പ്രശസ്ത ഗായകൻ തോപ്പിൽ ആന്റോ അന്തരിച്ചു

പ്രശസ്ത ഗായകൻ തോപ്പിൽ ആന്റോ അന്തരിച്ചു. 81 വയസ്സായിരുന്നു. കൊച്ചി ഇടപ്പള്ളിയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. ആയിരത്തിലേറെ നാടകഗാനങ്ങളും ഒരുപിടി മികച്ച സിനിമാഗാനങ്ങളും ആലപിച്ചു.

ഗാനമേളകളിലൂടെ ശ്രദ്ധേയനായ ആന്റോ നിരവധി സിനിമാ നാടക ഗാനങ്ങൾ പാടി. ചവിട്ടുനാടക കലാകാരനായ തോപ്പിൽ കുഞ്ഞാപ്പുവിന്റെയും ഏലിയാമ്മയുടെയും മൂന്ന് മക്കളിൽ രണ്ടാമനായി കൊച്ചിയിലെ ഇടപ്പള്ളിയിലാണ് ജനനം. 1956-57 കാലഘട്ടത്തിൽ ആന്റോ നാടക – പിന്നണി ഗാനരംഗത്തേക്കു കടന്നു.

ആദ്യകാലങ്ങളിൽ അമേച്വർ നാടകങ്ങളിൽ പിന്നണി ഗായകനായി തുടങ്ങി. പിന്നീട് പ്രൊഫഷണൽ നാടകരംഗത്തെ മികച്ചഗായകനായി പേരെടുത്തു. എൻ എൻ പിള്ളയുടെ നാഷണൽ തീയേറ്റേഴ്‌സ്, പിന്നീട് കോട്ടയം വിശ്വകേരളകലാസമിതി, കായംകുളം പീപ്പിൾസ് തീയേറ്റേഴ്‌സ്, കൊച്ചിൻ സംഗമിത്ര തുടങ്ങി അന്നത്തെ പ്രശസ്‌തമായ ഒട്ടുമിക്ക നാടകസമിതികളുടേയും പ്രിയപ്പെട്ട പിന്നണിഗായകനായിരുന്നു അദ്ദേഹം.

പിന്നിൽനിന്നു വിളിക്കും കുഞ്ഞാടുകൾ തൻ വിളികേൾക്കാതെ എങ്ങു പോണു എന്ന ഗാനമാണ് ആദ്യമായി സിനിമയ്ക്കു വേണ്ടി പാടിയത്. വീണപൂവ്, സ്നേഹം ഒരു പ്രവാഹം, അനുഭവങ്ങളേ നന്ദി തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ പാടി. ബാബുരാജ്, എം കെ അർജുനൻ, ദേവരാജൻ തുടങ്ങിയ പ്രതിഭകൾക്കൊപ്പം പാടി. ഹണീ ബീ 2ൽ ആണ് അവസാനം പാടിയത്. കാഞ്ഞൂർ കിഴക്കുംഭാഗം പൈനാടത്ത് കുടുംബാംഗം ട്രീസയാണു ഭാര്യ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News