വഖഫ് വിഷയത്തിൽ സമസ്തയില്ലാത്ത ലീഗ് റാലി ഇന്ന്

വഖഫ് വിഷയത്തിൽ സമസ്തയില്ലാത്ത ലീഗ് റാലി ഇന്ന്. സംസ്ഥാന സർക്കാറിനെതിരെ രാഷ്ട്രീയ നീക്കം നടത്താനുള്ള ലീഗ് തീരുമാനത്തെ സമസ്ത നേതൃത്വം പരസ്യമായി തള്ളിയിരുന്നു. ഇതോടെ ജമാഅത്തെ ഇസ്ലാമിയെ കുട്ട് പിടിച്ച് സമരം നടത്താനാണ്  ലീഗ് നീക്കം. ഇതിനെതിരെ ഒരു വിഭാഗം നേതാക്കളും അണികളും ശക്തമായ പ്രതിഷേധമുയർത്തിക്കഴിഞ്ഞു.

ചരിത്രത്തിലാദ്യമായാണ് സമസ്തയും ലീഗും പരസ്യ വിയോജിപ്പും വ്യത്യസ്തനിലപാടുമായി രംഗത്ത് വരുന്നത്.   സർക്കാരിനെതിരെ  എന്ന് പറയുമ്പോഴും സമസ്തക്കെതിരായ പ്രതിഷേധമാകും  ഇന്ന് വൈകിട്ടത്തെ  മുസ്ലിം ലീഗ് റാലി.

വഖഫ് വിഷയത്തിൽ സർക്കാരിനെതിരെ സമരം ചെയ്യാനില്ലെന്ന സമസ്തയുടെ തീരുമാനം ലീഗ് നേതൃത്വത്തെ വലിയ തോതിൽ  പ്രതിസന്ധിയിലാക്കിയിരുന്നു.  മുഖ്യമന്ത്രിയുടെ നിർദേശങ്ങളെ പൂർണ്ണമായും സ്വാഗതം ചെയ്യുന്ന നിലപാടാണ് സമസ്ത നേതാക്കൾ സ്വീകരിച്ചത്.

സമസ്തയുടെ ഈ നിലപാടിൽ  കടുത്ത അതൃപ്തിയാണ്  ലീഗിലെ ഒരു വിഭാഗം പ്രകടിപ്പിക്കുന്നത്. മുസ്ലീം കോഡിനേഷനിലില്ലെന്നും തീരുമാനം തങ്ങൾക്ക് ബാധകമല്ലെന്നുമാണ് ബുധനാഴ്ച സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞത്. സമസ്തയുടെ ഈ ഉറച്ച നിലപാടിലാണ് ലീഗിന് രോഷം.

സമസ്തയില്ലെങ്കിലും സമരം നടത്തും എന്ന് വെല്ലുവിളിക്കുന്നുണ്ടെങ്കിലും ലീഗ് വലിയ ആശങ്കയിലാണ്.  സമുദായത്തെ എന്നും രാഷ്ട്രീയ ലാഭത്തിനുപയോഗിക്കുന്ന  ലീഗിനേറ്റ വലിയ തിരിച്ചടിയാണ് സമസ്തയുടെ തീരുമാനങ്ങൾ.

ആരാധനാലയങ്ങളെ രാഷ്ട്രീയവേദിയാക്കുന്നതുമായി ബന്ധപ്പെട്ടാണ് സമസ്ത ഇടഞ്ഞത്. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത് ഭിന്നതയ്ക്ക് ആക്കം കൂട്ടി. സമുദായ കോഡിനേഷനിലില്ലെന്ന പ്രഖ്യാപനവും ലീഗിന്ഞെ ട്ടലായി. ബുധനാഴ്ച ജിഫ്രി തങ്ങൾ നിലപാട് ആവർത്തിച്ചതോടെ   അനു രഞ്ജന നീക്കവും പൊളിഞ്ഞു.

ഇന്ന് വൈകിട്ട് നടക്കുന്ന  വഖഫ് സംരക്ഷണറാലി ശക്തി പ്രകടനമാക്കി സമസ്തക്ക്മറുപടി നൽകുമെന്നാണ് ലീഗ് നേതാക്കൾ  പറയുന്നത്. സമസ്തയില്ലെങ്കിൽ ലീഗ് ഒലിച്ചുപോകില്ലെന്ന് തെളിയിക്കുമെന്നും പറയുന്നു.

ജമാ അത്തെ ഇസ്ലാമിയെ കൂടെ കുട്ടി  റാലി വിജയിപ്പിക്കാനാണ് നീക്കം.എന്നാൽ ഇതിനെതിരെ ഒരു വിഭാഗം ലീഗ് നേതാക്കളും അണികളും പ്രതിഷേധം അറിയിച്ചു കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here