ഐ എസ് എല്‍: കാൽപന്ത് കളി പ്രേമികൾക്ക് നിരാശയായി സന്ദേശ് ജിങ്കന്‍റെ അസാനിധ്യം

ഐ എസ് എല്‍ ആവേശകരമായി പുരോഗമിക്കുമ്പോഴും രാജ്യത്തെ കാൽപന്ത് കളി പ്രേമികൾ തെല്ല് വിഷമത്തിലാണ്. പരിക്ക് കാരണം പ്രിയതാരം സന്ദേശ് ജിങ്കന് ക്രയേഷ്യൻ ലീഗിൽ ഇതുവരെ അരങ്ങേറാൻ സാധിച്ചിട്ടില്ല.

പരുക്ക് വിടാതെ പിന്തുടരുന്നതാണ് ഇന്ത്യൻ പ്രതിരോധ നിരയിലെ നെടുന്തൂണായ സന്ദേശ് ജിങ്കന്റെ യൂറോപ്യൻ ഫസ്റ്റ് ഡിവിഷൻ ലീഗ് അരങ്ങേറ്റത്തിന് തിരിച്ചടിയായിട്ടുള്ളത്.

ജിങ്കന്റെ അരങ്ങേറ്റം വൈകുന്നതിൽ രാജ്യത്തെ കാൽപന്ത് കളി ആരാധകർ നിരാശരാണ്. ക്രൊയേഷ്യൻ ക്ലബ്ബായ എച്ച്.എൻ.കെ സിബനെക്കിന്റെ സോഷ്യൽ മീഡിയ അക്കൌണ്ടുകളിലൂടെയും മറ്റുമായി അനവധി പേരാണ് ജിങ്കന്റെ വിവരം തിരക്കുന്നത്.

ഒടുവിൽ പ്രിയ താരത്തെക്കുറിച്ചുള്ള ആരാധകരുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് പ്രശസ്ത ഇന്ത്യൻ സ്പോർട്സ് ജർണലിസ്റ്റായ മാർക്കസ് മെർഗുൽഹാവോ. ജിങ്കൻ പരുക്കിന്റെ പിടിയിലെന്നാണ് മെർഗുൽഹാവോയുടെ ട്വീറ്റ്. ഐ എസ് എല്ലിൽ വരുന്ന ജനുവരിയിൽ ജിങ്കനെ തിരികെ കാണാൻ സാധിക്കുമോയെന്ന ചോദ്യത്തിന് ഒരു സാധ്യതയുമില്ലെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 18 നാണ് ക്രൊയേഷ്യൻ ഫുട്ബോൾ ലീഗിലെ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ എച്ച്.എൻ.കെ സിബനെക്കുമായി ചണ്ഡീഗഡുകാരൻ ആയ സന്ദേശ് ജിങ്കൻ കരാർ ഒപ്പിട്ടത്. പരുക്ക് ഏറെക്കുറെ മാറി ഒക്ടോബർ മാസം ടീം സ്ക്വാഡിൽ ഉൾപ്പെട്ടിരുന്നെങ്കിലും വീണ്ടും പരിക്ക് വില്ലനാവുകയായിരുന്നു.

സന്ദേശ് ജിങ്കൻ ക്ലബ്ബിലെത്തിയ ശേഷം എച്ച്.എൻ.കെ സിബനെക്ക് ക്ലബ്ബിന് ഇന്ത്യയിലും ആരാധകർ ഏറെയാണ്. ഐ എസ് എൽ ആവേശകരമായി പുരോഗമിക്കുമ്പോഴും പ്രിയ താരത്തിന്റെ അരങ്ങേറ്റമാണ് രാജ്യത്തെ കാൽപന്ത് കളി പ്രേമികൾ ഉറ്റുനോക്കുന്നത്.

നിലവിൽ  18 മത്സരങ്ങളിൽ നിന്നും 19 പോയിൻറുമായി ക്രൊയേഷ്യൻ ലീഗിൽ ഏഴാം സ്ഥാനത്താണ് ജിങ്കന്റെ ക്ലബ്ബായ എച്ച്.എൻ.കെ സിബനെക്ക് . റിജേക്ക എഫ്.സിയാണ് ലീഗിൽ ഒന്നാമതുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here