കൂനൂർ ഹെലികോപ്റ്റർ അപകടത്തിലെ ദുരൂഹതകൾ ഏറുന്നു…

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ ദുരൂഹതകൾ ഏറുന്നു. മികച്ച സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന എംഐ 17 വി 5 ഹെലികോപ്റ്റർ അപകടത്തിൽ പെട്ടത് എങ്ങനെ എന്ന് വിദഗ്ദർക്ക് പോലും കണ്ടെത്താൻ കഴിയുന്നില്ല. ഹെലികോപ്റ്ററിൻ്റെ ബ്ലാക്ക് ബോക്സ് കണ്ടെത്താൻ സാധിച്ചാൽ മാത്രമേ കൃത്യമായ കാരണം കണ്ടെത്താൻ കഴിയൂ..

ഒരേ സമയം മുപ്പതിൽ കൂടുതൽ സൈനികരെ അല്ലെങ്കിൽ 1800 കിലോ ഭാരമുള്ള വസ്തുക്കൾ എന്നിവ വഹിക്കാൻ ഉള്ള ശേഷി. 250 മുതൽ 300 കിലോമീറ്റർ വരെ വേഗതയിൽ ഓട്ടോ പൈലറ്റ് സഹായത്തോടെ യാത്ര ചെയ്യാൻ ഉള്ള ശേഷി.

അത്യാധുനിക പ്രതിരോധ ആയുധ സംവിധാനവും ഘടിപ്പിക്കാവുന്ന കരുതൽ ഇന്ധന ശേഖരം ഉപയോഗിച്ച് 6000 അടി ഉയരത്തിൽ വരെ പറക്കാൻ ഉള്ള കരുത്ത്. കൂനൂരിൽ തകർന്ന് വീണ എംഐ 17 വി 5 എന്ന റഷ്യൻ സാങ്കേതിക വിദ്യയിൽ നിർമിച്ച ഹെലികോപ്റ്ററിൻ്റെ പ്രത്യേകതയാണ് ഇവ.

ഇത്രയും സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിട്ടും എംഐ സീരീസിൽ പെട്ട സൈനിക ഹെലികോപ്റ്റർ രാജ്യത്ത് അപകടത്തിൽ പെടുന്നത് ഇത് എട്ടാം തവണയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം മൂന്ന് അപകടങ്ങൾ എംഐ 17 വി 5 എന്ന കാറ്റഗറിയിലെ ഹെലികോപ്റ്ററുകൾക്ക് ഉണ്ടായി എന്നതും ഗൗരവമേറിയ ചർച്ചകൾക്ക് ആണ് വഴി വെയ്ക്കുന്നത്.

യന്ത്ര തകരാറ് ഉണ്ടാവില്ല എന്ന് വിദഗ്ധർ ആവർത്തിച്ച് പറയുമ്പോൾ തെറ്റ് പറ്റിയത് ആർക്കാണ് എന്ന ചോദ്യം നീളുന്നത് കേന്ദ്ര സർക്കാരിന് നേരെ ആണ്. ഇന്ത്യൻ സായുധ സേനയുടെ ഉപയോഗത്തിന് വേണ്ടി എംഐ 17 വി 5 റഷ്യയിൽ നിന്ന് വാങ്ങിയ കേന്ദ്ര സർക്കാര് 2019 മുതൽ ഇവയുടെ നിർമാണവും അറ്റകുറ്റ പണികളും നടത്തുന്നത് ഇന്ത്യയിൽ വെച്ചാണ്.

ഇന്ത്യൻ സൈന്യാധിപൻ സഞ്ചരിച്ച ഹെലികോപ്റ്ററിന് പോലും സുരക്ഷാ സംവിധാനങ്ങൾ മതിയാകുന്നില്ല എന്നത് ഇന്ത്യൻ സൈന്യത്തിന് മാത്രമല്ല രാജ്യ സുരക്ഷയ്ക്ക് തന്നെ വെല്ലുവിളി ആണ്. പരിചയ സമ്പന്നനായ സേനയിലെ പൈലറ്റിന് ഏത് പ്രതികൂല കാലാവസ്ഥയിലും ഹെലികോപ്റ്റർ നിയന്ത്രിക്കാൻ പരിശീലനം ലഭിച്ചിട്ടുണ്ട്.

മോശം കാലാവസ്ഥയെ തുടർന്ന് ലാൻഡിങ് നടത്തിയപ്പോൾ ഉണ്ടായ പിഴവ് ആകാം എന്നാണ് പ്രാഥമിക നിഗമനം എങ്കിലും സൂളൂരിൽ നിന്ന് വെല്ലിങ്ടൺ വരെയുള്ള കുറഞ്ഞ ഫ്ലയിങ് സമയത്ത് യന്ത്ര തകരാറ് ഉണ്ടായില്ലെങ്കിൽ എമർജൻസി ലാൻഡിങ്ങിന് മറ്റ് സ്ഥലങ്ങളും പരിഗണിക്കാവുന്നതായിരുന്നു.

ഈ സാഹചര്യത്തിലാണ് ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് കാണാതായ ബ്ലാക്ക് ബോക്സ് നിർണായക ഘടകമാകുന്നത്. സംഭവിച്ചത് സുരക്ഷാ വീഴ്ച ആണോ എന്നത് ഉൾപ്പടെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയാൽ മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കൂ.

ദൃക്സാക്ഷികൾ പറയും പോലെ ക്രാഷ് ലാൻഡിങ്ങിന് മുൻപാണ് ഹെലികോപ്റ്ററിന് തീ പിടിച്ചത് എങ്കിൽ കേന്ദ്ര സർക്കാരും സൈന്യവും മറുപടി പറയേണ്ടി വരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News