സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല എസ്എൻഡിപി യോഗം സ്ഥാപിച്ചത്; മുഖ്യമന്ത്രി

സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല ഗുരുദേവ ദർശനം പഠിപ്പിക്കാനാണ് എസ് എൻ ഡി പി യോഗം സ്ഥാപിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കേന്ദ്ര മന്ത്രി വി മുരളീധരന് മറുപടിയായി എസ് എൻ ഡി പി യോഗവേദിയിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. വെള്ളാപ്പള്ളി നടേശൻ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി പദവിയിൽ 25 വർഷം പൂർത്തിയാക്കിയതിൻ്റെ ഭാഗമായ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവ്വഹിച്ചു.

സനാതന ധർമ്മം പ്രചരിപ്പിക്കാനാണ് ഗുരുദേവൻ എസ് എൻ ഡി പി യോഗം സ്ഥാപിച്ചത് എന്നായിരുന്നു ചടങ്ങിൽ പങ്കെടുത്ത കേന്ദ്ര മന്ത്രി വി മുരളീധരൻ്റെ പ്രസംഗം. നമ്പൂരി മുതൽ നായാടി വരെയുള്ളവരെ ഒരുമിച്ച് നിർത്താൻ വെള്ളാപ്പള്ളി ശ്രമിച്ചത് സനാതന ധർമ്മം സംരക്ഷിക്കാനായിരുന്നു എന്നും മുരളീധരൻ പറഞ്ഞു. ഇതിനുള്ള മറുപടി തുടർന്ന് നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തിൽ മുഖ്യമന്ത്രി നൽകി. മുരളീധരൻ പറഞ്ഞ സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല ഗുരുദേവ ദർശനം ജനങ്ങളിലേക്ക് എത്തിക്കാനാണ് യോഗം സ്ഥാപിച്ചത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി

അതേസമയം, കേരളം ലോകത്തിന് നൽകിയ അതുല്യ സംഭാവനയാണ് നാരായണ ഗുരുവിൻ്റെ
ദർശനങ്ങളെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

മതനിരപേക്ഷ സമൂഹമായി കേരളത്തെ നിലനിർത്താൻ യോഗ നേതൃത്വം ശ്രമിക്കണമെന്നും അതിന്
വെള്ളാപ്പള്ളി നടേശൻ നേതൃത്വം നൽകണമെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കേന്ദ്ര മന്ത്രി വി മുരളീധരൻ, മന്ത്രിമാരായ പി പ്രസാദ് ,വി എൻ വാസവൻ , തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി വൻ ജനക്ഷേമ പദ്ധതികൾ നടപ്പാക്കുമെന്ന് എസ് എൻ ഡി പി യോഗം പ്രഖ്യാപിച്ചിട്ടുണ്ട്. കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനെ ഉൾപ്പെടെ ക്ഷണിച്ചിരുന്നുവെങ്കിലും കോൺഗ്രസ് നേതാക്കൾ ആരും ചടങ്ങിന് എത്തിയില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News