ബീഫ് കഴിച്ച 24 ആദിവാസി യുവാക്കൾക്ക് ഊരുവിലക്ക്; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇടുക്കി മറയൂരിൽ ബീഫ് കഴിച്ച 24 ആദിവാസി യുവാക്കൾക്ക് ഊരുവിലക്ക്. പാരമ്പര്യ ആചാരവും വിശ്വാസവും ലംഘിച്ചുവെന്ന പേരിലാണ് ഊരുകൂട്ടം വിലക്കേർപ്പെടുത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

വേങ്ങപ്പാറ, നെല്ലിപ്പട്ടിക്കുടി,പെരിയകുടി, കമ്മാളംകുടി, കുത്തുകല്‍, കവക്കുട്ടി എന്നീ ആദിവാസി കുടികളിലെ യുവാക്കളെയാണ് ഊരുവിലക്കിയിരിക്കുന്നത്. യുവാക്കൾ ടൗണിലെ ഹോട്ടലുകളിൽ പോയി ബീഫ് കഴിക്കുന്നതും, മാട്ടിറച്ചി വാങ്ങിക്കൊണ്ടുവന്ന് പാചകം ചെയ്ത് കഴിക്കുന്നതും പതിവെന്നാണ് ഊരുകൂട്ടത്തിന്‍റെ കണ്ടെത്തൽ.

ആടിൻ്റെയും, കോഴിയുടെയും മാംസം കഴിക്കാറുണ്ടെങ്കിലും ഇവിടുത്തെ ആദിവാസികള്‍ ബീഫ് കഴിക്കരുതെന്നാണ് ആചാരം. ഇവർക്ക് കുടികളില്‍ കയറാമെങ്കിലും വീടിനുള്ളില്‍ കയറാന്‍ അനുവാദമില്ല. ഭാര്യ, മക്കള്‍, ബന്ധുക്കള്‍ എന്നിവരുമായി ബന്ധം പുലർത്താനാകില്ല. ഭക്ഷണം പുറത്തുനിന്ന് വാങ്ങിക്കഴിക്കണം. ബന്ധുക്കളുമായി സംസാരിക്കുന്നത് കണ്ട് അവരെ കൂടി വിലക്കിയാലോ എന്ന് പേടിച്ച് കാടുകളിലും മറ്റുമാണ് ഇപ്പോൾ യുവാക്കളുടെ താമസം.

അതേസമയം, ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണിതെന്നും യുവാക്കൾ പറയുന്നു. ഇതിന് മുൻപ് മറയൂരില്‍ ജാതിമാറി വിവാഹം ചെയ്തതിന് ഊരുവിലക്കിയതും, വട്ടവടയില്‍ താഴ്ന്ന ജാതിയായതിനാല്‍ മുടിവെട്ടിക്കൊടുക്കില്ലെന്ന വിലക്കും വാർത്തയായിരുന്നു. ഊരുവിലക്കേർപ്പെടുത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News