ശരീരം തളർന്ന കാസർഗോഡ് കമ്പല്ലൂരിലെ ടി എ ഷാനവാസിൻ്റെ അതിജീവനം സമാന നിലയിലുള്ളവരുടെ ജീവിതത്തിന് ആവേശവും പ്രചോദനവും പകരുന്നു.
ഒരു പതിറ്റാണ്ടിലേറെയായി ബെഡ്ഡിൽ ജീവിതം തളയ്ക്കപ്പെട്ട ഷാനവാസ് മരവ്യാപാര രംഗത്ത് വലിയ മുന്നേറ്റമാണ് സൃഷ്ടിച്ചിട്ടുള്ളത്. തൻ്റെ ബിസിനസ് ലാഭത്തിൽ ഒരു വിഹിതം നിരാലംബ ജീവിതങ്ങൾക്ക് വേണ്ടി മാറ്റിവെയ്ക്കുന്നുമുണ്ട് ഈ മനുഷ്യസ്നേഹി.
അപ്രതീക്ഷിതമായാണ് ഷാനവാസിൻ്റെ ജീവിതം മാറി മറിഞ്ഞത്. ആകസ്മികമായി ഭാര്യാപിതാവ് മുഹമ്മദ് കുഞ്ഞി മരണപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ മരവ്യാപാരം ഷാനവാസിന് ഏറ്റെടുക്കേണ്ടിവന്നു.
2010 മെയ് ആറിന് വലിയൊരു ദുരന്തം ഷാനവാസിന് നേരിടേണ്ടിവന്നു. ബിസിനസ് ആവശ്യത്തിന് കർണാടകയിലെ കാർക്കളയിൽ പോയി തിരിച്ചു വരുമ്പോൾ പെരിയ കുണിയയിൽ ഷാനവാസ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു.
ഷാനവാസിൻ്റെ നട്ടെല്ലിന് ഗുരുതരമായി ക്ഷതമേറ്റു.തുടർന്ന് മംഗളുരുവിലും വെല്ലൂരിലും മാസങ്ങൾ നീണ്ട ചികിത്സ.ബിസിനസ് തകർന്നതിനൊപ്പം സാമ്പത്തികമായും പ്രയാസത്തിലായി.
വെല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കിടക്കയിൽ കിടന്നു കൊണ്ട് ബിസിനസ് പുനരാരംഭിക്കാൻ ഷാനവാസ് തീരുമാനിച്ചു. ഭാര്യ റഹ്മത്തും ആ തീരുമാനത്തെ പിന്തുണച്ചു.ശരീരം തളർന്നപ്പോഴും തളരാത്ത മനസ് തനിക്ക് അതിനുള്ള കരുത്ത് പകർന്നതായി ഷാനവാസ് പറഞ്ഞു.
ആശുപത്രിയിൽ നിന്നും വീട്ടിൽ തിരിച്ചെത്തിയ ഷാനാവിൻ്റെ ജീവിതം ഒരു മുറിക്കുള്ളിൽ ചുരുങ്ങിയെങ്കിലും കിടക്കയിൽ കിടന്നു കൊണ്ട് ഷാനവാസ് തൻ്റെ ബിസിനസ് നിയന്ത്രിച്ചു. സി സി ടി വി മുഖേനെ വ്യാപാര സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. ഫോണിലൂടെ ഇടപാടുകാരുമായി നിരന്തരം ബന്ധപ്പെട്ടു.
മാസങ്ങൾക്കുള്ളിൽ പഴയ നിലയിൽ വ്യാപാരം പുരോഗമിച്ചു. മാത്രമല്ല ബിസിനസ് കൂടുതൽ വിപുലീകരിക്കുകയും ചെയ്തു. ഷാനവാസിൻ്റെ എൻ പി എം ടിമ്പേഴ്സിന് പരപ്പയിലും ശാഖ തുടങ്ങാനായി. ഭാര്യ റഹ്മത്തും മക്കളായ ഫിദ ഫാത്തിമയും നിത ഫാത്തിമയും ബിസിനസിൽ സഹായിച്ചു.തന്നെപ്പോലെ ശരീരം തളർന്നവരെ ജീവിതം തിരിച്ചു പിടിക്കാൻ സഹായിക്കണമെന്നാണ് സമൂഹത്തോടുള്ള ഷാനവാസിൻ്റെ അഭ്യർഥന.
ശരീരം തളർന്നുവെങ്കിലും മറ്റുളളവരെ ബുദ്ധിമുട്ടിക്കാതെ ജീവിതം മുന്നോട്ടു കൊണ്ടു പോകുവാൻ സാധിക്കുന്നതിൽ സന്തോഷത്തിലാണ് ഇപ്പോൾ 47 കാരനായ ഷാനവാസ്.
തന്നെപ്പോലെ പ്രയാസം അനുഭവിക്കുന്നവരെയും നിരാലംബ രെയും ഷാനവാസ് സഹായിക്കുന്നുണ്ട്. ബിസിനസിലെ വരുമാനത്തിൽ നിന്ന് ഒരുവിഹിതം ഇതിനായി ഷാനവാസ് നീക്കിവെക്കുന്നുമുണ്ട്. അതെ, ഷാനവാസിൻ്റെ ജീവിതം സമൂഹത്തിന് മാതൃകയണ്… ഒപ്പം പ്രചോദനവും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.