250 കിമീ മൈലേജുമായി ഒരു ക്രൂയിസര്‍ ബൈക്ക് !

ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇരുചക്ര വാഹന വിഭാഗത്തിൽ ദില്ലി  ആസ്ഥാനമായുള്ള ഇവി നിർമ്മാതാക്കളായ കൊമാകി ഇലക്ട്രിക് വെഹിക്കിൾസിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ക്രൂയിസറായ കൊമാകി റേഞ്ചർ അവതരിപ്പിക്കാൻ പദ്ധതിയിടുകയാണ് കമ്പനി.

ഇലക്ട്രിക് ക്രൂയിസറിനെ കമ്പനി ഔദ്യോഗികമായി അവതരിപ്പിച്ചതായും കൊമാകി റേഞ്ചർ ഇലക്ട്രിക് ക്രൂയിസർ 2022 ജനുവരിയിൽ അരങ്ങേറ്റം കുറിക്കുമെന്നും ഇന്ത്യാ കാർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

വാഹനത്തിന്റെ അവതരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ കമ്പനി. ഈ വാഹനം ഒറ്റ ചാർജിൽ 250 കിലോമീറ്റർ റേഞ്ച് വാഗ്‍ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.

റേഞ്ചർ ഇലക്ട്രിക് ക്രൂയിസർ രൂപകൽപ്പന ചെയ്യുന്നതിനായി 1 മില്യൺ യുഎസ് ഡോളറിലധികം നിക്ഷേപിച്ചതായും കമ്പനി പറയുന്നു. ഇത് ഏകദേശം 7.5 കോടി രൂപയോളം വരും. ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹനത്തിലെ ഏറ്റവും വലിയ ബാറ്ററി പായ്ക്കായ 4kW ബാറ്ററി പായ്ക്കോട് കൂടിയാണ് പുതിയ മോട്ടോർസൈക്കിൾ വരുന്നത്. ഈ ബാറ്ററി പാക്ക് ക്രൂയിസറിന് 250 കിലോമീറ്റർ റേഞ്ച് നേടാൻ സഹായിക്കും.

5000-വാട്ട് മോട്ടോറാണ് കൊമാകി റേഞ്ചറിൻറെ ഹൃദയം. ഇത് വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളെ കീഴടക്കാൻ പ്രാപ്‍തമാക്കുമെന്ന് അവകാശപ്പെടുന്നു. ക്രൂയിസ് കൺട്രോൾ, റിപ്പയർ സ്വിച്ച്, റിവേഴ്‍സ് സ്വിച്ച്, അഡ്വാൻസ്‍ഡ് ബ്രേക്കിംഗ് സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി സിസ്റ്റം തുടങ്ങിയ ഫീച്ചറുകളോടെയാണ് ഇലക്ട്രിക് ക്രൂയിസർ എത്തുന്നത്.

ഇന്ത്യൻ വിപണിയിലെ ആദ്യത്തെ ഇലക്ട്രിക് ക്രൂയിസർ മോട്ടോർസൈക്കിളായിരിക്കും ഇതെന്നു കമ്പനി പറയുന്നു. ജനങ്ങളിലേക്കെത്താൻ ബൈക്കിന് താങ്ങാനാവുന്ന ഒരു ടാഗ് കമ്പനി വാഗ്ദാനം ചെയ്യുന്നു. നിലവിൽ ഇന്ത്യൻ നിരത്തുകളിൽ ഇലക്ട്രിക് ക്രൂയിസർ ഒന്നും ഇല്ല. ആ മുന്നണിയിൽ, ഇത് ആദ്യമായിരിക്കും. കൊമാകി പ്രീമിയം ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, നിർമാതാവ് താങ്ങാനാവുന്ന വിലയ്ക്ക് മോഡലിനെ നിരത്തിലെത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

കൊമാകി നിലവിൽ രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകളും മോട്ടോർസൈക്കിളുകളും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യൻ വിപണിയിൽ കൊമാകി ഇതിനകം നാല് ഇലക്ട്രിക് ബൈക്കുകൾ വാഗ്ദാനം ചെയ്യുന്നു, ഈ ഉൽപ്പന്നങ്ങൾ 30,000 മുതൽ ഒരു ലക്ഷം രൂപ വരെ വിലയിൽ ലഭ്യമാണ്.

അടുത്തിടെ പുതിയ ഇലക്ട്രിക് സ്‍കൂട്ടർ ഉടൻ പുറത്തിറക്കുമെന്ന് കൊമാകി പ്രഖ്യാപിച്ചിരുന്നു. വെനീസ് എന്നാണ് ഈ പുതിയ സ്‍കൂട്ടറിൻറെ പേര്. 10 പെപ്പി നിറങ്ങളിൽ പുതിയ വെനീസ് അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ.

റീജനറേറ്റീവ് ബ്രേക്കിംഗ്, റിപ്പയർ സ്വിച്ച്, മൊബൈൽ കണക്റ്റിവിറ്റി തുടങ്ങിയ നിരവധി ഫീച്ചറുകളോടെയാണ് കൊമാകി വെനീസ് ഇലക്ട്രിക് സ്‍കൂട്ടർ ലഭ്യമാക്കുന്നത്. വരാനിരിക്കുന്ന അതിവേഗ ഇവി വലിയ ഇരിപ്പിടവും അധിക സ്റ്റോറേജ് ബോക്‌സ് സൗകര്യവും നൽകുമെന്ന് കൊമാക്കി അവകാശപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News