ADVERTISEMENT
അലക്‌സാണ്ടർ ജേക്കബ്ബിന്റെ ”അന്ധവിശ്വാസ തള്ള്”തകർത്ത മിടുക്കനെ സന്ദര്‍ശിച്ച് ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍ എ എ റഹീം. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ:
പഴയ ഡിജിപിയുടെ അന്ധവിശ്വാസ പ്രസംഗം പൊളിച്ചടുക്കിയ മിടുക്കനെ പോയി കണ്ടു. അഭിരാം അരുൺ, ഉസ്മാൻ എന്നീ രണ്ട് പ്ലസ്‌ടു വിദ്യാർഥികളാണ് മുൻ ഡിജിപി അലക്‌സാണ്ടർ ജേക്കബ്ബിന്റെ ”അന്ധവിശ്വാസ തള്ള്”തകർത്തത്.
ഹാർവാർഡ് സർവകലാശാലയിൽ നടത്തിയതായി പറയുന്ന ഒരു പഠനത്തിൽ പ്രത്യേക ദിശ തിരിഞ്ഞു പഠിച്ചാൽ നേട്ടമുണ്ടാക്കാനാകും എന്നാണ് മഹാനായ മുൻ ഡിജിപി പ്രബോധനം നടത്തിയത്.
ഹാർവാർഡ് സർവകലാശാല ഒരിക്കലും നടത്താത്ത പഠനവും,കെട്ടിടം പൊളിക്കലും ഒക്കെ വിശദീകരിച്ചു പറയുന്നത് ഒരു മുൻ ഐപിഎസ് ഓഫീസറാണ് വിശ്വസിക്കാതെ തരമില്ലല്ലോ??!!.
വിശ്വസിച്ചവർ ആഹ്ലാദപൂർവം മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്തു.”വാസ്തു,”ദിശ” എന്നൊക്കെ പറഞ്ഞു ഡിജിപി സാറിന്റെ വീഡിയോ പറന്നുനടന്നു.അഭിരാം എന്ന പന്ത്രണ്ടാം ക്‌ളാസുകാരൻ വളരെ യാദൃശ്ചികമായാണ് ഇൻസ്റ്റാഗ്രാമിൽ ഈ അന്ധവിശ്വാസ വീഡിയോ കണ്ടത്.
കേട്ടപ്പോൾ തോന്നിയ പന്തികേടാണ് സമർഥമായ അന്വഷണത്തിലേയ്ക്ക് നയിച്ചത്.കൂട്ടുകാരൻ ഉസ്മാൻ അഹമ്മദും കൂടെക്കൂടി. ഇപ്പോൾ,ഏറെ പേരെ അന്ധവിശ്വാസത്തിലേയ്ക്ക് നയിച്ച വ്യാജവാർത്ത പൊളിഞ്ഞിരിക്കുന്നു.
കൊല്ലത്തുള്ള അഭിരാമിന്റെ വീട്ടിൽ പോയി.അഭിരാം പറഞ്ഞ ഒരു കാര്യം വളരെ പ്രധാനപ്പെട്ടതായി തോന്നി.ഇത് സംബന്ധിച്ച് ടീച്ചറോട് സംശയം ഉന്നയിച്ചപ്പോൾ ടീച്ചർ പറഞ്ഞത്,”അദ്ദേഹം ഒരു ഐപിഎസ് ഉദ്യോഗസ്ഥനായ ഉന്നതനായ ഒരാളല്ലേ,അദ്ദേഹം പറയുന്നത് ശരിയാരിക്കും”.
ഇത് ടീച്ചറുടെ വ്യക്തിപരമായ പ്രശ്നമല്ല.ഒരു പൊതുബോധമാണ്.ഏതൊരു സാധാരണക്കാരെയും നയിക്കുന്ന ബോധം.”വലിയ സാറല്ലേ,പറയുന്നത് ശരിയായിരിക്കും”.
നോക്കൂ പരമ അബദ്ധം,തികഞ്ഞ അന്ധവിശ്വാസം സത്യമെന്ന നിലയിൽ ജനങ്ങളോട് വിവരിക്കുക.അദ്ദേഹത്തിന്റെ പ്രൊഫൈലും സമൂഹത്തിൽ അലങ്കരിച്ച ഉന്നത സ്ഥാനവും വച്ചാണ് ഈ അന്ധവിശ്വാസ മാർക്കറ്റിങ്. ശുദ്ധ അസംബന്ധമാണ്.
സമൂഹത്തിൽ ശാസ്ത്രാവബോധം വളർത്തുന്നതിന് പകരം ശാസ്ത്ര വിരുദ്ധത വിളമ്പുന്നവരെ സമൂഹം തിരിച്ചറിയണം.,ഒറ്റപ്പെടുത്തണം . ഒരു സമൂഹത്തെയാണ് ഇത്തരക്കാർ വഴിതെറ്റിക്കുന്നത്. ഇതൊരു സോഷ്യൽ ക്രൈമാണ്.
വ്യാജ വാർത്തകളുടെ നടുവിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്.”സത്യാനന്തര കാലത്ത്”(post truth) ഇക്കാലത്തു കിട്ടുന്ന സന്ദേശങ്ങൾ ആര് പറഞ്ഞതായാലും ക്രോസ്‌ചെക്ക് ചെയ്യാതെ വിശ്വസിക്കാനോ,ഫോർവേഡ് ചെയ്യാനോ പാടില്ല.
വ്യാജവാർത്തകൾ ഇന്ന് ലോക സമാധാനത്തിനും പുരോഗതിക്കും തടസ്സമാകുന്നു.2021ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം മരിയ റീസ്സാ എന്ന മധ്യപ്രവർത്തകയ്ക്ക് ലഭിക്കാൻ തന്നെ കാരണം വ്യാജവാർത്തകൾക്കെതിരെ അവർ നടത്തിയ പോരാട്ടത്തിനായിരുന്നു.
വ്യാജ വാർത്തകൾക്കും വീഡിയോകൾക്കും വ്യാജ സന്ദേശങ്ങൾക്കും എതിരായ സമരവും പ്രതിരോധവും നമ്മുടെ അടിയന്തിര കടമയാണ്.സമാധാനത്തിനും നാടിന്റെ നിലനിൽപ്പിനും പുരോഗതിക്കും നവമാധ്യമ സാക്ഷരത അനിവാര്യമാണ്.
അഭിരാം കേട്ടത് പോലെ ലക്ഷക്കണക്കിന് പേർ ഇദ്ദേഹത്തിന്റെ അന്ധവിശ്വാസ വീഡിയോ കേട്ടതാണ്. പറയുന്നതിൽ എന്തെങ്കിലും യുക്തിയുണ്ടോ എന്ന് സ്വയം ആലോചിച്ചു എന്നതാണ് അഭിരാമിനെ വ്യത്യസ്തമാക്കിയത്.ഉസ്മാനെയും.
യുക്തിബോധം നഷ്ടപ്പെട്ടവരായി മലയാളി മാറരുത്. ഏത് സാറന്മാർ ശാസ്ത്ര വിരുദ്ധത വിളമ്പിയാലും തൊണ്ടതൊടാതെ വിഴുങ്ങാൻ പാകത്തിൽ വാ തുറന്ന് കാത്തിരിക്കുന്നവരായി മലയാളി മാറരുത്.
അന്ധവിശ്വാസങ്ങൾക്കും ശാസ്ത്ര വിരുദ്ധ പ്രചാരണങ്ങൾക്കും കേരളത്തിലെ വലതുപക്ഷവൽക്കരണത്തിനും എതിരെ ഡിവൈഎഫ്ഐ സംസ്ഥാനത്ത് വിപുലമായ പ്രചാരണം തുടരുന്നതിന്റെ കൂടി ഭാഗമായാണ് അഭിരാമിനെ സന്ദർശിച്ചത്.രാത്രി വൈകിയതിനാൽ ഉസ്മാന്റെ വീട്ടിലെത്താൻ ഇന്ന് കഴിഞ്ഞില്ല.നാളെ കൊല്ലത്തെ ഡിവൈഎഫ്ഐ നേതാക്കൾ ഉസ്മാനെ സന്ദർശിക്കും.
ഇരുവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
രണ്ട് മിടുക്കന്മാർക്കും ഡിവൈഎഫ്ഐ തയ്യാറാക്കി നൽകിയ ഉപഹാരത്തിൽ രേഖപ്പെടുത്തിയ വാചകം എഴുതി അവസാനിപ്പിക്കാം.
“ശാസ്ത്രചിന്തയും വൈജ്ഞാനികാവബോധവും കൊണ്ട് സത്യാനന്തരകാലത്തെ ചോദ്യം ചെയ്യുന്ന അഭിരാം അരുൺ
ഉസ്മാൻ അഹമ്മദ്”❤️❤️
ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി എസ് ആർ അരുൺബാബു,പ്രസിഡന്റു ശ്യാം മോഹൻ,ചാത്തന്നൂർ ബ്ലോക്ക് സെക്രട്ടറി എം ഹരികൃഷ്ണൻ ,ജില്ലാസെക്രട്ടറിയേറ്റ് അംഗം
എസ് ഷബീർ,പരവൂർ മേഖലാ സെക്രട്ടറി ആർ സതീഷ്‌കുമാർ,സിപിഐഎം ലോക്കൽ സെക്രട്ടറി ജെ യാക്കൂബ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.