
ഉത്തര്‍പ്രദേശില്‍ യുവാക്കളെ തല്ലിച്ചതച്ച് പോലീസ്. തൊഴില്‍ രഹിതരായ യുവാക്കളുടെ സമരത്തിന് നേരെയാണ് പൊലീസിന്റെ ക്രൂര മര്‍ദ്ദനം. യോഗി ആദിത്യ നാഥിന്റെ പോലീസ് നടപടി ബിജെപി എംപി വരുണ്‍ ഗാന്ധി ട്വിറ്ററില്‍ പങ്ക് വെച്ചു.
യുപിയില്‍ 69,000 അസി. ടീച്ചര്‍മാരെ നിയമിക്കാനായി 2019ല്‍ നടത്തിയ പരീക്ഷയുമായി ബന്ധപ്പെട്ട് വന്‍ ക്രമക്കേട് ആരോപിച്ചതാണ് യുവാക്കള്‍ തെരുവില്‍ പ്രതിഷേധിക്കുന്നത്. മധ്യലക്നൗവില്‍നിന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലേക്കു മാര്‍ച്ച് നടത്തുന്നതിനിടെയായിരുന്നു പൊലീസിന്റെ ക്രൂരമര്‍ദനം. മാര്‍ച്ച് നടത്തിയ യുവാക്കളെ യുപി പൊലീസ് ഓടിച്ചിട്ട് തല്ലിച്ചതയ്ക്കുന്നതിന്റ വിഡിയോ ഉള്‍പ്പെടെ പങ്കുവച്ചാണ് വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.
ആവശ്യത്തിന് ഒഴിവുകളും യോഗ്യരായ ആളുകളും ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് നിയമനം നടത്താത്തതെന്ന് പിലിബിത്തില്‍നിന്നുള്ള എംപിയായ വരുണ്‍ ചോദിച്ചു. പ്രതിഷേധക്കാരും ഇന്ത്യക്കാരാണെന്നും അവരെ കേള്‍ക്കാന്‍ ആരും തയാറാകുന്നില്ലെന്നും വരുണ്‍ കുറ്റപ്പെടുത്തി. അധികൃതരുടെ മക്കള്‍ ആരെങ്കിലും പ്രതിഷേധത്തിന്റെ ഭാഗമായിരുന്നെങ്കില്‍ ഇത്തരത്തില്‍ തല്ലിച്ചതയ്ക്കുമായിരുന്നോ എന്ന് വരുണ്‍ ഗാന്ധി ചോദിച്ചു.
സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ പൊലീസ് നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കര്‍ഷക സമരത്തിലും കേന്ദ്ര സര്‍ക്കാരിനെ ബിജെപി എംപി ആയ വരുണ്‍ ഗാന്ധി പ്രതിരോധത്തില്‍ ആക്കിയിരുന്നു. ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ബിജെപി സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് വരുണ്‍ ഗാന്ധി നടത്തിയ അഭിപ്രായ പ്രകടനം വലിയ തലവേദനയാണ് ബിജെപി ദേശീയ നേതൃത്വത്തിന് സൃഷ്ടിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here