എ,ഐ ഗ്രൂപ്പുകളുടെ നിസ്സഹകരണം; ഡിസിസി പുനഃസംഘടന പ്രതിസന്ധിയില്‍

എ,ഐ ഗ്രൂപ്പുകളുടെ നിസ്സഹകരണം ഡിസിസി പുനഃസംഘടന പ്രതിസന്ധിയില്‍. ജില്ലാ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച് കെ.സുധാകരന്‍. സംഘടനാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള മെമ്പര്‍ഷിപ്പ് വിതരണവും മുടങ്ങി.

ഇനി പുനഃസംഘടന വേണ്ട, സംഘടനാ തെരഞ്ഞെടുപ്പിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് എ,ഐ ഗ്രൂപ്പുകള്‍. എന്നാല്‍ ഡിസിസി പുനഃസംഘടനാ നടപടികളുമായി മുന്നോട്ടു പോകാനാണ് കെ.സുധാകരന്റെ തീരുമാനം. ഇരു വിഭാഗവും തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതാണ് നിലവിലെ പ്രതിസന്ധി.

ഡിസിസി പുനഃസംഘടനയില്‍ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരോട് കരട് പട്ടിക സമര്‍പ്പിക്കാന്‍ സുധാകരന്‍ നല്‍കിയ അവസാന തീയതി കഴിഞ്ഞ ദിവസം അവസാനിച്ചു. ചുമതലക്കാര്‍ ചര്‍ച്ച നടത്തിയിട്ടും ഗ്രൂപ്പുകള്‍ സഹകരിക്കുന്നില്ല.

പേരുകളും നര്‍ദേശിച്ചില്ല. ഇതോടെ കരട് പട്ടിക തയ്യാറാക്കാനാകുന്നില്ലെന്ന് ജനറല്‍ സെക്രട്ടറിമാര്‍ സുധാകരനെ അറിയിച്ചു. തുടര്‍ന്ന് ജില്ലാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഈ മാസം 17-ന് വിളിച്ചിരിക്കുകയാണ് സുധാകരന്‍.

ഗ്രൂപ്പുകള്‍ സഹകരിച്ചില്ലെങ്കില്‍ ഏകപക്ഷീയമായി പട്ടിക തയ്യാറാക്കും. ഇതിനുള്ള നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും ഈ യോഗത്തില്‍ തീരുമാനിക്കുമെന്നാണ് വിവരം. അതേസമയം രണ്ടു തവണ കോണ്‍ഗ്രസ് അംഗത്വ വിതരണ ക്യാമ്പയില്‍ ഉദ്ഘാടനം ചെയ്തിട്ടും മെമ്പര്‍ഷിപ്പ് വിതരണ നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.

മെമ്പര്‍ഷിപ്പ് സ്ലിപ്പ് അടക്കം എത്തിച്ചിട്ടില്ലെന്നാണ് വിവരം. സംഘടനാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഔദ്യോഗിക വിഭാഗം താല്‍പര്യം കാണിക്കാത്തതിലുള്ള കടുത്ത അതൃപ്തിയിലാണ് എ,ഐ ഗ്രൂപ്പുകള്‍.

നിലവിലെ സംഘടനാ സംവിധാനത്തില്‍ മെമ്പര്‍ഷിപ്പ് വിതരണം നടത്തിയാല്‍ സംഘടനാ തെരഞ്ഞെടുപ്പില്‍ അതിന്റെ ഗുണം ഗ്രൂപ്പുകള്‍ക്ക് ലഭിക്കുമെന്ന ആശങ്കയാണ് സുധാകര വിഭാഗത്തിനുള്ളത്. ഈ അനിശ്ചിതത്വമാണ് മെമ്പര്‍ഷിപ്പ് വിതരണത്തിലുള്ളതെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News