പശ്ചിമ ഘട്ട സംരക്ഷണം; നിലപാടുകളിൽ ഉറച്ച് കേരളം

പശ്ചിമ ഘട്ട സംരക്ഷണ അന്തിമ വിജ്ഞാപനം സംബന്ധിച്ച് നിലപാടുകളിൽ ഉറച്ച് കേരളം. നിലവിലെ കരടിൽ ഉൾപ്പെട്ട ഈ എസ് എയിൽ നിന്ന് 1337 ചതുരശ്ര കിലോമീറ്റർ പ്രദേശം കൂടി ഒഴിവാക്കണമെന്ന കേരളത്തിന്റെ നിലപാട് വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചു. മന്ത്രി തല യോഗത്തിൽ പങ്കെടുത്ത മന്ത്രി കെ എന്‍ ബാലഗോപാൽ ആണ് കേന്ദ്ര സർക്കാരിനെ നിലപാട് അറിയിച്ചത്.

പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളിൽ കൂടുതൽ ഇളവുകൾ വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭുപേന്ദർ യാദവുമായി നടന്ന യോഗത്തിൽ കേരള ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാൽ ആവർത്തിച്ചു.

കർശന നിയന്ത്രണങ്ങളുള്ള പരിസ്ഥിതി ലോല മേഖലയുടെ പരിധിയിൽനിന്ന് 1337 ചതുരശ്ര കിലോമീറ്റർ കൂടി ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് മന്ത്രി തല യോഗത്തിൽ ആവർത്തിച്ചത്.ഈ എസ് എയിൽ നിലനിർത്തി ഈ പ്രദേശങ്ങൾ നോൺ കോർ ആയി പ്രഖ്യാപിച്ച് കൂടുതൽ ഇളവ് നൽകാമെന്ന് കേന്ദ്രം പറഞ്ഞെങ്കിലും നോൺ കോർ ആയി തിരിക്കുന്നതിൽ ആശയ കുഴപ്പമുണ്ടെന്ന് കേരളം വ്യക്തമാക്കി.

വിശദമായ ചർച്ച നടന്നെന്നും കേരളത്തിന്റെ ആവശ്യങ്ങൾ മുന്നോട്ട് വച്ചെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാൽ പറഞ്ഞു.

നിലവിലെ കരട് വിജ്ഞാപനമനുസരിച്ച് സംസ്ഥാനത്തെ 123 വില്ലേജുകളാണ് പരിസ്ഥിതി ലോല പരിധിയിലുള്ളത്. ആവശ്യം അംഗീകരിച്ചാൽ നിർമാണങ്ങൾക്കും വ്യവസായങ്ങൾക്കും കർശന നിയന്ത്രണമുള്ള വില്ലേജുകളുടെ എണ്ണം 92 ആയി കുറയും.

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പരിധി 8656 ചതുരശ്ര കിലോമീറ്ററാവും.
തമിഴ്നാട്, കർണ്ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളും കൂടുതൽ പ്രദേശം ഈ എസ് എയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ മാസം 31 നകം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അന്തിമ വിജ്ഞാപനം ഇറക്കും. അതിന് മുന്നോടിയായി ഡിസംബർ 16 ന് കേരളത്തിലെ എം പി മാരുമായി ചർച്ച നടത്തുമെന്ന് കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ് അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here