കർഷകരുടെ ഐതിഹാസിക സമരത്തെ പ്രശംസിച്ച് മുഖ്യമന്ത്രി

കർഷകരുടെ ഐതിഹാസിക സമരത്തെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകരും തൊഴിലാളികളും തോളോടു തോൾ ചേർന്ന് പൊരുതിയാൽ അതിനെ തടുത്തു നിർത്താൻ എത്ര വലിയ കോട്ടകൊത്തളങ്ങൾക്കും അധികാര സന്നാഹങ്ങൾക്കും കഴിയില്ല എന്ന വസ്തുതയ്ക്ക് അടിവരയിട്ട്, ഒരു വർഷത്തിലധികം നീണ്ട കർഷക സമരം ഐതിഹാസിക വിജയം നേടിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി.

ഫേസ്ബുക്ക് പോസ്റ്റ്

കർഷകരും തൊഴിലാളികളും തോളോടു തോൾ ചേർന്ന് പൊരുതിയാൽ അതിനെ തടുത്തു നിർത്താൻ എത്ര വലിയ കോട്ടകൊത്തളങ്ങൾക്കും അധികാര സന്നാഹങ്ങൾക്കും കഴിയില്ല എന്ന വസ്തുതയ്ക്ക് അടിവരയിട്ട്, ഒരു വർഷത്തിലധികം നീണ്ട കർഷക സമരം ഐതിഹാസിക വിജയം നേടിയിരിക്കുന്നു. ജനാധിപത്യവിരുദ്ധമായി നടപ്പാക്കിയ കാർഷിക നയങ്ങളെല്ലാം പിൻവലിക്കാനും കർഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനും കേന്ദ്ര സർക്കാർ ഒടുവിൽ നിർബന്ധിക്കപ്പെട്ടിരിക്കുന്നു.

ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ ഈ തീരുമാനത്തിലേക്കെത്താൻ എഴുനൂറിലധികം കർഷകരുടെ ജീവത്യാഗം വേണ്ടി വന്നു എന്നത് ദൗർഭാഗ്യകരമാണ്. ഉറ്റവരുടെ വിയോഗങ്ങളിൽ ഉള്ളുലയാതെ, സമരത്തെ ദുർബലപ്പെടുത്താൻ നടന്ന ശ്രമങ്ങൾക്ക് കീഴ്പ്പെടാതെ, എല്ലാ എതിർപ്പുകളേയും മറികടന്ന് വിജയത്തിലെത്താൻ കർഷകർക്ക് സാധിച്ചു. അസാമാന്യമായ നിശ്ചയദാർഢ്യവും പോരാട്ട വീറുമാണ് കർഷകരും അവർക്ക് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ചയും കാഴ്ചവച്ചത്.

ഇത് കർഷകരുടെ മാത്രം വിജയമായി ചുരുക്കിക്കാണേണ്ട ഒന്നല്ല. കേന്ദ്ര സർക്കാരിൻ്റേയും സംഘപരിവാറിൻ്റേയും മുതലാളിത്ത വിടുപണിയ്ക്കും വർഗീയ രാഷ്ട്രീയത്തിനുമെതിരായ ജനവികാരത്തിൻ്റെ വിജയമാണ്. അശുഭാപ്തിവിശ്വാസത്തിൻ്റെ കാർമേഘങ്ങൾ വകഞ്ഞു മാറ്റി ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷകൾക്ക് പുതിയ വെളിച്ചവും ദിശാബോധവും പകരുന്ന സന്ദർഭമാണിത്. ചരിത്രം വർഗസമരങ്ങളാൽ എഴുതപ്പെടുന്നതാണെന്ന യാഥാർത്ഥ്യം വീണ്ടും വീണ്ടും അനുഭവങ്ങളിൽ തെളിയുകയാണ്. കർഷക പോരാളികൾക്ക് അഭിവാദ്യങ്ങൾ. രക്തസാക്ഷികൾക്ക് സല്യൂട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News