സൈജു തങ്കച്ചൻ്റെ ലഹരി പാർട്ടിയിൽ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കാൻ ഒരുങ്ങി അന്വേഷണ സംഘം

കൊച്ചിയിലെ ലഹരിക്കേസില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് നീക്കം നടത്തി അന്വേഷണ സംഘം.മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ളവര്‍ വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതി സൈജു തങ്കച്ചന്‍റെ മുടിയുടെയും നഖത്തിന്‍റെയും സാമ്പിള്‍ ഫോറന്‍സിക്ക് പരിശോധനയ്ക്കയച്ചു.

സൈജുവിനൊപ്പം ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ സാമ്പിളും പരിശോധനയ്ക്ക് വിധേയമാക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു.ലഹരി ഉപയോഗിച്ചാല്‍ ആറുമാസംവരെ ഇതിന്‍റെ അംശം മുടിയിലും നഖത്തിലും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, കൊച്ചിയിലെ വിവിധ ഫ്ലാറ്റുകളിലും നമ്പര്‍ 18 ഹോട്ടലിലുമുള്‍പ്പടെ ലഹരിപാര്‍ട്ടികള്‍ നടത്തിയിട്ടുണ്ടെന്ന് പ്രതി സൈജു തങ്കച്ചന്‍ ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തിയിരുന്നു.വിവിധ പാര്‍ട്ടികളില്‍ ലഹരി ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങളും ലഹരി ഇടപാടുമായി ബന്ധപ്പെട്ട ചാറ്റുകളും ഇയാളുടെ മൊബൈല്‍ഫോണില്‍ നിന്ന് കണ്ടെടുത്തിരുന്നു.ഇതെത്തുടര്‍ന്ന് സൈജുവിനെതിരെയും പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതികള്‍ ഉള്‍പ്പടെ 17 പേര്‍ക്കെതിരെയും വിവിധ പൊലീസ് സ്റ്റേഷനുകളില്‍ എന്‍ ഡി പി എസ് ആക്ട് പ്രകാരം കേസെടുത്തിരുന്നു.ഇവരെല്ലാം ലഹരി ഉപയോഗിച്ചു എന്ന് കോടതിയില്‍ ശാസ്ത്രീയമായി തെളിയിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം.ഇതിന്‍റെ ഭാഗമായി സൈജുവിന്‍റെ മുടിയുടെയും നഖത്തിന്‍റെയും സാമ്പിളുകള്‍ ശേഖരിച്ച് തൃപ്പൂണിത്തുറയിലെ റീജണൽ ഫോറന്‍സിക്ക് സയന്‍സ് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു.

എന്നാൽ സൈജുവിനൊപ്പം കേസെടുത്ത മറ്റുള്ളവരുടെ സാമ്പിളും ശേഖരിച്ച് പരിശോധനയ്ക്കയക്കാനും തീരുമാനിച്ചിട്ടുണ്ട്.എന്നാല്‍ ഇവരില്‍ പലരും ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.ലഹരി ഉപയോഗിക്കുന്നവരുടെ മുടിയിലും നഖത്തിലും ആറുമാസം വരെ ലഹരിയുടെ അംശം ഉണ്ടാകും.ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കലാണ് ക്രൈംബ്രാഞ്ചിന്‍റെ ലക്ഷ്യം.

മിസ് കേരള ഉള്‍പ്പടെയുള്ളവരുടെ വാഹനാപകടമരണക്കേസിലെ മറ്റൊരു പ്രതി റോയി വയലാട്ടിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു.ഹോട്ടലില്‍ വെച്ച് റോയി, യുവതികള്‍ക്ക് മദ്യവും മയക്കുമരുന്നും നല്‍കിയതായി സംശയിക്കുന്നുവെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.കൂടാതെ സൈജുവും റോയിക്കെതിരെ മൊഴി നല്‍കിയിരുന്നു.ഇക്കാര്യത്തിലെല്ലാം കൂടുതല്‍ വ്യക്തത വരുത്തുന്നതിനുവേണ്ടിയായിരുന്നു ചോദ്യം ചെയ്യല്‍.റോയി വയലാട്ടും ഇയാളുടെ ജീവനക്കാരും ഉള്‍പ്പടെ 6 പേരെ ക്രൈം ബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News