ബി.ജെ.പി സമ്മർദ്ദം; മുനവര്‍ ഫാറൂഖിയെ ഗുഡ്ഗാവ് കോമഡി ഫെസ്റ്റില്‍ നിന്ന് ഒഴിവാക്കി

ഗുഡ്ഗാവ് കോമഡി ഫെസ്റ്റിൽ നിന്ന് സ്റ്റാൻഡപ്പ് കൊമേഡിയൻ മുനവർ ഫാറൂഖിയെ ഒഴിവാക്കി. ബി.ജെ.പി നൽകിയ പരാതിയെ തുടർന്നാണ് നടപടി.

‘പൊതുസുരക്ഷ’ പരിഗണിച്ചാണ് നടപടിയെന്നാണ് സംഘാടകരുടെ വിശദീകരണം. ഡിസംബർ 19ന് ഗുരുഗ്രാമിലെ സോഹ്ന റോഡിലുള്ള ആര്യ മാളിലാണ് പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നത്. ഫാറൂഖിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ഫോൺ കോളുകളും സന്ദേശങ്ങളും ലഭിച്ചതായി സംഘാടകർ വ്യക്തമാക്കി.

പ്രൊമോഷണൽ പോസ്റ്ററുകളിൽ നിന്ന് ഫാറൂഖിയുടെ പേര് ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. മുനവർ ഫാറൂഖിയുടെ ഷോ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്  ഗുരുഗ്രാം പൊലീസിലാണ് പരാതി നൽകിയിരുന്നത്.

ഫാറൂഖി പങ്കെടുക്കുന്നതിനെതിരെ ബി.ജെ.പി പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. തിങ്കളാഴ്ചയാണ് പരാതി ലഭിച്ചതെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ അമൻ യാദവ് പറഞ്ഞു.

2021 ജനുവരി മുതലായിരുന്നു മുനവർ ഫാറൂഖിയ്ക്ക് നേരെ സംഘപരിവാറിൽ നിന്നും പ്രത്യക്ഷമായ ആക്രമണങ്ങൾ വന്നുതുടങ്ങിയത്. ഹിന്ദു ദൈവങ്ങളേയും ബി.ജെ.പി നേതാവ് അമിത് ഷായേയും അപമാനിച്ച് സംസാരിച്ചു എന്ന പരാതിയിന്മേൽ ഫാറൂഖിയെ അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് ഇദ്ദേഹം തുടർച്ചയായി ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങളെ തന്റെ കോമഡി ഷോകളിലൂടെ ചോദ്യം ചെയ്തത് കാരണം സംഘപരിപരിവാറിൽ നിന്നും ആക്രമണങ്ങളുണ്ടാകുകയും തന്റെ പരിപാടികൾ റദ്ദാക്കപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് കരിയർ അവസാനിപ്പിക്കുന്നതായി ഫാറൂഖി പ്രഖ്യാപിച്ചത്.

രണ്ട് മാസത്തിനിടെ ഫാറൂഖിയുടെ 12 ഷോകളാണ് ഇത്തരത്തിൽ റദ്ദാക്കപ്പെട്ടത്. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വഴിയായിരുന്നു ഫാറൂഖി കലാജീവിതം അവസാനിപ്പിച്ച കാര്യം അറിയിച്ചത്. എന്നാൽ ഫാറൂഖിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News