നാഗാലാ‌ൻഡ് വെടിവെപ്പ്; അമിത് ഷായുടെ വാദം തള്ളി പരിക്കേറ്റ തൊഴിലാളികൾ

വാഹനം നിർത്താൻ തയ്യാറാകാത്തതാണ് വെടിവെപ്പിന് കാരണം എന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദം തള്ളി സംഭവത്തിൽ പരിക്കേറ്റ തൊഴിലാളികൾ. ട്രക്ക് നിർത്താൻ ആവശ്യപ്പെട്ടില്ല എന്നും അല്ലാതെ തന്നെ സൈന്യം തങ്ങളുടെ നേരെ നിരന്തരമായി വെടിയുതിർത്തതാണെന്നും പരിക്കേറ്റ തൊഴിലാളി പ്രതികരിച്ചു.

ശനിയാഴ്ച വൈകുന്നേരം ഖനിത്തൊഴിലാളികളുടെ സംഘത്തിന് നേരെ സൈന്യം നടത്തിയ വെടിവെപ്പിൽ നിന്ന് രക്ഷപ്പെട്ട രണ്ട് പേരിൽ ഒരാളായ 23-കാരനായ ഷെയ്‌വാങാണ് ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തൽ നടത്തിയത്.

സുരക്ഷാ സേന ട്രക്ക് നിർത്താൻ ആവശ്യപ്പെട്ടില്ലെന്നും തങ്ങൾക്ക് നേരെ തുടരെ സൈന്യം വെടിയുതിർത്തുവെന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷെയ്‌വാങ് വ്യക്തമാക്കുന്നത്. പാർലമെന്റിന്റെ ഇരു സഭകളിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവന തെറ്റെന്ന് വ്യക്തമാക്കുന്നതാണ് പരിക്കേറ്റ തൊഴിലാളികളുടെ പ്രതികരണങ്ങൾ.

സുരക്ഷാ സേന ആവശ്യപ്പെട്ടിട്ടും വാഹനം നിർത്താതെ പോയതാണ് വെടിവെപ്പിന് കാരണം എന്നായിരുന്നു അമിത് ഷായുടെ വിശദീകരണം. ഷെയ്‌വാങ് അടക്കം നിരവധി ആളുകൾ അസമിലെ ദീബ്രുഗഡ്‌ ആശുപത്രിയിൽ ചികിത്സയിലാണ് ആണ്. അതേസമയം, വെടിവെപ്പ് തെറ്റിദ്ധാരണ മൂലമെന്ന് ആവർത്തിച്ചു സൈന്യം വീണ്ടും രംഗത്തെത്തി. സുരക്ഷാ സേന വാഹനം നിർത്താൻ അവശ്യപ്പെട്ടിരുന്നെന്നും എന്നാൽ അത് വാഹനത്തിലുള്ളവർ കേട്ട് കാണില്ലെന്നുമാണ് സൈന്യത്തിന്റെ വിശദീകരണം.

അതേസമയം, സുരക്ഷാ സേന നടത്തിയ കൂട്ടക്കൊലപാതകത്തിന് പിന്നാലെ സായുധ സേനക്ക് പ്രത്യേക അധികാരം നൽകുന്ന അഫ്സ്പ പിൻവലിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. നാഗാലാൻഡ് സർക്കാരും ഇതേ ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നത് ബിജെപിയെ കൂടുതൽ സമ്മർദത്തിലാക്കുന്നുണ്ട്.

നാഗാലാൻഡിൽ മാത്രമല്ല വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് മുഴുവൻ അഫ്സ്പ പിൻവലിക്കണമെന്നാണ് നാഗാലാൻഡ് സർക്കാരിന്റെ ആവശ്യം. ശനിയാഴച്ച നടന്ന വെടിവെപ്പിന് പിന്നാലെ പുറത്തുവന്ന ദൃശ്യങ്ങളും ഭയാനകമാണ്. ഗ്രാമീണർക്ക് നേരെ സുരക്ഷാ സേന വെടിയുതിർക്കുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗ്രാമീണർക്ക് നേരെ സുരക്ഷ സേന നിർത്താതെ വെടി ഉതിർക്കുന്നതും ചിതറി ഓടുന്നതുനിടയിൽ കാലിൽ വെടിയേറ്റു വീഴുന്നതും പുറത്തു വന്ന ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News