കൂനൂര്‍ ഹെലികോപ്ടര്‍ അപകടം: രക്ഷപ്പെട്ടത് ധീരതയ്ക്കുള്ള ശൗര്യചക്ര പുരസ്‌കാരം നേടിയ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രം

കൂനൂരിലെ ഹെലികോപ്ടര്‍ അപകടത്തില്‍ രക്ഷപ്പെട്ടത് ധീരതയ്ക്കുള്ള ശൗര്യചക്ര പുരസ്‌കാരം നേടിയ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമാണ്. ഗുരുതരമായി പൊള്ളലേറ്റ വരുണ്‍ സിങിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. ഇന്ന് കോയമ്പത്തൂരിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.

തേജസ് യുദ്ധവിമാനം പറത്തുന്നതിനിടയില്‍ സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ സാഹചര്യം കൈകാര്യം ചെയ്തതിനായിരുന്നു അദ്ദേഹത്തെ ആദരിച്ചത്. സംഭവമിങ്ങനെ:

തേജസ് യുദ്ധവിമാനം പറത്തുന്നതിനിടയില്‍ സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ അസാമാന്യ ധൈര്യത്തോടെ സാഹചര്യം കൈകാര്യം ചെയ്തതിനായിരുന്നു ആദരം. വിമാനത്തിന്റെ നിയന്ത്രണ സംവിധാനത്തിനും കോക്പിറ്റിനകത്തെ വായുസമ്മര്‍ദ സംവിധാനത്തിനുമാണ് അന്ന് തകരാര്‍ നേരിട്ടത്. പ്രതികൂല സാഹചര്യത്തെ ക്യാപ്റ്റന്‍ വരുണ്‍ സിങ് ധീരതയോടെ നേരിട്ട് വിമാനം സുരക്ഷിതമായി ഇറക്കുകയായിരുന്നു.

തേജസ് വിമാനത്തിന് അപ്രതീക്ഷിതമായ തകരാറാണ് അന്നുണ്ടായത്. വിമാനം ഉയരത്തില്‍ പറക്കവേ നിയന്ത്രണം നഷ്ടമായി. വിമാനം ഉയര്‍ന്നും താഴ്ന്നും പറക്കുന്നതിനിടെ മനോധൈര്യം കൈവിടാതെ വരുണ്‍ സിങ് വിമാനത്തിന്റെ നിയന്ത്രണം കൈപ്പിടിയിലാക്കി. 10000 അടി ഉയരത്തില്‍ വെച്ച് വിമാനത്തിന്റെ നിയന്ത്രണം വീണ്ടും പൂര്‍ണമായി നഷ്ടപ്പെട്ടു.

യുദ്ധവിമാനം ഒരുതരത്തിലും നിയന്ത്രണവിധേയമാക്കാനാകാത്ത സാഹചര്യത്തില്‍ പൈലറ്റിന് സ്വരക്ഷ നോക്കാന്‍ അവകാശമുണ്ട്. എന്നാല്‍ ക്യാപ്റ്റന്‍ വരുണ്‍ സിങ് സ്വന്തം ജീവന്‍ അവഗണിച്ച് വിമാനത്തെ വീണ്ടും നിയന്ത്രണത്തിലാക്കി. ഒടുവില്‍ സുരക്ഷിതമായി വിമാനം ഇറക്കി.

സ്വന്തം ജീവനും തേജസ് യുദ്ധവിമാനവും മാത്രമല്ല വരുണ്‍ സിങ് രക്ഷിച്ചതെന്ന് ശൗര്യചക്ര പ്രഖ്യാപിച്ചുകൊണ്ട് പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടുകയുണ്ടായി.

കുനൂരില്‍ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ ഇതുവരെ തിരിച്ചറിഞ്ഞത് നാലുമൃതദേഹം മാത്രം. ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികയുടെയും ശരീരം ഇന്നലെ തന്നെ തിരിച്ചറിഞ്ഞിരുന്നു.

സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്, മധുലിഖ റാവത്ത്, ലാന്‍സ് നായിക് വിവേക് കുമാര്‍, ബ്രിഗേഡിയര്‍ LS ലിഡ്ഡര്‍ എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.

അപകടത്തില്‍പ്പെട്ട മുഴുവന്‍ പേരുടെയും ഡിഎന്‍എ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. ഫലം വന്നതിനുശേഷമേ മറ്റ് 9 പേരെയും തിരിച്ചറിയാന്‍ കഴിയൂ. അതേസമയം അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം രാവിലെ 10 30ന് പൊതുദര്‍ശനത്തിന് വച്ചു. ഊട്ടിയിലെ വെല്ലിംഗ്ടണ്‍ മദ്രാസ് റെജിമെന്റ് സെന്ററിലാണ് പൊതുദര്‍ശനം.

അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യ മധുലികയും ഉള്‍പ്പെടെ 13 പേരുടെ ജീവനാണ് പൊലിഞ്ഞത്. റാവത്തിനോടുള്ള ആദരസൂചകമായി ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.

വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.കെ.ചൗധരി അപകടസ്ഥലം സന്ദര്‍ശിച്ചു. മൃതദേഹങ്ങള്‍ ഇന്നു ദില്ലിയിലെത്തിക്കും. കോയമ്പത്തൂരിനു സമീപം സൂലൂരില്‍ നിന്നു കൂനൂരിലെ വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജിലേക്ക് (ഡിഎസ്എസ്സി) പോവുകയായിരുന്നു ജനറല്‍ റാവത്തും സംഘവും. 11.47 നാണു പുറപ്പെട്ടത്. 12.20 നായിരുന്നു അപകടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News