ടീച്ചർക്ക് വിട നല്കി കവി; പി എൻ ഗോപീകൃഷ്ണന്റെ കുറിപ്പിലൂടെ അനശ്വരതയിലേയ്ക്ക് അമ്മിണിട്ടീച്ചർ

പഠിപ്പിച്ച അധ്യാപരെ ആരും മറക്കാറില്ല. അവർ നൽകുന്നത് കേവലം പാഠപുസ്തകങ്ങളിലെ അറിവുകൾ മാത്രമല്ല, മറിച്ച് ജീവിതാവസാനം വരെ മുന്നോട്ട് നയിക്കാനുതകുന്ന പലതും അധ്യാപകർ തങ്ങളുടെ ശിഷ്യന്മാർക്ക് നൽകിയിരിക്കും.

അമ്മിണി ജോർജ്ജ് എന്ന അധ്യാപികയെക്കുറിച്ച് കവി പി എൻ ഗോപീകൃഷ്ണൻ ഫെയ്സ്ബുക്കിൽ പങ്കു വച്ച കുറിപ്പാണ് ഇന്ന് സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത് . അമ്മിണി ടീച്ചർ ഈ ലോകത്തോട് വിടപറഞ്ഞു. അമ്മിണി ടീച്ചറോടുള്ള സ്നേഹവും ബഹുമാനവും തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ മറ്റുള്ളവരോട് പങ്കു വയ്ക്കുകയാണ് കവി പി എൻ ഗോപീകൃഷ്ണൻ.

കവി പി എൻ ഗോപീകൃഷ്ണന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

നിങ്ങൾ ചന്ദ്രനിൽ പോയിട്ടുണ്ടോ? ഞങ്ങൾ പോയിട്ടുണ്ട്. ചന്ദ്രനിൽ മാത്രമല്ല , കഴിയാവുന്നത്ര നക്ഷത്രങ്ങളിലും . ചന്ദ്രനിൽ ചെന്നപ്പോൾ മുയലെന്നും മാനെന്നുമൊക്കെ നാം വിളിക്കുന്ന ജീവി ഞങ്ങളോട് ആക്രോശിച്ചു. ഇന്നലെയുണ്ടായ തുണ്ടുജീവികളുടെ പേര് എനിക്കിട്ട് വിളിക്കാൻ ആരാ നിങ്ങൾക്ക് അവകാശം തന്നത്?

നിങ്ങൾ അറബിക്കടലിൻ്റെ അടിത്തട്ട് കണ്ടിട്ടുണ്ടോ? ഞങ്ങൾ കണ്ടിട്ടുണ്ട് . ചത്തുമലച്ച് കരയിലെത്തുമ്പോഴാണ് മീൻതൊലി മൃദുപ്പെടുന്നത്. അവിടെ അവർക്കൊക്കെ പരുത്ത തൊലിയാ . ഞങ്ങൾ ചെല്ലുമ്പോൾ ഒരു അയിലപ്പെണ്ണ് മുടിചീകുകയായിരുന്നു. ഒരു തിമിംഗലച്ചേട്ടൻ മീശ പിരിച്ച് കവലയിൽ നിൽക്കുന്നുണ്ടായിരുന്നു.

ഈ രാമൻ ,കൃഷ്ണൻ എന്നൊക്കെ കള്ളത്തൊണ്ടയിൽ പറയുമ്പോൾ ഞങ്ങൾ പുച്ഛിക്കുന്നത് എന്തുകൊണ്ടാണെന്നോ? ഞങ്ങൾ അവരെ കണ്ടിട്ടുണ്ട്. കാണുക മാത്രമല്ല , ഈ ജി എൽ പി എസ് പാപ്പിനിവട്ടത്തിൻ്റെ മുറ്റത്ത് ഓടിക്കളിച്ചിട്ടുണ്ട്. നല്ല കുട്ടികൾ ആയിരുന്നു. ” കാട്ടുമരത്തിൻ കൊമ്പുകൾ തോറും , കയറാം മറിയാം ചാടാം ” എന്ന ഞങ്ങളുടെ പാട്ടുകേട്ട് പൊട്ടിച്ചിരിക്കുമായിരുന്നു .

ഇതൊക്കെ എങ്ങനെ സാധിച്ചെന്നോ? ഞങ്ങളുടെ പള്ളിക്കൂടത്തിൽ ഒരു കാലയന്ത്രം ഉണ്ടായിരുന്നു. ദൂരയന്ത്രം ഉണ്ടായിരുന്നു. കഥായന്ത്രവും കവിതാ യന്ത്രവും ഉണ്ടായിരുന്നു. ബസ്സിൽ കയറും മുമ്പേ , അഞ്ചുവയസ്സിൽ ഞങ്ങൾ ഈ വാഹനങ്ങളിലെ സ്ഥിരം യാത്രക്കാരായി .

ആരായിരുന്നു ഇതൊക്കെ ഓടിച്ചിരുന്നത് ? ദാ ,താഴെയിരിക്കുന്ന ആൾ . അമ്മിണി ടീച്ചർ എന്നായിരുന്നു ആളുകൾ വിളിച്ചിരുന്നത്. ഒന്നാം ക്ലാസ്സായിരുന്നു വാസസ്ഥലം. ടീച്ചർ എന്നൊക്കെ അഭിനയിച്ചിരുന്നതാണ് .

മന്ത്രവാദിനി ആയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മന്ത്രവാദിനി. ഓരോരുത്തർക്കും എന്ത് നൽകണം എന്നറിയാവുന്ന ആൾ. എന്നെ എന്ത് ചെയ്തെന്നോ? ഭാഷയുടെ കാട്ടിലേയ്ക്ക് കാഞ്ചി വലിച്ചു. ഇപ്പോഴും ഞാൻ ആ കാട്ടിൽ പാഞ്ഞുകൊണ്ടിരിക്കുകയാണ് . വള്ളികളും പടർപ്പുകളും ഉയരങ്ങളും ഗർത്തങ്ങളും കണ്ടുതീരാനാകാതെ.

മലയാളത്തിലെ അക്ഷരങ്ങളേ കരയണ്ട. നിൽക്കാൻ അറിയുന്ന പോലെത്തന്നെ മായാനും അറിയാവുന്ന ആളാണ്

അമ്മിണി ജോർജ്ജ് ( ? – 2021 ഡിസംബർ 7 )

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here