കൂനൂർ ഹെലികോപ്റ്റർ അപകടം; മരിച്ചവരില്‍ തിരിച്ചറിഞ്ഞത് നാലു പേരെ മാത്രം; വരുണ്‍ സിംഗ് ഗുരുതരാവസ്ഥയില്‍

തമിഴ്‌നാട് കൂനൂരിൽ നടന്ന ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചവരില്‍ തിരിച്ചറിഞ്ഞത് നാലു പേരെ മാത്രമാണെന്ന് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സംയുക്ത സേന മേധാവി ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ലാന്‍സ് നായിക് വിവേക് കുമാര്‍, ബ്രിഗേഡിയര്‍ എല്‍എസ് ലിദ്ദര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞ്.

മറ്റുള്ളവരെ തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധന നടത്താനാണ് തീരുമാനം.  മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ ശേഷം മാത്രമേ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കൂ. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് എത്രയും വേഗത്തില്‍ ഡല്‍ഹിയിലെത്താന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

വരുണ്‍ സിംഗിനെ ബംഗളൂരുവിലെ കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റി

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വരുണ്‍ സിംഗിനെ ബംഗളൂരുവിലെ കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റി. വരുണ്‍ സിംഗിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇതിനിടെ ബിപിന്‍ റാവത്ത് അടക്കമുള്ളവരുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം രണ്ടുതവണ അപകടത്തില്‍പ്പെട്ടു.

കരസേനയുടേയും തമിഴ്നാട് പൊലീസിന്റേയും അകമ്പടിയോടെ കൂനൂരില്‍ നിന്നും സുലൂരുവിലേക്ക് യാത്രക്കിടെയാണ് അപകടങ്ങളുണ്ടായത്. വാഹനവ്യൂഹത്തിലെ ഒരു ആംബുലന്‍സും പൊലീസുകാര്‍ സഞ്ചരിച്ച വാനുമാണ് അപകടത്തില്‍പ്പെട്ടത്. ആദ്യത്തെ അപകടത്തില്‍ പൊലീസിന്റെ അകമ്പടി വാഹനങ്ങളില്‍ ഒന്നാണ് അപകടത്തില്‍ പെട്ടത്. ഊട്ടി ചുരമിറങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ പത്തോളം പേര്‍ക്ക് പരുക്കേറ്റതായി തമിഴ്‌നാട് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പൊലീസുകാര്‍ സഞ്ചരിച്ച വാഹനം ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മതിലില്‍ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. തുടര്‍ന്ന് വിലാപയാത്ര മുന്നോട്ടുപോയെങ്കിലും മേട്ടുപാളയത്തുവെച്ച് മൃതദേഹത്തെ വഹിച്ചിരുന്ന ആംബുലന്‍സ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു.

ഇതേ തുടര്‍ന്ന് മൃതദേഹം മറ്റൊരു ആംബുലന്‍സിലേക്ക് അതിവേഗം മാറ്റിയാണ് വാഹനവ്യൂഹം യാത്ര തുടര്‍ന്നത്. സുലൂരുവിലെ വ്യോമസേനാ താവളത്തില്‍ എത്തിച്ച മൃതദേഹങ്ങളില്‍ ഉദ്യോഗസ്ഥര്‍ അന്തിമോപചാരം അര്‍പ്പിച്ചു. നൂറുകണക്കിനാളുകളാണ് സൈനികര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ റോഡിന് ഇരുവശത്തും ഒത്തുകൂടിയത്. അതേസമയം, ബിപിൻ റാവത്ത് അടക്കമുള്ളവരുടെ മൃതദേഹങ്ങളുമായി വിമാനം 7.45ന് ദില്ലിയിൽ എത്തും. 8.30മുതൽ വിമാനത്താവളത്തിൽ പ്രമുഖർ എത്തി അന്തിമോപചാരം അർപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News