1992 ഡിസംബര്‍ ആറ് അയോധ്യയില്‍നിന്നു റിപ്പോര്‍ട്ട് ചെയ്തതിന്റെ ഓര്‍മ്മകള്‍ പങ്ക് വെച്ച് ജോൺ ബ്രിട്ടാസ് എം പി

ഇന്ന് ബാബറി മസ്ജിദ് ദിനം. 1992 ഡിസംബര്‍ ആറ് അയോധ്യയില്‍നിന്നു റിപ്പോര്‍ട്ട് ചെയ്തതിന്റെ ഓര്‍മ്മകള്‍ ജോണ്‍ ബ്രിട്ടാസ് എം പി പങ്കുവയ്ക്കുന്നു..

ബാബ്‌റി മസ്ജിദ് അവസാനം കാണാന്‍ ഭാഗ്യം സിദ്ധിച്ച മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് ഞാന്‍.അന്ന് ദേശാഭിമാനിക്കുവേണ്ടി എഴുതിയ വാര്‍ത്താശകലങ്ങള്‍ക്ക് പ്രവചനങ്ങളുടെ സ്വഭാവമാണ് ഉണ്ടായത്. ഡിസംബറിന്റെ കൊടുംതണുപ്പില്‍ മൂടല്‍മഞ്ഞിനെ വകഞ്ഞുമാറ്റി ഞങ്ങളുടെ വെളുത്ത അംബാസഡര്‍ ഫൈസാബാദില്‍നിന്ന് അയോധ്യയിലേക്ക് തിരിച്ചപ്പോള്‍ അത് ‘മതനിരപേക്ഷഭാരതത്തിന്റെ ചരമക്കുറിപ്പെഴുതാനായിരുന്നു എന്നു ഞങ്ങളാരും നിനച്ചിരുന്നില്ല…’. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിരീക്ഷിക്കുമ്പോള്‍ അന്ന് കോറിയ വരികള്‍ അക്ഷരംപ്രതി ശരിയായിരുന്നു. മസ്ജിദിന്റെ ധൂളികള്‍ കോറിയിട്ട വരകളിലൂടെയാണ് പില്‍ക്കാല ഇന്ത്യന്‍ രാഷ്ട്രീയം ചലിച്ചത്.

വാര്‍ത്താ മുഹൂര്‍ത്തങ്ങള്‍ ചരിത്രത്തിന്റെ ഗതിയെമാത്രമല്ല, ഒരു മാധ്യമപ്രവര്‍ത്തകന്റെ രൂപീകരണത്തെയും സ്വാധീനിക്കുന്നു.മൂന്നുപതിറ്റാണ്ടുകാലത്തെ മാധ്യമപ്രവര്‍ത്തനപരിചയം വിശകലനം ചെയ്യുമ്പോള്‍ മനസ്സിലേക്ക് എത്തിനോക്കുന്ന എണ്ണമറ്റ വാര്‍ത്താമുഹൂര്‍ത്തങ്ങളുണ്ട്. ഞാനെന്ന മാധ്യമപ്രവര്‍ത്തകന്റെ ചിന്തയെയും നിലപാടുകളെയും കാഴ്ചപ്പാടുകളെയും നിര്‍ണയിക്കുന്നതില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്ക് ചില്ലറയല്ലാത്ത സ്വാധീനമുണ്ട്.

ബൊഫോഴ്‌സ് കുംഭകോണം, ബാബ്‌റി മസ്ജിദ് തകര്‍ച്ച, എണ്ണമറ്റ വര്‍ഗീയകലാപങ്ങള്‍, ഗുജറാത്തിലെ ഭൂകമ്പം, ഗുജറാത്തിലെ മുസ്‌ളിം കൂട്ടക്കുരുതി, ഇറാഖ് യുദ്ധം എന്നിങ്ങനെ ഒട്ടേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞത് വലിയതോതില്‍ എന്റെ ചിന്താപഥത്തെ നിര്‍ണയിച്ചിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ചില വാര്‍ത്താവിസ്‌ഫോടനങ്ങളുടെ ബാക്കിപത്രം മനസ്സില്‍ ചെറിയ വിങ്ങലോടെ പച്ചപിടിച്ച് കിടപ്പുണ്ട്. മറക്കാനാഗ്രഹിക്കുന്ന ഈ പ്രതലങ്ങള്‍ പലപ്പോഴും കാലികരാഷ്ട്രീയത്തില്‍ തെളിഞ്ഞുവരാറുണ്ട്. അതിലെ ഏറ്റവും പ്രധാനപ്പെട്ടത് 1992 ഡിസംബര്‍ ആറ് എന്ന കറുത്തദിനമാണ്.

500 വര്‍ഷം പഴക്കമുള്ള ബാബ്‌റി മസ്ജിദിന്റെ തകര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാന്‍ ഡല്‍ഹിയില്‍നിന്ന് വണ്ടികയറിയതുമുതലുള്ള ഓരോ രംഗവും ഒരുനിമിഷംകൊണ്ട് എനിക്ക് ഓര്‍ത്തെടുക്കാനാകും. ഡിസംബര്‍ ആറിന്റെ തണുത്തുറഞ്ഞ പ്രഭാതത്തില്‍ വെള്ളകീറുന്നതിനുമുമ്പ് ഫൈസാബാദിലെ ഹോട്ടലില്‍നിന്ന് ഞങ്ങള്‍ ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകര്‍ അയോധ്യയിലേക്ക് യാത്ര ആരംഭിച്ചു.

അഞ്ചു കിലോമീറ്റര്‍മാത്രമേ ദൂരമുള്ളൂവെങ്കിലും അംബാസഡര്‍ കാറിനുള്ളില്‍ ഞെരുങ്ങിയിരുന്ന് നിശബ്ദതയുടെ ആഴങ്ങളില്‍ ഓരോരുത്തരും നീണ്ട അനുമാനങ്ങള്‍ നടത്തിയിട്ടുണ്ടാകും. വെങ്കിടേഷ് രാമകൃഷ്ണന്‍, എം കെ അജിത്കുമാര്‍, ഇ എസ് സുഭാഷ്, പി ആര്‍ രമേഷ്, മുരളീധര്‍ റെഡ്ഡി എന്നിങ്ങനെ ഒരുപിടി പേരുകള്‍ മനസ്സിലേക്ക് വരുന്നു.

ബാബ്‌റി മസ്ജിദിന് തൊട്ട് എതിരെയുള്ള മാനസ്ഭവന്റെ പടവുകള്‍ ചവിട്ടി ടെറസ്സിലേക്ക് പോകുമ്പോള്‍ അന്തരീക്ഷം ‘ജയ് സിയറാം’ വിളികളാല്‍ മുഖരിതമായിരുന്നു.

കാവിത്തുണികളും ഷാളുകളും തലപ്പാവുകളും ത്രിശൂലങ്ങളും വിറ്റുകൊണ്ടിരുന്ന ഒരുകൂട്ടംപേരെ വകഞ്ഞുമാറ്റിയാണ് ഞങ്ങള്‍ ടെറസ്സിലെത്തിയത്. മസ്ജിദിന്റെ ഒരു വിളിപ്പാടകലെ പൊലീസ് ബന്തവസ്സില്‍ പുറത്ത് ബിജെപിയുടെയും സംഘപരിവാറിന്റെയും മുതിര്‍ന്ന നേതാക്കള്‍ തങ്ങിയിരുന്നു.

എല്‍ കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി, അശോക് സിംഗാള്‍ എന്നിവരും ഇപ്പോഴത്തെ യുപി മുഖ്യമന്ത്രി ആദിത്യനാഥും അദ്ദേഹത്തിന്റെ ഗുരു മഹന്ത് അവൈദ്യനാഥുമൊക്കെ പ്രസരിപ്പോടെ കര്‍സേവകര്‍ക്കിടയില്‍ തല ഉയര്‍ത്തിപ്പിടിച്ച് നില്‍പ്പുണ്ട്.

ഇടയ്ക്കിടയ്ക്ക് ഇവര്‍ ഉച്ചഭാഷിണിയിലൂടെ മസ്ജിദിന് ചുറ്റും തടിച്ചുകൂടിയിരുന്ന കര്‍സേവകരെ പ്രകോപനപരമായി അഭിസംബോധന ചെയ്യുന്നുണ്ടായിരുന്നു. മന്ത്രോച്ചാരണങ്ങളും കൊലവിളികളും ഇഴകോര്‍ത്തുനിന്ന അന്നത്തെ അന്തരീക്ഷം മനസ്സില്‍നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല.

പ്രകോപനങ്ങളുടെ കുത്തൊഴുക്കും ഉച്ചസ്ഥായിയിലുള്ള വെല്ലുവിളികളും ഉയര്‍ന്നിരുന്നെങ്കിലും ജനാധിപത്യ മതേതര ഇന്ത്യക്ക് ഇതൊക്കെ പ്രതിരോധിക്കാനുള്ള കരുത്തുണ്ടാകുമെന്നാണ് വിചാരിച്ചിരുന്നത്. എന്നാല്‍, സൂര്യന്‍ ഞങ്ങളുടെ ഉച്ചിക്കുമുകളില്‍ എത്തിയതോടെ അന്തരീക്ഷം കലങ്ങിമറിഞ്ഞു.

ഞങ്ങളെയാകെ സ്തംബ്ധരാക്കിക്കൊണ്ട് എവിടെനിന്നോ നൂറുകണക്കിന് കര്‍സേവകര്‍ കപ്പിയും കയറും ഉപയോഗിച്ച് മസ്ജിദിന്റെ താഴികക്കുടങ്ങളിലേക്ക് ഇരച്ചുകയറി. അന്തരീക്ഷത്തില്‍ പൊടിപടലങ്ങളും ആക്രോശങ്ങളും ഉയര്‍ന്നു. ഒന്ന് പാളിനോക്കിയപ്പോള്‍ ആഘോഷത്തിമിര്‍പ്പിലായ നേതാക്കളുടെ മുഖം വ്യക്തമായും കാണാന്‍ കഴിയുമായിരുന്നു.

മുരളീമനോഹര്‍ ജോഷിയുടെ തോളില്‍ അമര്‍ന്നുകിടന്ന് ‘ഒരു തട്ടുകൂടി കൊടുക്കൂ’ എന്ന് വിളിച്ചുപറയുന്ന ഉമാഭാരതിയുടെ ചിത്രം മറക്കുന്നതെങ്ങിനെ. അവിശ്വസനീയമായിരുന്നു രംഗം. മിനിറ്റുകള്‍ക്കുള്ളില്‍ ആ പുരാതന മസ്ജിദ് ധൂളികളായി അന്തരീക്ഷത്തില്‍ ലയിച്ചു.

വിശ്വസിക്കാനാകാതെ കണ്ണ് തിരുമ്മി തുറന്ന ഞങ്ങള്‍ മറ്റൊരു അപകടംകൂടി അഭിമുഖീകരിക്കാന്‍ പോവുകയായിരുന്നു. എവിടെയോ തയ്യാറാക്കിയ തിരക്കഥപോലെ പത്രക്കാര്‍ക്കെതിരെയുള്ള വേട്ട ആരംഭിച്ചു. കുറുവടി ഏന്തിവന്ന ഒരുപറ്റം കര്‍സേവകര്‍ മാധ്യമപ്രവര്‍ത്തകരെ തലങ്ങും വിലങ്ങും മര്‍ദിച്ചു. ബാലന്‍ എന്ന പേര് സ്വീകരിക്കാന്‍ എനിക്ക് നിമിഷങ്ങളേ വേണ്ടിയിരുന്നുള്ളൂ.

മാനസ്ഭവന്റെ ടെറസ്സില്‍ കുടുങ്ങിയ ഞങ്ങള്‍ എങ്ങനെ രക്ഷപ്പെടും? എന്റെ എളിയ ബുദ്ധിയില്‍ വിരിഞ്ഞ ഒരാശയം ഞങ്ങള്‍ക്ക് സുരക്ഷാ ഇടനാഴി തീര്‍ക്കാന്‍ സഹായിച്ചു. വില്‍പ്പനയ്ക്ക് വച്ചിരുന്ന കാവിത്തുണി വാങ്ങി പലകഷണങ്ങളാക്കി ഞങ്ങള്‍ ഓരോരുത്തരും തലയില്‍ കെട്ടി. അപ്പോഴേക്കും വില്‍പ്പനക്കാര്‍ തുണിയുടെ വില പതിന്മടങ്ങായി ഉയര്‍ത്തിയിരുന്നു.

ജീവന്റെ മുമ്പില്‍ ഇതൊക്കെ നിസ്സാരമായിരുന്നതുകൊണ്ട് ചോദിച്ച പണം കൊടുത്ത് തുണി വാങ്ങി കെട്ടി. കാവിയുടെ ആവരണത്തില്‍ കര്‍സേവകരായി രൂപാന്തരം പ്രാപിച്ച ഞങ്ങള്‍ ‘ജയ് സിയറാം’ എന്ന് വിളിച്ച് പടിയിറങ്ങി. ഒരുവിധത്തില്‍ സുരക്ഷിതമായ ഭൂമികയിലേക്ക്˜ഞങ്ങള്‍ പലായനം ചെയ്തു.

മസ്ജിദ് തകര്‍ത്തതിന്റെ പിറ്റേന്ന് ഞങ്ങള്‍ അയോധ്യ സന്ദര്‍ശിച്ചു. അപ്പോഴേക്കും കോലാഹലങ്ങളെല്ലാം കെട്ടടങ്ങിയിരുന്നു. ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിനെ പിരിച്ചുവിട്ടതുകൊണ്ട് കേന്ദ്രഭരണത്തിന്റെ തണലിലായി ഈ ഭൂമികയും. കൊടുംചതിയുടെ കഥകള്‍ വിളിച്ചുപറഞ്ഞ് സരയു നദി ഒഴുകിക്കൊണ്ടേയിരുന്നു.

ബാബ്‌റി പള്ളി നിലനിന്ന സ്ഥാനത്ത് ടാര്‍പോളിന്‍ കെട്ടിയ ടെന്റിനുള്ളില്‍ അമ്പലം തീര്‍ത്തുകഴിഞ്ഞിരുന്നു. തലേന്ന് ചരിത്രമന്ദിരം പൊളിക്കുമ്പോള്‍പ്പോലും നിഷ്‌ക്രിയരായി കടലകൊറിച്ച് സരയു നദിക്കരയില്‍ കഴിഞ്ഞിരുന്ന കേന്ദ്ര സേനാംഗങ്ങള്‍ താല്‍ക്കാലിക ക്ഷേത്രത്തിന് കാവല്‍ നില്‍ക്കുന്നതിന്റെ വിരോധാഭാസം തിരിച്ചറിയാതിരുന്നില്ല.

ബാബ്‌റി പള്ളി തകര്‍ക്കുമ്പോള്‍ എന്തുകൊണ്ടാണ് കേന്ദ്രത്തിലെ നരസിംഹറാവു സര്‍ക്കാര്‍ നിശബ്ദത പാലിച്ചത്? നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹം പൂജാമുറിയിലായിരുന്നു എന്ന് പിന്നീട് സ്ഥിരീകരിക്കുകയുണ്ടായി. അയോധ്യയിലുയര്‍ന്ന ഭ്രാന്തന്‍ മന്ത്രോച്ചാരണങ്ങള്‍ക്ക് ശക്തിപകരാന്‍ റാവു ധ്യാനമഗ്‌നനായിട്ടാണോ പൂജാമുറിയില്‍ നിമിഷങ്ങള്‍ തള്ളിനീക്കിയത്?

കാല്‍നൂറ്റാണ്ട് കഴിഞ്ഞെങ്കിലും അയോധ്യയില്‍ നടന്ന സംഭവവികാസങ്ങള്‍ എന്റെ മനസ്സിനെ ഇന്നും കൊളുത്തിവലിക്കാറുണ്ട്. അന്ന് തുടങ്ങിയ മലക്കംമറിച്ചിലുകളാണ് ഇന്ത്യയെ ഇന്നത്തെ സ്ഥിതിയില്‍ എത്തിച്ചിരിക്കുന്നത്. അയോധ്യയുമായുള്ള എന്റെ സംസര്‍ഗത്തിന് മൂന്നു മദശാബ്ദത്തിനപ്പുറം പഴക്കമുണ്ട്.

1989ല്‍ ശിലാന്യാസ് റിപ്പോര്‍ട്ട് ചെയ്യാനാണ് ഞാനാദ്യം അയോധ്യയില്‍ എത്തിയത്. ഉത്തരേന്ത്യയുമായി പൊരുത്തപ്പെട്ടുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഡല്‍ഹിയില്‍നിന്ന് തീവണ്ടിയുടെ ജനറല്‍ കംപാര്‍ട്‌മെന്റില്‍ ലഖ്‌നൌവരെ. അവിടെനിന്ന് യുപി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ തുരുമ്പിച്ച ബസില്‍ ഫൈസാബാദിലേക്ക്. പുരാണങ്ങളിലും പുസ്തകങ്ങളിലും വായിച്ചറിഞ്ഞ അയോധ്യയായിരുന്നില്ല എന്റെ മുമ്പില്‍.

ഇന്ത്യന്‍ രാഷ്ട്രീയത്തെ ഗ്രസിക്കാന്‍ പോകുന്ന വന്‍വിപത്തിന്റെ വാതായനമായിട്ടാണ് എനിക്കന്നുതന്നെ അയോധ്യ അനുഭവപ്പെട്ടത്. ഭക്തിമന്ത്രങ്ങള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന രക്തച്ചുവ അന്നേ എന്റെ നാവില്‍ കയ്പായി അനുഭവപ്പെട്ടിരുന്നു. ശിലാന്യാസില്‍ തുടങ്ങി മൂന്നുവര്‍ഷത്തിനുള്ളില്‍ മസ്ജിദിനെ കീഴ്‌പെടുത്തി അധികാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും കാവിക്കൊടി പാറിച്ചതോടെ, ഇന്ത്യന്‍ രാഷ്ട്രീയം പതുക്കെ തമോഗര്‍ത്തത്തിലേക്ക് പതിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here