സല്യൂട്ട് ജനറല്‍…ബിപിന്‍ റാവത്തിന് രാജ്യം അന്ത്യയാത്ര നല്‍കി

രാജ്യത്തെ പ്രഥമ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഇനി ഓര്‍മ. ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനും ഭാര്യ മധുലികാ റാവത്തിനും രാജ്യം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ യാത്രയയപ്പ് നല്‍കി. ദില്ലി കാന്റിലെ ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തിലാണ് ഇരുവര്‍ക്കും അന്ത്യവിശ്രമം ഒരുക്കിയത്. വീട്ടിലും ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തിലും അന്തിമോപചാരമര്‍പ്പിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പടെ സമൂഹത്തിന്റെ നാനാ തുറകളിലുള്ള ആയിരക്കണക്കിന് ആളുകള്‍ എത്തിയിരുന്നു.

രാജ്യം കണ്ട വിശ്വസ്തനായ സൈനികന് പൂര്‍ണ ബഹുമതികളോടെ ആണ് രാജ്യം യാത്രയയപ്പ് നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, അജിത് ഡോവല്‍, രാഹുല്‍ ഗാന്ധി, യോഗി ആദിത്യ നാഥ്, രാകേഷ് ടിക്കായത്ത് തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ കാമരാജ് മാര്‍ഗിലെ വസതിയില്‍ എത്തി ജനറല്‍ ബിപിന്‍ റാവത്തിനും ഭാര്യ മധുലിക റാവത്തിനും അന്തിമോപചാരം അര്‍പ്പിച്ചു.

വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍, എന്നിവരും ഇന്ത്യയുടെ പ്രഥമ സംയുക്ത മേധാവിക്കും ഭാര്യയ്ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മണിക്കൂറുകള്‍ കാത്ത് നിന്ന് നൂറു കണക്കിന് സാധാരണക്കാരായ ആളുകള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചപ്പോള്‍ വിലാപ യാത്ര കടന്ന് പോയ ദില്ലിയിലെ റോഡരികില്‍ ആയിരങ്ങള്‍ ആണ് ഒരു നോക്ക് കാണാന്‍ കാത്ത് നിന്നത്.

മുദ്രാവാക്യം വിളിച്ചും പുഷ്പവൃഷ്ടി നടത്തിയും വിലാപ യാത്ര നടത്തിയ വാഹനത്തെ യുവാക്കള്‍ അനുഗമിച്ചു. ബ്രിഗേഡിയര്‍ റാങ്കിലുള്ള 12 ഉദ്യോഗസ്ഥര്‍ വിലാപ യാത്രയ്ക്ക് സുരക്ഷ ഒരുക്കി. സംയുക്ത സേനാ വിഭാഗങ്ങളിലെ 33 സൈനികര്‍ അകമ്പടി സേവിച്ചു. മൂന്ന് സേനാ വിഭാഗങ്ങളില്‍ നിന്നായി ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ റാങ്കിലുള്ള സൈനികരാണ് രാജ്യത്തിന്റെ പ്രഥമ സംയുക്ത സൈനിക മേധാവിയെ ദേശീയ പതാക പുതപ്പിച്ചത്.

ദില്ലി കാന്റിലെ ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍ വിവിധ രാഷ്ട്രങ്ങളിലെ സൈനിക മേധാവികളും പ്രതിനിധികളും ബിപിന്‍ റാവത്തിനും ഭാര്യ മധുലിക റാവാത്തിനും അന്തിമോപചാരം അര്‍പ്പിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആദരമര്‍പ്പിക്കാന്‍ ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍ എത്തിയിരുന്നു. സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്നോടിയായി ഒരുക്കിയിരുന്ന പൊതുദര്‍ശന ചടങ്ങുകളില്‍ മന്ത്രി കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേര്‍ന്നു. 17 ഗണ്‍ സല്യൂട്ടോടെ രാജ്യവും സൈന്യവും ഇന്ത്യന്‍ സൈന്യത്തിന്റെ വീര പുത്രന് യാത്രാമൊഴിയേകി.

മക്കളായ കൃതിക റാവത്ത്, തരിണി റാവത്ത് എന്നിവര്‍ ചേര്‍ന്നാണ് ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികാ റാവത്തിന്റെയും ചിതയ്ക്ക് തീ പകര്‍ന്നത്. നാല് പതിറ്റാണ്ടിലേറെ കാലം രാജ്യത്തെ സേവിച്ച ബിപിന്‍ റാവത്തിനും ഭാര്യ മധുലികാ റാവത്തിനും യാത്രാമൊഴിയേകാന്‍ ആയിരക്കണക്കിന് ആളുകള്‍ ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തിന് പുറത്ത് എത്തിച്ചേര്‍ന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel