കടത്തിൽ ആറാട്ടു നടത്തുന്നവരാണ് അദാനി ഗ്രൂപ്പ്; കാർഷിക നിയമങ്ങൾ പിൻവലിച്ചത് അദാനിക്ക് തിരിച്ചടിയായി; ഡോ. ടിഎം തോമസ് ഐസക്ക്

കടത്തിൽ ആറാട്ടു നടത്തുന്നവരാണ് അദാനി ഗ്രൂപ്പെന്നും കാർഷിക നിയമങ്ങൾ പിൻവലിച്ചത് അദാനിക്ക് തിരിച്ചടിയായെന്നും മുൻ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക് അദാനിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മിൽ സംയുക്ത പ്രവർത്തനത്തിനു കരാർ ആയി. എസ്ബിഐയെ സംബന്ധിച്ചിടത്തോളം ഈ ഇടപാട് ശുദ്ധ പേയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

അദാനിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തമ്മിൽ സംയുക്ത പ്രവർത്തനത്തിനു കരാർ. അദാനി ഗ്രൂപ്പിന്റെ നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയാണ് അദാനി ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്. കൃഷി യന്ത്രവൽക്കരണം, ഗോഡൗൺ ഈടിനു വായ്പ, ഫാർമർ പ്രൊഡ്യൂസർ സംഘങ്ങൾക്ക് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ വായ്പ എന്നിവയ്ക്കായി സംയുക്ത വായ്പ നൽകും. മോഡി പ്രഖ്യാപിച്ച കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കൽ ലക്ഷ്യം കൈവരിക്കുകയാണ് ഉദ്ദേശം. എസ്ബിഐയെ സംബന്ധിച്ചിടത്തോളം ഈ ഇടപാട് ശുദ്ധ പേയാണ്.
എസ്ബിഐ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ്. 22200 ബ്രാഞ്ചുകൾ, 46 കോടി ഇടപാടുകാർ, 2.5 ലക്ഷം ജീവനക്കാർ, 48 ലക്ഷം കോടിയുടെ ആസ്തികൾ ഉള്ള ബാങ്ക്.
എന്നാൽ അദാനിയുടെ ബാങ്കേതര ധനകാര്യ സ്ഥാപനമോ? 6 സംസ്ഥാനങ്ങളിലായി 63 ബ്രാഞ്ചുകൾ, 760 ജീവനക്കാർ, 28000 ഇടപാടുകാർ, 1300 കോടി രൂപയുടെ ആസ്തികൾ. രണ്ടും തമ്മിൽ അജഗജാന്തരം.
അദാനിയുടെ ലക്ഷ്യം വ്യക്തം. സ്റ്റേറ്റ് ബാങ്കിന്റെ ചുമലിൽ കയറി കാർഷിക വായ്പാ മേഖലയിലെ പിടി അതിവേഗം വ്യാപിപ്പിക്കുക. സ്റ്റേറ്റ് ബാങ്കിന് 1.37 കോടി കാർഷിക അക്കൗണ്ടുകൾ ഉണ്ട്. ഏതാണ്ട് 2 ലക്ഷം കോടി രൂപ കടം കൊടുത്തിട്ടുണ്ട്. കാർഷിക വിപണന മേഖലയിലെ 42000 ഡീലർമാരും വെൻഡർമാരുമായി ബന്ധമുണ്ട്. 72000 ബിസിനസ് കറസ്പോണ്ടൻസിന്റെ ശൃംഖലയുണ്ട്. ഇവർ വഴിയുള്ള ബിസിനസിലെ ഒരു ഭാഗം അദാനിയുടേതുംകൂടി ആക്കി കണക്കെഴുതി അദാനിയുടെ കമ്മീഷൻ വെറുതേ കൊടുക്കുകയല്ലാതെ അദാനിയിൽ നിന്നും സ്റ്റേറ്റ് ബാങ്കിന് ഒന്നും കിട്ടാനില്ല.
അദാനിയുടെ 6 കമ്പനികളുടെ കട ബാധ്യത ഏതാണ്ട് 70000 കോടി രൂപ വരും. അദാനി ഗ്രൂപ്പിന്റെ കടബാധ്യത 1.6 ലക്ഷം കോടി രൂപയാണ്. കടത്തിൽ ആറാട്ടു നടത്തുന്നവരാണ് അദാനി ഗ്രൂപ്പ്. മെയ് മാസത്തിലാണ് നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്റ് ലിമിറ്റഡ് അദാനിയുടെ മൗറീഷ്യസിലുള്ള 3 ധനകാര്യ സ്ഥാപനങ്ങളെ ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തിയത്.
റിസർവ്വ് ബാങ്ക് ഇപ്പോഴും വ്യവസായ കുത്തകകൾ ബാങ്കുകൾ തുടങ്ങുന്നതിനെതിരാണ്. അതിനെ മറികടക്കാൻ ഒരു വഴി അദാനി കണ്ടെത്തിയിരിക്കുകയാണ്.
കാർഷിക നിയമങ്ങൾ പിൻവലിച്ചത് അദാനിക്ക് ഒരു തിരിച്ചടിയായി. വലിയതോതിൽ കാർഷിക വിപണിയിൽ ഇടപെടുന്നതിന് അദാനി തയ്യാറെടുത്തുകൊണ്ടിരിക്കുകയായിരുന്നു. ഇനിയിപ്പോൾ കാർഷിക നിയമം ഇല്ലെങ്കിലും വായ്പാ ചരടുകൾ ഉപയോഗിച്ച് അദാനിക്ക് കൃഷിക്കാരെ നിയന്ത്രിക്കാം.
അത്യന്തം ഗുരുതരമായ ഒരു സംഭവവികാസമാണിത്. സ്റ്റേറ്റ് ബാങ്ക് ജീവനക്കാർ അദാനിക്കുവേണ്ടി പണിയെടുക്കണമോയെന്ന് ആലോചിക്കണം. കൃഷിക്കാർക്ക് വായ്പ നൽകാൻ അദാനിയുടെ ഇടനിലായെന്ന് ബാങ്ക് മേധാവികളോട് ജീവനക്കാർ വ്യക്തമാക്കേണ്ടതുണ്ട്. റിസർവ്വ് ബാങ്കിന്റെയും ധനകാര്യ വകുപ്പിന്റെയും പ്രതിനിധികൾ സംയുക്ത കരാറിന്റെ തീരുമാനമെടുത്ത ബോർഡിലുണ്ടായിരുന്നല്ലോ. അതുകൊണ്ട് കേന്ദ്രസർക്കാർ ഇടപാടു സംബന്ധിച്ച് വിശദീകരണം നൽകിയേ തീരൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News