എറണാകുളം ജില്ലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് മികച്ച വിജയം

എറണാകുളം ജില്ലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് മികച്ച വിജയം. തുല്യ അംഗബലമായിരുന്ന പിറവം നഗരസഭാ ഭരണം വിജയത്തോടെ എല്‍ഡിഎഫ് നിലനിര്‍ത്തി. കൊച്ചി കോര്‍പ്പറേഷനിലെ സിറ്റിംഗ് സീറ്റായ ഗാന്ധി നഗര്‍ ഡിവിഷനില്‍ വന്‍ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു ശിവനും വിജയിച്ചു.

മികച്ച ഭൂരിപക്ഷത്തിലാണ് കൊച്ചി കോര്‍പ്പറേഷനിലെ ഗാന്ധിനഗര്‍ 63ാം ഡിവിഷനിലും പിറവം നഗരസഭയിലെ ഇടപ്പിളളിച്ചിറ 14ാം വാര്‍ഡിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയച്ചത്. 27 അംഗ പിറവം നഗരസഭയില്‍ 13- 13 എന്ന നിലയില്‍ ബലാബലമായതിനാല്‍ ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമായിരുന്നു.

ഇടപ്പിളളിച്ചിറയില്‍ 26 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ യുഡിഎഫിലെ അരുണ്‍ കല്ലറയ്ക്കലിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അജേഷ് മനോഹര്‍ പരാജയപ്പെടുത്തി. ഇതോടെ പിറവം നഗരസഭാ ഭരണവും എല്‍ഡിഎഫ് നിലനിര്‍ത്തി.

മൂന്നര പതിറ്റാണ്ടായി എല്‍ഡിഎഫിന്‍റെ ചെങ്കോട്ടയായിരുന്ന കൊച്ചി കോര്‍പ്പറേഷനിലെ ഗാന്ധിനഗര്‍ ഡിവിഷനില്‍ വന്‍ ഭൂരിപക്ഷത്തോടെയായിരുന്നു വിജയം. ഇവിടെ സിറ്റിംഗ് കൗണ്‍സിലര്‍ ആയിരുന്ന കെ കെ ശിവന്‍റെ ഭാര്യ ബിന്ദു ശിവന്‍ 687 വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി ഡി മാര്‍ട്ടിനെ പരാജയപ്പെടുത്തിയത്.

ജയത്തോടെ 74 അംഗ കൊച്ചി കോര്‍പ്പറേഷനില്‍ സ്വതന്ത്രന്മാരുടെ പിന്തുണയോടെ എല്‍ഡിഎഫ് കൂടുതല്‍ ശക്തരായി. കോര്‍പ്പറേഷന്‍റെ മാത്രമല്ല, എല്‍ഡിഎഫ് സര്‍ക്കാരിനുളള അംഗീകാരം കൂടിയാണ് ഈ വിജയമെന്ന് കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍.

തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ ഇടത് മുന്നേറ്റം ആവര്‍ത്തിക്കാനായതും പിറവം നഗരസഭാ ഭരണം നിലനിര്‍ത്താനായും ജില്ലയില്‍ ഇടതുപക്ഷത്തിന് രാഷ്ട്രീയനേട്ടം കൂടിയായി മാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News