ബിപിൻ റാവത്തിന്റെ വിലാപയാത്രയിൽ പങ്കെടുത്ത പൊലിസ് വാഹനം അപകടത്തിൽപ്പെട്ടു

ഊട്ടി കൂനൂരിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ വിലാപയാത്രയിലെ പൊലിസ് വാഹനം അപകടത്തിൽപ്പെട്ടു. ആംബുലൻസുമായി കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റു. ചിലർക്ക് സാരമായ പരിക്കുണ്ട്. വെല്ലിങ്ഡണിലെ സൈനിക ആശുപത്രിയിൽ നിന്ന് വിലാപയാത്രയായി സുലൂരിലെ സൈനിക കേന്ദ്രത്തിലേക്ക് റാവത്തിന്റെ മൃതദേഹം കൊണ്ടുപോകവേയാണ് അപകടമുണ്ടായത്.

മൃതദേഹം ഇന്ന് വൈകീട്ടോടെ ദില്ലിയിലെത്തിക്കും. റാവത്തിന്റെ സംസ്‌കാരം വെള്ളിയാഴ്ച ദില്ലി ബ്രാർ സ്‌ക്വയറിൽ നടക്കും. ഔദ്യോഗിക വസതിയിൽ വെള്ളിയാഴ്ച 11 മുതൽ രണ്ടു മണിവരെ പൊതുദർശനത്തിന് വെക്കും. ബിപിൻ റാവത്തിന്റെ മരണത്തിൽ ഉത്തരാഖണ്ഡ് സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺസിങ്ങിനെ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് മാറ്റി. ശരീരത്തിൽ 85 ശതമാനത്തോളം പൊള്ളലേറ്റ വരുൺസിങ്ങിന്റെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അടുത്ത 48 മണിക്കൂർ നിർണായകമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട ഹെലികോപ്റ്റർ ദുരന്തത്തിൽ രക്ഷപ്പെട്ടത് വരുൺസിങ്ങ് മാത്രമായിരുന്നു.

വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിലേക്കാണ് ആദ്യം ഇദ്ദേഹത്തെ കൊണ്ടുപോയത്. ഇന്ന് കോയമ്പത്തൂരിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. ധീരതയ്ക്കുള്ള ശൗര്യചക്ര പുരസ്‌കാരം നേടിയ സൈനികനാണ് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്.

തേജസ് യുദ്ധവിമാനം പറത്തുന്നതിനിടയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അസാമാന്യ ധൈര്യത്തോടെ സാഹചര്യം കൈകാര്യം ചെയ്തതിനായിരുന്നു ആദരം. വിമാനത്തിൻറെ നിയന്ത്രണ സംവിധാനത്തിനും കോക്പിറ്റിനകത്തെ വായുസമ്മർദ സംവിധാനത്തിനുമാണ് അന്ന് തകരാർ നേരിട്ടത്.

പ്രതികൂല സാഹചര്യത്തെ ക്യാപ്റ്റൻ വരുൺ സിങ് ധീരതയോടെ നേരിട്ട് വിമാനം സുരക്ഷിതമായി ഇറക്കുകയായിരുന്നു. വരുൺസിങ് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരാൻ പ്രാർഥിക്കുന്നുവെന്നും രാഷ്ട്രപതി രാംകോവിന്ദ് ട്വീറ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News