യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പിടിച്ചെടുക്കാനുള്ള കെ സുധാകരന്റെ നീക്കം പാളി

യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പിടിച്ചെടുക്കാനുള്ള കെ സുധാകരന്റെ നീക്കത്തിന് തിരിച്ചടി. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ കെപിസിസിയുമായി ആലോചിച്ച് തീരുമാനിക്കണമെന്ന സുധാകരന്റെ ആവശ്യം യൂത്ത് കോണ്‍ഗ്രസ് നേതൃത്വം തള്ളി.

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ കെപിസിസി നേതൃത്വം അറിയാതെ തീരുമാനിക്കരുതെന്നായിരുന്നു കെ.സുധാകരന്‍ നല്‍കിയ കര്‍ശന നിര്‍ദേശം. നെടുമങ്ങാട് വര്‍ക്കല മണ്ഡലം കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ച നടപടി കെപിസിസി ഇടപെട്ട് മരവിപ്പിച്ചതും വിവാദമായിരുന്നു. താഴതട്ടുമുതല്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിത്വത്തില്‍ പിടിമുറുക്കാനായിരുന്നു സുധാകരന്റെ നീക്കങ്ങള്‍. പക്ഷെ സുധാകരനെ തള്ളി പുനഃസംഘടനാ നടപടികളുമായി മുന്നോട്ടുപോകാനാണ് എ വിഭാഗം നേതാവ് ഷാഫി പറമ്പില്‍ നേതൃത്വം നല്‍കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. ജില്ലാ, നിയോജക മണ്ഡലം , പഞ്ചായത്ത് തലം വരെ ഭാരവാഹികളെ നിശ്ചയിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി തീരുമാനിച്ചു.

അതേസമയം, പാര്‍ട്ടി ഭാരവാഹികളെ നിശ്ചയിക്കാനുള്ള പൂര്‍ണ അധികാരം സംസ്ഥാന ദേശീയ നേതൃത്വത്തിനാണെന്ന് ഷാഫി പറമ്പിലിനായി ജനറല്‍ സെക്രട്ടറി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതേസമയം മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിലും സുധാകരവിഭാഗത്തിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഔദ്യാഗിക വിഭാഗം മുന്നോട്ടുവച്ച ഫാത്തിമ റോഷ്‌നയുടെ പേര് ഹൈക്കമാന്‍ഡ് തള്ളി. പകരം ഉമ്മന്‍ചാണ്ടി വിഭാഗത്തിന്റെ പ്രതിനിധിയായ ജെബി മേത്തറിനെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി പ്രഖ്യാപിച്ചു.

രമേശ് ചെന്നിത്തലയുടെ അനുയായി ആയ ഫാത്തിമ റോഷ്‌ന പുതിയ ഭാരവാഹിത്വത്തിനായാണ് കെസി വേണുഗോപാല്‍ വിഭാഗത്തിനൊപ്പം ചേര്‍ന്നത്. ഇതോടെ ചെന്നിത്തല ആശ സനലിന്റെ പേര് മുന്നോട്ടുവെച്ചു. തര്‍ക്കത്തിനൊടുവില്‍ ചെന്നിത്തലയൂടെ കുടെ മൗനാനുവാദത്തോടെയാണ് എ വിഭാഗത്തിന്റെ പ്രതിനിധി ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായത്. മാത്രമല്ല എ വിഭാഗത്തിന്റെ നേതാവായിരുന്ന ലതികാ സുഭാഷ് രാജിവെച്ച ഒഴിവില്‍ തങ്ങളുടെ പിന്‍ഗാമിയെ തന്നെ എത്തിക്കാനും ഉമ്മന്‍ചാണ്ടിക്കായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News