വാക്ക് പാലിച്ച് യൂസഫലി ; ജപ്തി ഒഴിവായി, ആമിനയ്ക്ക് ഇനി സ്വന്തം വീട്ടില്‍ കിടന്നുറങ്ങാം……

വ്യവസായി എം എ യൂസഫലിയുടെ ഇടപെടൽ ഫലം കണ്ടതോടെ ആമിനയ്ക്ക് ഇനി സ്വന്തം വീട്ടിൽ മനസമാധാനത്തോടെ കിടന്നുറങ്ങാം. വായ്പാ തിരിച്ചടവു മുടങ്ങിയതോടെ ജപ്തി ഭീഷണിയിലായ വീടിൻ്റെ ആധാരം ഉൾപ്പെടെയുള്ള രേഖകൾ ബാങ്കിൽ നിന്നെടുത്ത ലുലു ഗ്രൂപ്പ് ഉദ്യോഗസ്ഥർ ആമിനയെയും ഭർത്താവ് സെയ്ദ് മുഹമ്മദിനെയും നേരിട്ട് ഏൽപ്പിച്ചു.

കീച്ചേരി സഹകരണ ബാങ്കിൽ അടയ്ക്കാനുണ്ടായിരുന്ന മുഴുവൻ തുകയും എം എ യൂസഫലി അടച്ചതോടെയാണ് രേഖകൾ വീണ്ടെടുക്കാനായത്.

കഴിഞ്ഞ ദിവസമായിരുന്നു അപ്രതീക്ഷിതമായി യൂസഫലിയെ കണ്ട ആമിന തൻറെ ദുരിതം തുറന്നുപറ‍ഞ്ഞത്. പനങ്ങാട് ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കിയപ്പോൾ രക്ഷാപ്രവർത്തകരായ പ്രദേശവാസികളെ നേരിട്ടു കാണാനായിരുന്നു യൂസഫലി സ്ഥലത്തെത്തിയത്.

ഈ സമയത്ത് യൂസഫലി വരുന്ന വിവരമറിഞ്ഞ് ആമിന ഓടിയെത്തുകയായിരുന്നു. ആമിനയുമായി സംസാരിക്കുകയും ‘വിഷമിക്കണ്ട, ജപ്തി ചെയ്യൂല്ലട്ടോ, ഞാൻ നോക്കിക്കോളാം’ എന്നു വാക്കു നൽകിയ യൂസഫലിയുടെ നിർദേശ പ്രകാരം ലുലു ഗ്രൂപ്പ് ഉദ്യോഗസ്ഥർ ബാങ്കുമായി ബന്ധപ്പെടുകയായിരുന്നു.

യൂസഫലി വിഷയത്തിൽ ഇടപെടാമെന്നും പരിഹരിക്കാമെന്നും വാക്കു നൽകിയിരുന്നെങ്കിലും ഇത്ര വേഗം പരിഹാരമാകുമെന്ന് ആമിനയും കരുതിയിരുന്നില്ല. തൊഴിലുറപ്പ് ജോലിയ്ക്ക് പോയ സമയത്തായിരുന്നു ലുലു ഗ്രൂപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്.

ലുലു ഗ്രൂപ്പിൻ്റെ ജീവനക്കാരാണെന്നു പറഞ്ഞെങ്കിലും ആമിനയ്ക്ക് പെട്ടെന്ന് ഇവരെ മനസ്സിലായില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. യൂസഫലി അയച്ചതാണെന്നും ബാങ്കിൽ കുടിശികയായി അടയ്ക്കാനുണ്ടായിരുന്ന തുകയും വായ്പാ തുകയുമായി 3,81,160 രൂപ അടച്ചു തീർത്തതായും ജീവനക്കാർ അറിയിച്ചു. തുക അടച്ചതിൻ്റെ രസീതും അധികൃതർ ആമിനയ്ക്ക് കൈമാറി.

ലുലു ഗ്രൂപ്പ് മീഡിയ കോർഡിനേറ്റർ എൻ ബി സ്വരാജ് ആണ് ആമിനയുടെ കൈകളിൽ രേഖകൾ ഏൽപിച്ചത്. ഇതു കൂടാതെ അർബുദ രോഗബാധിതനായ ആമിനയുടെ ഭർത്താവ് സെയ്ദ് മുഹമ്മദിനു ചികിത്സാ ആവശ്യങ്ങൾക്കായി 50,000 രൂപയും കൈമാറിയിട്ടുണ്ട്.

മകളുടെ വിവാഹ ആവശ്യത്തിനായിരുന്നു വീടിരിക്കുന്ന സ്ഥലം പണയപ്പെടുത്തി കീച്ചേരി സർവീസ് സഹകരണ ബാങ്കിൽ നിന്ന് ആമിനയുടെ കുടുംബം വായ്പയെടുത്തത്. എന്നാൽ ഭർത്താവ് സെയ്ദ് മുഹമ്മദിൻ്റെ ചികിത്സയ്ക്കായി പണം നീക്കി വെക്കേണ്ടി വന്നതോടെ വായ്പാ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇതോടെ ഭൂമി ജപ്തി ഭീഷണിയായി. വായ്പാ തുകയായ 2,14,242 രൂപയും പലിശയും പിഴയുമടക്കം 3,81,160 രൂപയാണ് അടയ്ക്കാനുണ്ടായിരുന്നത്. ഈ തുകയാണ് യൂസഫലി അടച്ചു തീർത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News