ശബരിമല ദര്‍ശനം; പമ്പാ സ്‌നാനത്തിന് അനുമതി നല്‍കുന്നതിന് മുന്നോടിയായി പരിശോധന നടത്തി

ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യത. പമ്പാ സ്‌നാനത്തിന് അനുമതി നല്‍കുന്നതിന് മുന്നോടിയായി എഡിഎം അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ പമ്പാ ത്രിവേണിയിലെ നദിക്കരയില്‍ പരിശോധന നടത്തി. കനത്ത മഴ പെയ്യുന്ന സാഹചര്യങ്ങളില്‍ ഭക്തര്‍ക്ക് പമ്പയില്‍ വിരിവയ്ക്കാനുള്ള അനുമതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്

കൊവിഡ് മൂലം നിര്‍ത്തിവെച്ചിരിക്കുന്ന സ്‌നാനത്തിന് അനുമതി നല്‍കുന്നതിന് മുന്നോടിയായിട്ടാണ് എഡിഎം അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ പമ്പാ ത്രിവേണിയിലെ നദിക്കരയില്‍ പരിശോധന നടത്തിയത്. വെള്ളത്തിന്റെ ഒഴുക്കും നദിയിലെ ആഴമുള്ള ഭാഗങ്ങളും കണ്ടെത്തി, അപകടങ്ങളില്ലാതെ ഏതൊക്കെ ഭാഗങ്ങളില്‍ അനുമതി നല്‍കാനാവുമെന്ന സാധ്യതകളാണ് പരിശോധിച്ചത്.

മുന്‍കരുതലിന്റെ ഭാഗമായി കയര്‍ കെട്ടിതിരിക്കുന്നതിനും മറ്റുമുള്ള സൗകര്യങ്ങളും പരിശോധിച്ചു. സാധ്യതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറുമെന്നും പ്രാഥമിക സുരക്ഷാ ക്രമീകരണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും എഡിഎം അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.

ആറാട്ടുകടവ് വിസിബി മുതല്‍ ത്രിവേണി പാലം വരെയുള്ള ഭാഗങ്ങളിലാണ് ബുധനാഴ്ച വൈകിട്ട് പരിശോധന നടത്തിയത്. ദേവസ്വം, പൊലീസ്, ഫയര്‍ ഫോഴ്‌സ്, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.

കനത്ത മഴ പെയ്യുന്ന സാഹചര്യങ്ങളില്‍ ഭക്തര്‍ക്ക് പമ്പയില്‍ വിരിവയ്ക്കാനുള്ള അനുമതി വേണമെന്ന ആവശ്യം നേരത്തെ അംഗീകരിച്ചിരുന്നു. പമ്പയില്‍ നിന്ന് നീലിമല, അപ്പാച്ചിമേട് വഴി സന്നിധാനത്തേക്കുള്ള പരമ്പരാഗത പാതയിലൂടെ തീര്‍ത്ഥാടനം അനുവദിക്കുന്നതും സര്‍ക്കാര്‍ സജീവമായി പരിഗണക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News