നാഗാലാന്‍റ് വെടിവെപ്പ് സംഭവം; പാര്‍ലമെന്‍റിൽ പ്രതിപക്ഷ ബഹളം

നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ട വിഷയം ലോക്സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം . ജനങ്ങളെ വെടിവെച്ച് കൊന്നത് രാജ്യത്തെ ഞെട്ടിച്ച സംഭവമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

സഭയുടെ തുടക്കത്തില്‍ തന്നെ പ്രസ്താവന വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി സഭയിൽ പ്രസ്താവന നടത്തുമെന്ന് പാർലമെന്‍ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു. പ്രതിപക്ഷ ബഹളത്തില്‍ രാജ്യസഭ 12 മണിവരെ നിര്‍ത്തിവെച്ചിരുന്നു.

വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് ഗ്രാമീണര്‍ക്ക് നേരെ സൈന്യം കഴിഞ്ഞ രാത്രി നടത്തിയ ആക്രമണത്തില്‍ 12 നാട്ടുകാരും ഒരു ജവാനും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ മേഖലയിലെ പല പ്രദേശങ്ങളിലും പ്രതിഷേധം അക്രമാസക്തമായിരിക്കുകയാണ്.

കടകള്‍ തീയിട്ട് നശിപ്പിച്ചു. സമാധാനം പാലിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നും നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ വ്യക്തമാക്കി. ഖേദം രേഖപ്പെടുത്തിയ സൈന്യം അന്വേഷണം നടത്തുമെന്ന് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here