സൈനിക ഹെലികോപ്റ്റർ അപകടം; 13 പേർ മരിച്ചതായി എ.എൻ.ഐ റിപ്പോര്‍ട്ട്

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്റർ ഊട്ടിയിലെ കൂനൂരിൽ തകർന്നു വീണു. 13 പേർ മരിച്ചതായി വാർത്താ ഏജൻസിയായ എ.എൻ.ഐ സ്ഥിരീകരിച്ചു.

80 ശതമാനം പൊള്ളലേറ്റ ബിപിൻ റാവത്തിൻറെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കൂനുരിലെ സൈനിക ആശുപത്രിയിലാണ് റാവത്ത് ഇപ്പോഴുള്ളത്. മരിച്ചവരെ തിരിച്ചറിയാനായി ഡി.എൻ.എ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.

ഉച്ചക്ക് 12.20 ഓടെ ഊട്ടിയിലെ കൂനൂരിലെ നഞ്ചപ്പുര സത്രത്തിനും കട്ടേരി ഫാമിനും സമീപത്തായിരുന്നു അപകടം. ബിപിൻ റാവത്ത് അടക്കം 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. സുലൂർ വ്യോമകേന്ദ്രത്തിൽ നിന്ന് വെല്ലിങ്ടൺ കൻറോൺമെൻറിലെ ഡിഫൻസ് സർവീസസ് കോളജിലേക്ക് പോവുകയായിരുന്നു സംഘം.

ഡിഫൻസ് സർവീസസ് കോളജിൽ സംഘടിപ്പിച്ച കേഡറ്റ് ഇൻററാക്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാനായിരുന്നു യാത്ര.വ്യോമസനേയുടെ നൂതന എം.ഐ 17വി5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

ഡിഫൻസ് സർവീസസ് കോളജിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാ‍യി ജനറൽ ബിപിൻ റാവത്തും സംഘവും ദില്ലിയിൽ നിന്ന് രാവിലെയാണ് പ്രത്യേക വിമാനത്തിൽ കോയമ്പത്തൂരിലെ സുലൂർ വ്യോമകേന്ദ്രത്തിൽ എത്തിയത്. ഉച്ചക്ക് 2.40ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ 11.40നാണ് ബിപിൻ റാവത്തും സംഘവും ഹെലികോപ്റ്ററിൽ പുറപ്പെട്ടത്.

12.10ന് വെല്ലിങ്ടൺ കൻറോൺമെൻറിൽ എത്തിയെങ്കിലും മൂടൽമഞ്ഞ് കാരണം ഹെലികോപ്റ്റർ ഇറക്കാൻ സാധിച്ചില്ല. തുടർന്ന് ഹെലികോപ്റ്റർ സുലൂർ വ്യോമകേന്ദ്രത്തിലേക്ക് മടങ്ങി. 10 കിലോമീറ്റർ പിന്നിട്ടതോടെ ഏകദേശം 12.20ന് കുനൂരിലെ കട്ടേരി ഫാമിന് സമീപത്തായി ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു.

അപകടസ്ഥലത്തിന് 300 മീറ്റർ ചുറ്റളവിൽ സൈന്യം, പൊലീസ്, അഗ്നിശമനസേന എന്നിവരുടെ നേതൃത്വത്തിലാണ് കാണാതായവർക്ക് വേണ്ടി തിരച്ചിൽ നടത്തിയത്. അപകടത്തെ കുറിച്ച് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. ദില്ലിയിൽ ചേർന്ന ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം സ്ഥിതിഗതികൾ വിലയിരുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News