സൈനിക ഹെലികോപ്റ്റര്‍ അപകടം; ബിപിന്‍ റാവത്തും ഭാര്യയും മരിച്ചു

സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരുമടക്കം 13 പേര്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഊട്ടിയിലെ കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു.

ഉച്ചക്ക് 12.20 ഓടെ ഊട്ടിയിലെ കൂനൂരിലെ നഞ്ചപ്പുര സത്രത്തിനും കട്ടേരി ഫാമിനും സമീപത്തായിരുന്നു അപകടം. ബിപിന്‍ റാവത്ത് അടക്കം 14 പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലെ ഡിഫന്‍സ് സര്‍വീസസ് കോളജിലേക്ക് പോവുകയായിരുന്നു സംഘം.

ഡിഫന്‍സ് സര്‍വീസസ് കോളജില്‍ സംഘടിപ്പിച്ച കേഡറ്റ് ഇന്ററാക്ഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാനായിരുന്നു യാത്ര.വ്യോമസനേയുടെ നൂതന എം.ഐ 17വി5 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

ഡിഫന്‍സ് സര്‍വീസസ് കോളജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനായി ജനറല്‍ ബിപിന്‍ റാവത്തും സംഘവും ദില്ലിയില്‍ നിന്ന് രാവിലെയാണ് പ്രത്യേക വിമാനത്തില്‍ കോയമ്പത്തൂരിലെ സുലൂര്‍ വ്യോമകേന്ദ്രത്തില്‍ എത്തിയത്. ഉച്ചക്ക് 2.40ന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ 11.40നാണ് ബിപിന്‍ റാവത്തും സംഘവും ഹെലികോപ്റ്ററില്‍ പുറപ്പെട്ടത്.

12.10ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റില്‍ എത്തിയെങ്കിലും മൂടല്‍മഞ്ഞ് കാരണം ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഹെലികോപ്റ്റര്‍ സുലൂര്‍ വ്യോമകേന്ദ്രത്തിലേക്ക് മടങ്ങി. 10 കിലോമീറ്റര്‍ പിന്നിട്ടതോടെ ഏകദേശം 12.20ന് കുനൂരിലെ കട്ടേരി ഫാമിന് സമീപത്തായി ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുകയായിരുന്നു.

അപകടസ്ഥലത്തിന് 300 മീറ്റര്‍ ചുറ്റളവില്‍ സൈന്യം, പൊലീസ്, അഗ്‌നിശമനസേന എന്നിവരുടെ നേതൃത്വത്തിലാണ് കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിയത്. അപകടത്തെ കുറിച്ച് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. ദില്ലിയില്‍ ചേര്‍ന്ന ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News