംസ്ഥാന തലത്തില്‍ കോള്‍ സെന്ററും ജില്ലകളിൽ ടെലി വെറ്റിനറി യൂണിറ്റുകളും തുടങ്ങും; മന്ത്രി ജെ.ചിഞ്ചു റാണി

എല്ലാത്തരം പക്ഷിമൃഗാദികളെയും ഉൾക്കൊള്ളാൻ കഴിയുന്ന ഫാമായി കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തെ മാറ്റാനാകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. പുതുതായി നിർമിച്ച കന്നുകാലി ഷെഡുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ആകെ 18.75 ഏക്കർ സ്ഥലമുള്ളതിൽ 11.53 ഏക്കറിൽ മാത്രമാണ് ഇപ്പോൾ പുൽക്കൃഷി നടക്കുന്നത്. മിച്ചമുള്ള സ്ഥലം കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കുന്നതിന് പ്രത്യേകം പദ്ധതികൾ നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചനകൾ നടക്കുന്നു. സംസ്ഥാനതലത്തിലോ ജില്ലാതലത്തിലോ പ്രത്യേക ടീമിനെ നിയോഗിച്ച് സർവേ നടത്തി ഇത്തരം സ്ഥലങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

മൃഗസംരക്ഷണ മേഖലയിൽ വലിയ മാറ്റങ്ങളാണ് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. എല്ലാ ജില്ലയിലും ഉടൻ ടെലി വെറ്റിനറി യൂണിറ്റുകൾ തുടങ്ങും. പശുക്കളുടെ എക്‌സ്‌റേ ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും വിടെയുണ്ടാകും. കൂടാതെ സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും മൊബൈൽ വെറ്റിനറി യൂണിറ്റ് ആരംഭിക്കുന്നതിനുളള തയാറെടുപ്പും നടക്കുന്നുണ്ട്.

രാത്രിയിലും ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനും വീടുകളിലെത്തി ചികിത്സ നൽകാനും ഇതു വഴി സാധിക്കും. രണ്ടു മാസത്തിനകം 29 ആംബുലൻസുകൾ പുറത്തിറക്കാനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു. കർഷകർക്ക് ഏതു സമയത്തും ബന്ധപ്പെടാനായി സംസ്ഥാന തലത്തിൽ കോൾ സെന്ററും തുറക്കും. കൂടുതൽ പാൽ തരുന്ന പശുക്കളെ കേരളത്തിൽ തന്നെ ഉൽപ്പാദിപ്പിക്കാൻ വേണ്ട പരീക്ഷണങ്ങൾ സംസ്ഥാന കന്നുകാലി വികസന ബോർഡ് നടത്തി വരുന്നുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.

24 പശുക്കൾക്കുള്ള ഷെഡും 50 ആടുകൾക്കുള്ള കൂടും 65 ലക്ഷം രൂപ ചെലവഴിച്ചാണ് കുടപ്പനക്കുന്ന് ഫാമിൽ പുതുതായി നിർമിച്ചത്.

ശാസ്ത്രീയമായ പശു പരിപാലനം, ആടുവളർത്തൽ എന്നീ വിഷയങ്ങളെ ആസ്പദമാക്കി കർഷക സെമിനാറും ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു. ചടങ്ങിൽ വി.കെ പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ജയചന്ദ്രൻ നായർ, വിവിധ രാഷ്ട്രിയ കക്ഷി നേതാക്കൾ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News