മരക്കാറിനെ സ്വീകരിച്ച കുടുംബ പ്രേക്ഷകർക്ക് നന്ദി; വ്യാജ പതിപ്പുകൾ കാണരുതെന്ന് മോഹൻലാൽ

മരക്കാറിനെ ഇരു കയ്യും നീട്ടി സ്വീകരിച്ച പ്രക്ഷകർക്ക് നന്ദി അറിയിച്ച് മോഹൻലാൽ. വിജയം നാടിനെ സ്നേഹിക്കുന്നവരുടെയും അതിന്റെ വിജയത്തിൽ അഭിമാനം കൊള്ളുന്നുവരുടേയുമാണ്.

രാജ്യ അതിർത്തി കടന്ന് ഒരു ചിത്രം നിരവധി പേരിലേക്ക് എത്തിക്കുക എന്നത് വലിയ പ്രയത്നത്തിന്റെ ഫലമാണ്. അത് തന്നെയാണ് ഈ വിജയം എന്നും മോഹൻലാൽ ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു.

മരക്കാർ സിനിമയുടെ വിജയത്തിലുള്ള സന്തോഷവും പ്രേക്ഷകരോടുള്ള നന്ദിയുമാണ് ലൈവിൽ മോഹൻലാൽ പങ്കുവച്ചത്.‘നമ്മളെല്ലാവരും സ്വാതന്ത്ര്യത്തോടെ സമാധാനത്തോടെ ഇന്ന് ജീവിക്കുന്നതിന്റെ പിന്നിൽ ജീവത്യാഗം ചെയ്ത അനേകം മനുഷ്യരുണ്ട് എന്ന ചരിത്രത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം. മരക്കാർ സിനിമയുടെ വിജയം ദേശസ്‌നേഹത്തിന്റെ വിജയം കൂടിയാണ്,’ അദ്ദേഹം പറഞ്ഞു.

ചിത്രത്തിന് നൽകിക്കൊണ്ടിരിക്കുന്ന സ്‌നേഹവും സഹകരണവും ഇനിയും ഉണ്ടാകണമെന്നും ചിത്രത്തിന്റെ വ്യാജ പതിപ്പ് ആരും കാണുകയോ പ്രചരിപ്പിക്കുകയും ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.കൊവിഡിന് ശേഷം സിനിമാ വ്യവസായത്തെ തകർക്കുന്ന ഇത്തരം വ്യാജപതിപ്പുകൾക്കെതിരെ പ്രേക്ഷകരും അണിചേരണമെന്നും സിനിമാ വ്യവസായം ഒട്ടേറെ കുടുംബങ്ങളുടെ ആശ്രയമാണെന്നും കൂട്ടിച്ചേർത്തു.

ഡിസംബർ 2ന് പുറത്തിറങ്ങിയ മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തിയേറ്ററിൽ നിന്നും മൊബൈൽ ഫോണിൽ ചിത്രീകരിച്ച രീതിയിലുള്ള അവ്യക്തമായ രംഗങ്ങളാണ് പ്രചരിച്ചത്.

മോഹൻലാലിന്റെയും മറ്റ് താരങ്ങളുടെയും സിനിമയിലെ ആമുഖ രംഗങ്ങളും ഇത്തരത്തിൽ ചോർന്നിരുന്നു. ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിച്ചതിന് പിന്നാലെ അണിയറ പ്രവർത്തകർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഫാൻ ഫൈറ്റിന് വേണ്ടിയുള്ള തമാശയ്ക്കായാണ് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതെന്ന് കേസിൽ അറസ്റ്റിലായ നസീഫ് പറഞ്ഞിരുന്നു.സംഭവത്തിൽ മോഹൻലാലിനോടും നിർമാതാവ് ആന്റണി പെരുമ്പാവൂരിനോടും ആരാധകരോടും മാപ്പ് ചോദിക്കുന്നതായും നസീഫ് പറഞ്ഞു. ടെലിഗ്രാമിലൂടെ ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതിനായിരുന്നു നസീഫ് അറസ്റ്റിലായത്.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മോഹൻലാൽ നെടുമുടി വേണു, മഞ്ജു വാര്യർ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, മുകേഷ്, സുനിൽ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News