മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബിന്റെ ‘തള്ള്’ ഇവിടെ വിലപ്പോകില്ല; പൊളിച്ചടുക്കി പന്ത്രണ്ടാം ക്ലാസുകാരന്‍

അശാസ്ത്രീയ പ്രചരണം നടത്തിയ മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബിനെ തിരുത്തി പ്ലസ്ടു വിദ്യാര്‍ഥി. കൊല്ലം കാരംകോട്ടെ വിമല സെന്‍ട്രല്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി അഭിരാം അരുണ്‍ ആണ് അലക്സാണ്ടര്‍ ജേക്കബിനെ തിരുത്തി രംഗത്തെത്തിയത്.

അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ വൃത്താകൃതിയില്‍ ഒരു ഹോസ്റ്റല്‍ നിര്‍മിച്ചെന്നും അവിടെ നടത്തിയ ഒരു പരീക്ഷണത്തില്‍ കിഴക്ക് ദിശയിലേക്ക് നോക്കിയിരുന്ന് പഠിച്ച വിദ്യാര്‍ഥികള്‍ക്ക്, മറ്റു ദിശകളിലേക്ക് നോക്കി പഠിച്ച വിദ്യാര്‍ഥികളെക്കാള്‍ മാര്‍ക്ക് ലഭിച്ചെന്നുമായിരുന്നു അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞത്.

അതിനുശേഷം മറ്റുദിശകളിലേക്ക് അഭിമുഖീകരിക്കുന്ന എല്ലാ കെട്ടിടങ്ങളും ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പൊളിച്ചുകളഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവനയുടെ സത്യാവസ്ഥയാണ് ഇപ്പോള്‍ അരുണ്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. മുന്‍പും ശാസ്ത്രവിരുദ്ധവും യുക്തിക്ക് നിരക്കാത്തതുമായ വാദങ്ങള്‍ പ്രചരിപ്പിച്ച് വിവാദം സൃഷ്ടിച്ചയാളാണ് അലക്സാണ്ടര്‍ ജേക്കബ്.

അഭിരാമും സുഹൃത്തായ ഉസ്മാന്‍ അഹമ്മദും ചേര്‍ന്ന് പല വിധത്തില്‍ മുന്‍ ഡിജിപി പറഞ്ഞതിന്റെ യാഥാര്‍ത്ഥ്യം അന്വേഷിച്ചു. ഗൂഗിളിലും ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിലും തെരഞ്ഞു. സ്‌കൂളിലെ ഒരു അധ്യാപികയോട് ചോദിച്ചപ്പോള്‍, ഇത്രവലിയ സ്ഥാനത്തിരുന്ന ഒരു വ്യക്തി പൊതുവേദിയില്‍ വെറുതെ ഒരു കഥ പറയില്ലെന്നായിരുന്നു മറുപടി.

എന്നിട്ടും സംശയം ബാക്കിയായി. ഒടുവില്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയുടെ ചരിത്ര വിഭാഗത്തിന്റെ ഇമെയില്‍ അഡ്രസ് സംഘടിപ്പിച്ച് അവര്‍ക്ക് കത്തയച്ചു. മുന്‍ ഡിജിപി പറഞ്ഞതില്‍ എന്തെങ്കിലും വസ്തുത ഉണ്ടോ എന്നാണ് അന്വേഷിച്ചത്. പിറ്റേദിവസം തന്നെ ഹാര്‍വാര്‍ഡില്‍ നിന്ന് അഭിരാമിന് മറുപടി കിട്ടി.

അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞതുപോലൊരു പഠനം യൂണിവേഴ്സിറ്റിയില്‍ നടന്നിട്ടേയില്ലെന്ന് ഹാര്‍വാര്‍ഡ് വ്യക്തമാക്കി. വൃത്താകൃതിയിലുള്ള ഒരു ഹോസ്റ്റലും ഹാര്‍വാര്‍ഡില്‍ ഇല്ല. ഹാര്‍വാര്‍ഡില്‍ എല്ലാ ദിശകളിലേക്കും മുഖമുള്ള കെട്ടിടങ്ങളുണ്ട്. അതിലെല്ലാം വിദ്യാര്‍ഥികള്‍ പഠിക്കുന്നുമുണ്ട്. പഴക്കം ചെന്നാലും കെട്ടിടങ്ങള്‍ സംരക്ഷിക്കുന്നതല്ലാതെ പൊളിച്ചുകളയുന്ന രീതി അവിടില്ലെന്നും യൂണിവേഴ്സിറ്റി മറുപടിയില്‍ അറിയിച്ചു.

ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രസിദ്ധീകരണമായ ‘ശാസ്ത്രകേരളം’ മാസികയില്‍ അഭിരാം കുറിപ്പെഴുതിയിട്ടുണ്ട്. അഭിരാമിനെ അഭിനന്ദിച്ചും അലക്സാണ്ടര്‍ ജേക്കബിനെ തിരുത്തിയും നിരവധിപേര്‍ സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News