ചെടികള്‍ നട്ടുവളര്‍ത്തി അവയില്‍ നിന്നുള്ള വരുമാനത്താല്‍ കുടുംബം പുലര്‍ത്താന്‍ വക കണ്ടെത്തുകയാണ് ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചിറ്റാരിക്കാല്‍ തവളക്കുണ്ട് സ്വദേശിയായ സരയു സന്തോഷ് എന്ന വിദ്യാര്‍ഥിനി. ലോക്ഡൗണ്‍ കാലത്ത് 90ലധികം വ്യത്യസ്തങ്ങളായ പത്തു മണിപ്പൂക്കള്‍ വിരിയിച്ചെടുത്ത ഈ കൊച്ചുമിടുക്കി ഇപ്പോള്‍ 400ലധികം ഇനത്തിലുള്ള വൈവിധ്യങ്ങളായ ചെടികളാണ് തന്റെ വീട്ടുമുറ്റത്ത് വില്‍പ്പനയ്ക്കായി ഒരുക്കിയിട്ടുള്ളത്.
ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ഥിനിയായ സരയു കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് ഒരു കൗതുകമെന്ന നിലയില്‍ പൂക്കള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. ആദ്യം പത്തുമണിപ്പൂക്കളായിരുന്നു പരിപാലിച്ചത്. തെക്കന്‍ ജില്ലകളില്‍ നിന്നാണു വിത്തുകളും തൈകളുമെല്ലാം എത്തിച്ചത്. നവമാധ്യമങ്ങളില്‍ സരയുവിന്റെ ചെടികളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചതോടെ ഇതര ജില്ലകളില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ ചെടികള്‍ വാങ്ങാനെത്തിത്തുടങ്ങി.
ഇതോടെ ഇവരുടെ കുടുംബത്തിന് ഇതു വരുമാനമാര്‍ഗമാവുകയായിരുന്നു. തൊഴില്‍ പ്രതിസന്ധി നേരിടുന്ന അച്ഛനെ സഹായിക്കാനും ഞങ്ങളുടെ പുതിയ വീടിന്റെ ലോണ്‍ അടയ്ക്കാനും എന്റെ വരുമാനം കൊണ്ട് കഴിയുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഈ ഒമ്പതാം ക്ലാസുകാരി പറയുന്നു
ചെടികളുടെ പരിപാലനവും വളപ്രയോഗവും വില്‍പ്പനയുമെല്ലാം സ്വന്തമായിത്തന്നെയാണ് സരയു പഠിച്ചെടുത്തത്. ഇപ്പോള്‍ 20 രൂപ മുതല്‍ 500 രൂപ വരെയുള്ള വ്യത്യസ്തമായ ചെടികള്‍ ശേഖരത്തിലുണ്ട്. വിദേശിയും സ്വദേശിയുമായ പൂക്കളും ഇവയിലുള്‍പ്പെടും. സരയൂവിന്റെ അധ്യാപകരും പൂര്‍ണ പിന്തുണയുമായി ഇവര്‍ക്കൊപ്പമുണ്ട്. ഇതിനിടെ കെഎസ്എഫ്ഇയില്‍ നിന്ന് ഇവരുടെ കുടുംബം 8 ലക്ഷം രൂപ വായ്പയെടുത്ത് സ്വന്തമായി വീടു വാങ്ങിയിരുന്നു.
15000 രൂപയുടെ പ്രതിമാസ വായ്പാ ഗഡുവും കഴിഞ്ഞ 4 മാസമായി സരയു തന്നെയാണ് ഈ വരുമാനത്തിലൂടെ അടച്ചുകൊണ്ടിരിക്കുന്നത്. പഠനരംഗത്തും കലാരംഗത്തും കഴിവു തെളിയിച്ച ഈ പെണ്‍കുട്ടി തവളക്കുണ്ടിലെ കോളങ്ങട സന്തോഷിന്റേയും സിന്ധുവിന്റേയും മകളാണ്. ചെടികളെക്കുറിച്ചുള്ള അറിവുകള്‍ പങ്കുവയ്ക്കാന്‍ സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങാനുള്ള ശ്രമത്തിലാണ് സരയു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.