തിരുച്ചനാട്ടുമലയിലെ ജൈന ക്ഷേത്രം

മഴമേഘങ്ങൾ അൽപ്പമൊന്നരികിലേക്ക് ഒതുങ്ങിയപ്പോഴേയ്ക്കും ഉച്ചിയിൽ കനലുവാരിയെറിഞ്ഞ് സൂര്യൻ നിന്നുകത്താൻ തുടങ്ങി. ഈ വെയിലൊന്ന് ശമിക്കണം. നല്ല സമയത്തിനായി ക്ഷമയോടെ കാത്തിരിക്കണമെന്നാണല്ലോ,
ഞങ്ങളങ്ങനെ കാത്തിരിക്കുകയാണ്.

വെയിൽ ചാഞ്ഞാൽ രണ്ടുണ്ട് കാര്യം, മധ്യാഹ്നത്തിലേൽക്കുന്ന ചൂടിനെ താഴ്‌വരക്കാറ്റുവന്ന് ശമിപ്പിക്കും. പിന്നെ സ്വർണ്ണനിറമുളള അന്തിവെയിലിൽ മലമുകളിലെ ഈ ക്ഷേത്രമുറ്റത്തിരുന്ന് സുന്ദരമായൊരു സന്ധ്യയും കാണാം.

കയറി വന്ന വഴിയെക്കുറിച്ചോർത്തു. കേരളവുമായി അതിർത്തി പങ്കിടുന്ന കന്യാകുമാരി ജില്ലയിലെ ചെറുപട്ടണമാണ് മാർത്താണ്ഡം.
മാർത്താണ്ഡത്തു നിന്നും ഇടവഴികൾ പലതും കയറിയാണ് തിരുച്ചനാട്ടുമലയുടെ താഴ്വാരത്തെത്തിയത്. തിരുച്ചരണാത്തുപള്ളിയെന്ന ചരിത്രനാമം പരിണമിച്ചുണ്ടായ തിരുച്ചനാട്ടുമല തമിഴർക്ക് ചോക്കംതൂങ്ങിമലയാണ്, മലമുകളിലെ ചിതറാൽ ക്ഷേത്രം അവർക്ക് മലൈകോവിലും.

മലൈകോവിലെന്ന് പ്രാദേശികമായി അറിയപ്പെടുന്ന ചിതറാൽ ക്ഷേത്രം ജൈനരുടെ സംഭാവനയാണ്. ചരിത്രപരമായും സാംസ്ക്കാരികപരമായും സവിശേഷമായ ക്ഷേത്രമുറ്റത്തിരുന്ന് ഞങ്ങൾ ആ കാലത്തേക്കുറിച്ചോർത്തു.

ഏതാണ്ട് ഒന്‍പതാം നൂറ്റാണ്ടിനു മുന്‍പ് നിര്‍മിക്കപ്പെട്ടതാണ് ചിതറാൽ ക്ഷേത്രമെന്ന് കരുതപ്പെടുന്നു. ക്ഷേത്രം നിർമ്മിക്കുന്നതിനും മൂന്ന് നൂറ്റാണ്ട് മുൻപ് തന്നെ ജൈനമതം ഇവിടെ പ്രബലമായിരുന്നു. അക്കാലത്ത് ജൈനമതത്തിന് ദക്ഷിണേന്ത്യയിലുണ്ടായിരുന്ന പ്രചാരത്തിന്റെ അനേകം ഉദാഹരണങ്ങളിൽ ഒന്നാണ് ചിതറാൽ. ഇവിടമൊരു ക്ഷേത്രം മാത്രമായിരുന്നില്ലെന്നും ജൈനമതത്തിന്റെ അതിസമ്പന്നമായ ചിന്താധാരകൾ പങ്കുവയ്ക്കപ്പെട്ടിരുന്നൊരു സർവ്വകലാശാല കൂടിയായിരുന്നെന്നും ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഉത്തരമഹാസമതലങ്ങളിലൂടെ പടർന്നൊഴുകുന്ന ഹിമാലയൻ നദികളുടെ നനവുള്ള തീരങ്ങളിൽ തളിർത്ത് ഇന്ത്യൻ ഉപഭൂഖണ്ഡമാകെ വേരുകളാഴ്ത്തിയ ജൈനമതം.ഒടുവിൽ ബ്രാഹ്മണ്യാധിപത്യത്തിന്റെ ഹിംസാത്മകതയിൽ ശുഷ്കിച്ചു പോയ അസംഖ്യം ജൈനമത കേന്ദ്രങ്ങളിൽ ഒന്നായി ചിതറാലും ശേഷിക്കുന്നു.

താഴ്‌വരയിൽ നിന്നും ഏതാണ്ടൊരു മൈൽ ദൂരം ഭംഗിയുള്ള കൽപ്പടവുകൾ കയറിയാണ് മുകളിലെത്തിയത്. പാതയ്ക്കിരുവശവും തണൽ നൽകാൻ പറങ്കിമരങ്ങളുണ്ട്. വഴിയോരത്ത് കണ്ട പേരറിയാത്ത പലതരം കാട്ടുപൂവുകളെ ക്യാമറയിലാക്കിയുള്ള നടത്തം കയറ്റത്തിന്റെ ക്ലേശം കുറച്ചു. ശ്രദ്ധിച്ചാലറിയാം തൊടിയിൽ വെള്ളവും വളവുമിട്ട് വളർത്തുന്ന പൂക്കളേക്കാൾ ഭംഗി ഈ പാറപ്പുറങ്ങളിൽ സ്വയം വെള്ളും വളവും കണ്ടെത്തി പൂത്തുതളിർക്കുന്ന കാട്ടു പൂവുകൾക്കാണ്.

മലകയറിയെത്തുന്നത് പടർന്നുപന്തലിച്ച വലിയൊരു പേരാൽ മരത്തിൻറെ തണലിലേക്കാണ്. അവിടെ ക്ഷീണിതരായെത്തുന്ന ചരിത്രകുതുകികൾക്ക്
വിശ്രമിക്കുവാൻ കല്ലിൽ തീർത്ത ഇരിപ്പിടങ്ങളുണ്ട്.
അവ പുതിയ കാലത്തിൻറെ നിർമ്മിതികളാണ്.ക്ഷേത്രസമുച്ചയത്തിന്റെ പിൻഭാഗത്തു നിന്നാണ് ഉള്ളിലേക്കുള്ള പ്രവേശനം. വലിയ പാറക്കൂട്ടങ്ങൾക്കു മുന്നിലായി കരിങ്കല്ലിൽ തീർത്ത കവാടം.

നിങ്ങളിതാ വർത്തമാന കാലത്തെ ഇവിടെയുപേക്ഷിച്ച് ഭൂതകാലത്തിലേക്കൊരു മടക്ക സഞ്ചാരത്തിനായി ചുവടുകൾ വയ്ക്കുകയാണെന്ന് വിളംബരം ചെയ്യുന്ന കവാടം പിന്നിട്ടാൽ രണ്ട് ഭീമൻ കല്ലുകൾ ചേർന്നിരിക്കുന്ന, ഇടനാഴിക്ക് സമാനമായൊരു പാറയിടുക്കാണ്.

ഇടനാഴി അവസാനിക്കുന്നിടത്ത് വീണ്ടും പടവുകൾ. ഇത്തവണ താഴേയ്ക്ക് ഇറങ്ങണം. അങ്ങനെ ക്ഷേത്രാങ്കണത്തിലെത്തുന്നു. അവിടെ ഭീമൻ കല്ലിൽ തീർത്ത 24 തീർത്ഥങ്കരന്മാരുടെ മനോഹരമായ ഗുഹാശില്പങ്ങൾ കാണാം. അവ ധ്യാനരൂപത്തിലാണ്. ഒപ്പം പാർശ്വനാഥന്റെയും പത്മാവതിയുടെയും ദിഗംബര രൂപത്തിലുള്ള വർദ്ധമാനമഹാവീരൻറെയും ശില്പങ്ങളും.

ഭീമൻ കല്ലിൻറെ അരികിലായി മറ്റൊരു ഒരു വലിയ പാറക്കെട്ട് തുരന്നാണ് ചിതറാൽ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.കൽമണ്ഡപവും മൂന്ന് ഗർഭഗൃഹങ്ങളുമടങ്ങുന്നതാണ് ക്ഷേത്രം. ഗർഭഗൃഹങ്ങളിൽ നടുവിലത്തേതിൽ ഒടുവിലത്തെ തീർഥങ്കരനായ വർദ്ധമാന മഹാവീരന്റെയും ഇടതുവശത്ത് പാർശ്വനാഥന്റെയും വലത് പത്മാവതിയുടെയും പ്രതിഷ്ഠകൾ. പതിനാറ് കൽത്തൂണുകൾ താങ്ങിനിർത്തിയിരിക്കുന്ന മണ്ഡപം ജൈന കാലത്തെ സൃഷ്ടിയല്ല. പിൽക്കാലത്തെ ബ്രാഹ്മണാധിനിവേശ സമയത്ത് നിർമ്മിച്ചതാണ്. 13 ആം നൂറ്റാണ്ടിൽ ജൈന ക്ഷേത്രത്തെ ഭഗവതി ക്ഷേത്രമാക്കി മാറ്റുവാനുള്ള ശ്രമങ്ങൾ നടന്നിരുന്നു.. കൽത്തൂണുകളിലെ വിഷ്ണു, ശിവ ശിൽപ്പങ്ങൾ ഈ അധിനിവേശത്തിന്റെ തെളിവാണ്.


ജൈനശില്പകലാ രീതിയായ മാനസാര ശില്പശാസ്ത്രമനുസരിച്ചാണ് ക്ഷേത്രത്തിന്റെ നിർമ്മാണം. ശിലാശില്പ സൗന്ദര്യം ക്ഷേത്രത്തേയും പരിസരത്തേയും അതിമനോഹരമാക്കുന്നു. ക്ഷേത്രാങ്കണത്തിലെ വേപ്പുമരത്തിന്റെയും അരയാലിന്റെയും തണലിൽ പച്ചപ്പുൽത്തകിടിയിലെ ബലിക്കല്ലിന് വല്ലാത്തൊരു കാൽപ്പനിക സൗന്ദര്യമുണ്ട്. ഇളം കാറ്റിൽ ബലിക്കല്ലിലും പടവുകളിലും വേപ്പിലകൾ കൊഴിഞ്ഞു വീഴുന്നു.

വെയിൽ ചായുകയാണ്, ക്ഷേത്രമുറ്റത്തു നിന്നും പടവുകളിറങ്ങിയാൽ മലമുകളിലെ ചെറുതടാകക്കരയിലെത്താം. വൈഡൂര്യപ്പച്ച നിറവുള്ള ജലം. ചെറുതും വലുതുമായ ധാരളം മത്സ്യങ്ങൾ നീന്തിത്തുടിക്കുന്നു. വാലിൽ പലവിധ വർണ്ണങ്ങൾ നിറഞ്ഞ ചിലരുടെ കുറുമ്പുകാട്ടിയുള്ള നീന്തൽ കണ്ടിരിക്കാൻ രസമാണ്. അത്ര വെയിലേറ്റ് കിടന്നിട്ടും തടാകത്തിന്റെ ജലത്തിന് ഇളം തണുപ്പാണ്. കൊടിയ വേനലിലും മലമുകളിലുള്ള ഈ ജലാശയത്തിലേക്കുള്ള ഉറവവഴികൾ നിലയ്ക്കാറില്ല. അതിന്റെ തെളിവാണ് ഈ നീന്തിത്തുടിക്കുന്ന മത്സ്യങ്ങൾ.


വെയിൽ ചാഞ്ഞതോടെ കാറ്റിനും തണുപ്പ് കൂടി. തിരുച്ചനാട്ടുമലയുടെ നാലു ദിക്കും പച്ചപ്പു നിറഞ്ഞ സമതലങ്ങളാണ്. മലയെ ഏതാണ്ട് അർദ്ധവൃത്താകൃതിയിൽ ചുറ്റി താമരഭരണി നദിയൊഴുകുന്നു. താഴെ നൂറ്റാണ്ടുകൾ പഴക്കമുള്ള തിക്കുറിച്ചി ശിവക്ഷേത്രത്തിലെ കോളാമ്പികൾ ശബ്ദിച്ചു തുടങ്ങി. ആകാശത്ത് ചുവപ്പ് പടരുകയാണ്. അസ്തമയ സൂര്യന്റെ സ്വർണ്ണവെയിൽ മലൈക്കോവിലിന്റെ കരിങ്കൽച്ചുവരുകളിൽ പതിക്കുന്ന മനോഹര ദൃശം കണ്ട് തടാകക്കരയിൽ ഞങ്ങളിരുന്നു. കനകശോഭയിൽ മലൈക്കോവിലിലെ ധ്യാനനിരതരായ ശിലാശിൽപ്പങ്ങൾ തിളങ്ങുന്നു. ആ കാഴ്ച ദിനവും കാണുന്ന ജലപ്പരപ്പിലെ മത്സ്യങ്ങളെത്ര ഭാഗ്യവതികൾ,

പ്രശാന്തമായ അന്തരീക്ഷമാണ് ചിതറാലിനെ സവിശേഷമാക്കുന്നത്. വല്ലപ്പോഴും വന്നു പോകുന്ന സഞ്ചാരികളെയൊഴിച്ചാൽ നാഗരികതയോട് തീർത്തും അകന്ന് മാറി പ്രകൃതിയുമായി ചേർന്നിണങ്ങിനിൽക്കുന്ന ഒരിടം. ധ്യാനനിരതരായ ജൈന തീർത്ഥങ്കരന്മാരുടെ ശില്പങ്ങൾ ഒരു പ്രതീകമാണ്, ഈ കുന്നിൻ മുകളിൽ നിങ്ങൾക്ക് അവനവന്റെ ഉള്ളുകാണാൻ കഴിയുമെന്ന് നമ്മോട് നിശബ്ദം സംവദിക്കുന്ന പ്രതീകങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News