റിലീസിന് 17 ദിനങ്ങള്‍; ‘മിന്നല്‍ മുരളി’യുടെ വരവ് കാത്ത് ആരാധകര്‍

മിന്നല്‍ മുരളി റിലീസിന് ഇനി 17 ദിവസങ്ങള്‍ മാത്രം. മലയാളത്തിലെ പുതിയ സൂപ്പര്‍ ഹീറോയുടെ ഉദയത്തിനായി ദിവസങ്ങളെണ്ണി സിനിമാ ലോകം കാത്തിരിക്കുകയാണ്.

നെറ്റ്ഫ്‌ള്ക്‌സിലൂടെ ക്രിസ്മസ് റിലീസായി ഡിസംബര്‍ 24ന് സിനിമ പ്രേക്ഷകരിലേക്ക് എത്തും. സിനിമയിലെ മൂന്നാമത്തെ ഗാനം ഈയടുത്ത് പുറത്തുവന്നിരുന്നു. ‘കുഗ്രാമമേ’ എന്ന് തുടങ്ങുന്ന പാട്ട് ശ്രദ്ധ നേടുകയാണ്.

മലയാളി സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടൊവീനോ തോമസ് നായകനാവുന്ന മിന്നൽ മുരളി.

വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ആക്ഷൻ ചിത്രം മിന്നൽ മുരളിയുടെ സംവിധായകൻ ബേസിൽ ജോസഫ് ആണ്. സമീർ താഹിർ ആണ് ഛായാഗ്രഹണം. സംഗീതം ഷാൻ റഹ്‌മാൻ. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്‌ളാഡ് റിംബർഗാണ്. വി എഫ് എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പർവൈസർ ആൻഡ്രൂ ഡിക്രൂസാണ്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുക. വിവിധ ഭാഷകളിലെ സിനിമയുടെ പേരുകളും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.

മിന്നൽ മുരളി എന്ന ചിത്രത്തെക്കുറിച്ച് സംവിധായകൻ ബേസിൽ ജോസഫ് പങ്കുവെച്ച വാക്കുകൾ ഇങ്ങനെ: ‘കാഴ്ചക്കാർക്ക് വൈകാരിക തലത്തിൽ സംവേദിക്കാനും ബന്ധപ്പെടാനും കഴിയുന്ന ഒരു സൂപ്പർ ഹീറോയെ സൃഷ്ടിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. ഒരു സൂപ്പർ ഹീറോ സിനിമയുടെ പ്രധാന ഘടകങ്ങൾ ആക്ഷനും ചടുലതയും ആണെങ്കിലും ശക്തമായൊരു ആഖ്യാനത്തിലൂന്നി കഥ പറയുവാനായിരുന്നു ഞങ്ങൾ കൂടുതൽ ശ്രമിച്ചത്. ചിത്രം വളരെ ആവേശകരമായ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിലീസിനായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുകയാണ്. ഇത് ഞങ്ങൾ മുഴുവൻ ടീമിന്റെയും സ്വപ്ന സിനിമയാണ്. ചിത്രം നെറ്റ്ഫ്ലിക്സ് പോലെയുള്ള ഒരു ലോകോത്തര പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുന്നതിൽ ഒരു പാട് സന്തോഷമുണ്ട്.’

സിനിമയുടെ നിർമ്മാതാവായ വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ സോഫിയ പോൾ പറയുന്നതിങ്ങനെ: ‘ഒരു നിർമ്മാതാവ് എന്ന നിലയിൽ ഈ സിനിമ വെല്ലുവിളിയോടൊപ്പം ചാരിതാർഥ്യജനകവുമായിരുന്നു. ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്കഭിമാനമുണ്ട്. ഈ ലോക്കൽ സൂപ്പർ ഹീറോ മിന്നൽ മുരളിയുടെ വിജയത്തിനായി ഞങ്ങൾ മികച്ച അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും കൊണ്ടുവന്നു. ഈ സൂപ്പർ ഹീറോ സിനിമ അതിന്റെ കരുത്തിൽ ഭാഷകളെ മറികടക്കുന്നു. ഇത് മനുഷ്യരുടെ വികാര വിചാരങ്ങളുടെ, സാഹചര്യങ്ങളുടെ കഥയാണ്. മിന്നൽ മുരളി എനിക്ക് അനുഭൂതിയും അഭിമാനവും ആണ്.

ഈ വരുന്ന മലയാള സിനിമയിലൂടെ നെറ്റ്ഫ്ലിക്സുമായി ചേർന്ന് പ്രവർത്തിക്കുവാൻ അവസരം ലഭിച്ചതിൽ ഞാൻ വളരെ സന്തോഷിക്കുന്നു. മിന്നൽ മുരളി ഒരു തുടക്കം മാത്രമാണ്.’മിന്നൽ മുരളിയുടെ ചിത്രീകരണ അനുഭവത്തെ കുറിച്ച് ടോവിനോ തോമസിന്റെ വാക്കുകൾ: ‘തുടക്കം മുതലേ എനിക്ക് മിന്നൽ മുരളി എന്ന കഥാപാത്രത്തോട് ഒരടുപ്പവും സ്നേഹവുമുണ്ടായി.

സിനിമയുടെ മികച്ച വിജയം ഉറപ്പുവരുത്തുന്നതിനായി ഞാൻ നിരന്തരം സംവിധായകനുമായി സംവദിക്കുകയും കഥാപാത്രത്തിന്റെ പൂർണ്ണതക്കുവേണ്ടി ഒരുപാട് പ്രയത്നിക്കുകയും ചെയ്തു. ഒരുപാടു കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. പ്രതികൂലമായ ഈ ചുറ്റുപാടിലും പ്രേക്ഷകർ നെറ്റ്ഫ്ലിക്സിലൂടെ സ്വന്തം വീടുകളിലിരുന്ന് സിനിമ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഞാൻ മിന്നൽ മുരളിയെ ഇഷ്ടപ്പെടുന്നതുപോലെ ഓരോ പ്രേക്ഷകനും മിന്നൽ മുരളിയെ നെഞ്ചേറ്റും എന്നാണ് എന്റെ പ്രതീക്ഷ’

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here