ലീഗ് ആര്? മതസംഘടനയോ രാഷ്ട്രീയ പാര്‍ട്ടിയോ? ചെയ്യാനുള്ളത് ചെയ്യ്: മുഖ്യമന്ത്രി പിണറായി വിജയന്‍

മുസ്ലീം ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണോ, അല്ലെങ്കില്‍ മതസംഘടനയാണോ എന്നകാര്യം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ലീഗ് ശ്രമിക്കുന്നത്.

വഖഫ് ബോര്‍ഡ് വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല. ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ അട്ടിപ്പേറവകാശം ഞങ്ങള്‍ക്കാണ് എന്ന് പറഞ്ഞുകൊണ്ട് വന്നാല്‍ അത് അംഗീകരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. സംസ്ഥാനത്ത് വലിയ തോതിലുള്ള വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാടായിയില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വഖഫ് ബോര്‍ഡില്‍ പിഎസ്സി നിയമനത്തിന്റെ കാര്യം എന്നത് ബോര്‍ഡാണ് തീരുമാനിക്കുന്നത്. വഖഫ് ബോര്‍ഡ് തീരുമാനിച്ച് സര്‍ക്കാരിനെ അറിയിച്ചതാണ്. ഇപ്പോള്‍ ജോലി എടുക്കുന്നവര്‍ക്ക് സംരക്ഷണം കൊടുത്തുകൊണ്ട് പിഎസ്സി നിയമനം ആകാമെന്നാണ് ലീഗ് എംഎല്‍എമാര്‍ നിയമസഭയില്‍ പറഞ്ഞത്. ഇതില്‍ ലീഗിനോട് പറയാനുള്ളത്, നിങ്ങളാദ്യം നിങ്ങളാരെന്ന് തീരുമാനിക്കണം. നിങ്ങളൊരു രാഷ്ട്രീയ പാര്‍ട്ടിയാണോ, അല്ലെങ്കില്‍ മതസംഘടനയാണോ?.

ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗം വ്യക്തമാക്കി കഴിഞ്ഞതാണ്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു വാശിയുമില്ല. നൂറിലധികം സ്ഥാനങ്ങളാണ് വഖഫ് ബോര്‍ഡില്‍ ആകെയുള്ളത്. അത് ഏത് രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നതില്‍ സര്‍ക്കാരിനെ സംബന്ധിച്ച് ഒരു പിടിവാശിയുമില്ലായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മതസംഘടനകള്‍ക്ക് ഇക്കാര്യം ബോധ്യമായി. ഇവര്‍ക്കത് ബോധ്യമായില്ല. ലീഗ് ആരാണ്? ലീഗൊരു രാഷ്ട്രീയ പാര്‍ട്ടിയാണ്. നമ്മുടെ നാടിന്റെ മുസ്ലീമിന്റെ ശാക്തീകരണം എടുത്ത് പരിശോധിച്ചാല്‍, എവിടെയാണ് മുസ്ലീം എന്ന് ലീഗിന് മനസ്സിലായിട്ടുണ്ടോ?. മുസ്ലീമിന്റെയാകെ അട്ടിപ്പേറവകാശം ലീഗിനല്ല. ലീഗിന്റെ സ്വാധീനകേന്ദ്രമായ മലപ്പുറത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഗ്രാഫ് ഉയരുകയാണ്. അതാണ് മാറ്റമെന്നും മുഖ്യമന്ത്രി പറഞ്ഞു

ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ അട്ടിപ്പേറവകാശം ഞങ്ങള്‍ക്കാണ് എന്ന് പറഞ്ഞുകൊണ്ട് വന്നാല്‍ അത് അംഗീകരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. മതസംഘടനകളുമായി ഇക്കാര്യം ചര്‍ച്ചചെയ്യും. അതിന് പരിഹാരമുണ്ടാക്കും. അവര്‍ക്ക് അക്കാര്യത്തില്‍ യാതൊരു ആശങ്കയുമില്ല. ഏറ്റവും വലിയ മുസ്ലിം സംഘടനകളായ ജിഫ്രി തങ്ങളുടെ സമസ്തയ്ക്കും, അബൂബക്കര്‍ മുസ്ലിയാര്‍ക്കും ഇക്കാര്യം നല്ല ബോധ്യമുണ്ട്. ലീഗിന് മാത്രം ബോധ്യമില്ലപോലും, നിങ്ങളുടെ ബോധ്യം ആര് പരിഗണിക്കുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന് ചെയ്യാനുള്ളത് ചെയ്യ്. ഞങ്ങള്‍ക്കത് പ്രശ്നമല്ല.

കേരളത്തില്‍ പല ഭാഗത്തുനിന്നും വര്‍ഗീയധ്രുവീകരണത്തിന് വല്ലാത്ത ശ്രമം നടത്തുകയാണ്. രാഷ്ട്രീയമായി ഇടതുപക്ഷത്തേയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും നേരിടാന്‍ അവര്‍ക്ക് കഴിയില്ലാ എന്ന് ബോധ്യമായിരിക്കുകയാണ്. ഇതിന് മുന്നിലുള്ളത് ആര്‍എസ്എസും – സംഘ്പരിവാറും തന്നെയാണ്.

കഴിഞ്ഞദിവസം തലശ്ശേരിയില്‍ നടന്ന പ്രകടനത്തില്‍ വിളിച്ച മുദ്രാവാക്യം കേരളമാകെ ശ്രദ്ധിച്ചതാണ്. അവിടെ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കില്ല എന്നാണ് പറയുന്നത്. നമസ്‌കാരം നടത്താന്‍ അനുവദിക്കില്ല എന്നാണ് പറഞ്ഞത്. എവിടെവരെ അവര്‍ പറയാന്‍ തയ്യാറാകുന്നു എന്നതാണ് കാണേണ്ടത്.

ആര്‍എസ്എസ് ശ്രമിക്കുന്ന എല്ലാകാര്യങ്ങളും നടത്താന്‍ കഴിയുന്ന സംസ്ഥാനമല്ല കേരളം. അതെന്തുകൊണ്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. വര്‍ഗീയവികാരം ആളുകളുടെ മനസ്സിലേക്ക് മെല്ലെ മെല്ലെ എത്തിക്കുക എന്നതാണ് അവരുടെ തന്ത്രം. അത്തരം ശ്രമങ്ങളെ വേഗംതന്നെ നുള്ളിക്കളയാന്‍ നമ്മള്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News