ADVERTISEMENT
കൊച്ചി ചെലവന്നൂരിലെ ഫ്ലാറ്റില്‍ അനധികൃത ചൂതാട്ട കേന്ദ്രം കണ്ടെത്തി. പൊലീസ് പരിശോധനയിലാണ് ചൂതാട്ട കേന്ദ്രം കണ്ടെത്തിയത്. ചൂതാട്ട കേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന ഫ്ലാറ്റിലെ താമസക്കാരന്‍ ടിപ് സണെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൂതാട്ട സാമഗ്രികളും പിടിച്ചെടുത്തു.
മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ളവരുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ സൈജു തങ്കച്ചന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. കൊച്ചിയിലെ വിവിധ ഫ്ലാറ്റുകളില്‍ ലഹരിപ്പാര്‍ട്ടി നടത്തിയിട്ടുണ്ടെന്നായിരുന്നു മൊഴി. സൈജുവിനെതിരെയും പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റ് 17 പേര്‍ക്കെതിരെയും മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് നേരത്തെ കേസെടുത്തിരുന്നു.
തുടര്‍ നടപടിയെന്ന നിലയിലാണ് എറണാകുളം സൗത്ത്,ചെലവന്നൂര്‍,മരട് എന്നിവിടങ്ങളിലെ ഫ്ലാറ്റുകളില്‍ പോലീസും നാര്‍ക്കോട്ടിക്ക് സെല്ലും ചേര്‍ന്ന് പരിശോധന നടത്തിയത്. ചെലവന്നൂരിലെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇവിടെ അനധികൃത ചൂതാട്ട കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തിയത്. ഇവിടെ ലക്ഷങ്ങളുടെ ചൂതാട്ടം നടന്നിരുന്നതായി പൊലീസ് പറഞ്ഞു.
ചൂതാട്ടസാമഗ്രികള്‍ പിടിച്ചെടുത്ത പൊലീസ് ഫ്ലാറ്റിലെ താമസക്കാരനായിരുന്ന ടിപ് സണെയും കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്തവ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ ചൂതാട്ട നിരോധന നിയമപ്രകാരം കേസെടുക്കുമെന്നും പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ അസിസ്റ്റന്‍റ് കമ്മീഷണര്‍ നിസാമുദ്ദീന്‍ പറഞ്ഞു. പതിനഞ്ചോളം ഫ്ലാറ്റുകളിലാണ് ഡോഗ് സ്ക്ക്വാഡിനെ ഉപയോഗിച്ച് പൊലീസ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് തീരുമാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.