മുസ്ലീംലീഗ് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്നു; കോടിയേരി ബാലകൃഷ്ണന്‍

സാമുദായിക കലാപത്തിലേക്ക് കേരളത്തെ നയിക്കാനാണ് മുസ്ലീംലീഗിന്റെ ശ്രമമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് മുസ്ലീം ലീഗ് വളരുകയല്ല തകരുകയാണ്. വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് മുസ്ലിം അണികള്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്താനാണ് ലീഗ് ശ്രമിക്കുന്നത്. ഇത് അപകടകരമാണ്. കമ്യൂണിസ്റ്റുകാരുമായി ഒരു ബന്ധവും പാടില്ല എന്നാണ് ചിലയാളുകള്‍ കോഴിക്കോട് പ്രസംഗിച്ചത്. ഏത് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കണമെന്ന് ഓരോ വ്യക്തികളും തീരുമാനിക്കേണ്ട കാര്യമാണെന്നും കോടിയേരി പറഞ്ഞു.

മുസ്ലീംലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളാണ്. മുസ്ലീം ലീഗ് മത പാര്‍ട്ടിയാണെന്നതിന്റെ പരസ്യ പ്രസ്താവനയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് കണ്ടത്. ലീഗിന്റെ ഈ നീക്കം അപകടകരമാണ്. അപകടകരമായ ഇത്തരം നീക്കങ്ങളില്‍ നിന്ന് ലീഗ് പിന്തിരിയണം. മുസ്ലീംലീഗ് നേതൃത്വം അണികളില്‍ പരിഭ്രാന്തി പരത്താന്‍ ശ്രമിക്കുകയാണ്, എന്നാല്‍ ലീഗിന്റെ ഇത്തരം നീക്കങ്ങള്‍ വിലപ്പോവില്ലെന്നും കോടിയേരി പറഞ്ഞു.

മുസ്ലിം ലീഗ് നടത്തിയ റാലിയില്‍ പലരും മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുകയാണുണ്ടായത്. അതിനോട് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം. ആര്‍എസ്എസ് നടത്തുന്ന അതേ പ്രവര്‍ത്തനം തന്നെയാണ് മുസ്ലിം ലീഗ് നടത്തുന്നത്. ഇതിനെതിരായി മുസ്ലിം ബഹുജനങ്ങള്‍ രംഗത്തിറങ്ങണം. കേരളത്തിലെ മുസ്ലീം ജനങ്ങള്‍ ഇത്തരം നീക്കങ്ങളെ അംഗീകരിക്കാന്‍ പോകുന്നില്ല. ആളുകളെ തെരുവിലിറക്കി കലാപം സൃഷ്ടിക്കാനുള്ള നീക്കം അപകടകരമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെതിരായി രംഗത്തുവരണം. പള്ളികളില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തി സംഘര്‍ഷമുണ്ടാക്കാനാണ് ലീഗ് ശ്രമിച്ചത്.

പള്ളിയില്‍ എല്ലാ രഷ്ട്രീയ പാര്‍ട്ടിക്കാരും പോകുന്നുണ്ട്. ലീഗിന്റെ ഈ നീക്കത്തിന് സുന്നി സംഘടനകള്‍ കൂട്ടുനിന്നില്ല. ലീഗ് ഒറ്റപ്പെട്ടു. അതിന്റെ ജാള്യത മറക്കാനാണ് ഇന്നലെ കോഴിക്കോട് പരിപാടി സംഘടിപ്പിച്ചത്. കെപിസിസിയെ നയിക്കുന്നത് ലീഗാണോ എന്ന് കോണ്‍ഗ്രസിനോട് ചോദിക്കണം. വി എം സുധീരനോ മുല്ലപ്പള്ളി രാമചന്ദ്രനോ ആയിരുന്നു കെപിസിസി പ്രസിഡന്റ് എങ്കില്‍ ഇന്നലെ ഇതിനെതിരെ പ്രതികരിക്കുമായിരുന്നുവെന്നും കോടിയേരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel