ശാസ്‌ത്ര ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക്‌ രൂപം നൽകും; കോടിയേരി ബാലകൃഷ്‌ണൻ

കേരളത്തെ ശാസ്‌ത്രബോധവും ചരിത്രബോധവുമുള്ള വൈജ്ഞാനിക സമൂഹമാക്കി നിലനിർത്താനുള്ള വിപുലമായ പ്രവർത്തനങ്ങൾക്ക്‌ സിപിഐ എം നേതൃത്വം നൽകുമെന്ന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. സംസ്ഥാന സമ്മേളനം ഇതിനുള്ള പ്രവർത്തനങ്ങൾക്ക്‌ രൂപം നൽകും. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം എറണാകുളത്ത്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷ അടിത്തറയും നവോത്ഥാനമൂല്യങ്ങളും ഇല്ലാതാക്കി കേരളത്തെ വലതുപക്ഷത്താക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു. ശാസ്‌ത്രബോധവും ചരിത്രബോധവും സമൂഹത്തിന്‌ നഷ്‌ടമായാൽ മതമൗലികവാദികൾക്കും വർഗീയശക്തികൾക്കും എളുപ്പം കടന്നുകയറാൻ കഴിയും.

ശാസ്‌ത്രബോധമുള്ള സമൂഹത്തെ നിലനിർത്താനുള്ള പ്രവർത്തനം സാക്ഷരതാ പ്രസ്ഥാനം പോലെ ജനകീയ മുന്നേറ്റമാക്കണം. ഇതിന്‌ സിപിഐ എം നേതൃത്വം നൽകും.

സംസ്ഥാനത്തിന്റെ വികസനം തടയാനുള്ള പ്രചാരണം നടക്കുകയാണ്‌. യുഡിഎഫ്‌ ഭരണകാലത്ത്‌ അതിവേഗ റെയിൽ പദ്ധതി എന്ന ആശയം വന്നപ്പോൾ പ്രതിപക്ഷത്തിരുന്ന്‌ സിപിഐ എം പിന്തുണച്ചു. അന്ന്‌ അതിവേഗ റെയിൽ പറഞ്ഞവർ ഇപ്പോൾ അർധ അതിവേഗ റെയിലിനെ എതിർക്കുന്നു.

യുഡിഎഫ്‌ ഭരണകാലത്ത്‌ ദേശീയപാത 45 മീറ്ററോ 30 മീറ്ററോ എന്ന്‌ സർവകക്ഷിയോഗത്തിൽ ചർച്ച വന്നപ്പോൾ 45 മീറ്റർ വേണമെന്ന്‌ പ്രതിപക്ഷത്തിരുന്ന്‌ സിപിഐ എം നിലപാടെടുത്തു. സംസ്ഥാനത്തിന്‌ മുന്നോട്ടുപോകാൻ നാലുവരി ദേശീയപാതയും മലയോരപാതയും തീരദേശപാതയും ദേശീയ ജലപാതയും സെമി സ്‌പീഡ്‌ റെയിലും ഉൾപ്പെടെയുള്ള ഗതാഗതസംവിധാനം കൂടിയേ കഴിയൂ.

ഏറ്റെടുക്കുന്ന സ്ഥലത്തിന്‌ മാർക്കറ്റ്‌ വിലയേക്കാൾ കൂടുതൽ വിലയാണ്‌ എൽഡിഎഫ്‌ സർക്കാർ നൽകുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here