ചരിത്രനേട്ടമാണിത്; അജാസ് പട്ടേലിന് അനുമോദനങ്ങൾ; എംഎ ബേബി

10 വിക്കറ്റ് ക്ലബ്ബിലെത്തിയ അജാസ് പട്ടേലിന് അനുമോദനം നേർന്ന് എംഎ ബേബി. ജിംലേക്കർ അനിൽ കുംബ്ലെ എന്നിവർക്കൊപ്പം 10 വിക്കറ്റ് ക്ലബ്ബിലെത്തിയ അജാസ് പട്ടേലിന്റെ നേട്ടം ചിത്രമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

എംഎ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പ്

ജിംലേക്കർ അനിൽകുംബ്ളെ എന്നിവർക്കൊപ്പം 10 വിക്കറ്റ് ക്ലബ്ബിലെത്തിയ അജാസ് പട്ടേലിന് അനുമോദനങ്ങൾ. ചരിത്രനേട്ടമാണിത്. മൂന്നുപേരും സ്പിന്നർമാരാണ്.ഇന്ത്യൻ വംശജനായ കീവിസ് താരം അജാസ് പട്ടേൽ ,
തന്റെ ജന്മ നഗരമായ മുംബെയിലെ വാങ്കെഡെ മൈതാനിയിലാണ് ഈ വിസ്മയനേട്ടം കൈവരിച്ചത് എന്ന സവിശേഷത ശ്രദ്ധേയമാണ്.

ടെസ്റ്റ് ക്രിക്കറ്റിലെ അസാധാരണ നേട്ടം അജാസ് പട്ടേൽ സ്വന്തമാക്കിയത് ജന്മനാട്ടിലെ സ്റ്റേഡിയത്തിലാണ്. 33 കാരനായ ഈ കീവീസ് സ്പിന്നറുടെ ജന്മസ്ഥലം മുംബൈയാണ്.

1956 ൽ ഇംഗ്ലീഷ് സ്പിന്നർ ജിം ലേക്കർ , 1999 ൽ ഇന്ത്യയുടെ അനിൽ കുംബ്ലെ, ഇപ്പോഴിതാ ന്യൂസിലണ്ടിന്റെ അജാസ് പട്ടേലും. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരിന്നിംഗ്സിൽ 10 വിക്കറ്റും സ്വന്തമാക്കുന്ന മൂന്നാമത്തെ ബൗളർ എന്ന ചരിത്രനേട്ടം ഇനി ഈ ഇന്ത്യൻ വംശജന് സ്വന്തം. പത്തിൽ പത്ത് എന്ന അതുല്യ നേട്ടം ജനിച്ച നഗരത്തിൽ ജന്മനാടിനെതിരെയാണെന്നത് അജാസിന്റെ പ്രകടനത്തിന്റെ മാറ്റ് കൂട്ടുന്നു.

1988 ഒക്ടോബർ 21 ന് യൂനുസ് പട്ടേലിന്റെയും ഷഹനാസ് പട്ടേലിന്റെയും മൂത്ത മകനായാണ് അജാസ് യൂനുസ് പട്ടേലിന്റെ ജനനം. അജാസിന് എട്ട് വയസുള്ളപ്പോഴാണ് കട ഉടമയായ പിതാവും അധ്യാപികയായ മാതാവും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബം മുംബൈയിൽ നിന്നും ന്യൂസിലണ്ടിലേക്ക് കുടിയേറിയത്.

2018 നവംബർ 16 ന് പാകിസ്താനെതിരെ ടെസ്റ്റിൽ അരങ്ങേറുമ്പോൾ അജാസിന് വയസ് 30.ശരാശരി പ്രകടനം പുറത്തെടുത്ത ഈ താരത്തിന് കീവീസ് ടെസ്റ്റ് ടീമിൽ സ്ഥിരം സ്ഥാനം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് അസാധ്യ ബൌളിംഗിലൂടെ ഈ അഞ്ചടി ആറിഞ്ചുകാരൻ തന്റേതാക്കി മാറ്റി.

47.5 ഓവർ എറിഞ്ഞ ഈ ഇടംകയ്യൻ സ്പിന്നർ 119 റൺസ് വഴങ്ങിയാണ് ഇന്ത്യയുടെ 10 വിക്കറ്റും പേരിലാക്കിയത്. ഭാര്യ മുംബൈക്കാരിയായ നിലോഫർ പട്ടേലാണ് കരിയറിൽ അജാസിന് മുഖ്യ പ്രചോദനം.

അസാധാരണ പ്രകടനത്തിലൂടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ 10 വിക്കറ്റ് ക്ലബ്ബിൽ മൂന്നാമനായി ഇടം നേടിയ ഇന്ത്യൻ വംശജൻ അജാസിന് ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്. ഇന്ത്യൻ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെ അടക്കമുള്ളവർ അജാസിന് അഭിനന്ദനങ്ങൾ നേർന്ന് രംഗത്തെത്തി. ജന്മനാട്ടിലെത്തി 10 ൽ പത്ത് നേട്ടം പേരിലാക്കിയ അജാസിന്റെ അദ്ഭുത പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ് ഇപ്പോൾ ആരാധകർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News