ഇനിയൊരു മടക്കമില്ലാത്ത യാത്ര….പ്രദീപിന്റെ അവസാനയാത്രയില്‍ കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുമെത്തിയത് ആയിരങ്ങള്‍

കൂനൂര്‍ ഹൈലികോപ്ടര്‍ അപകടത്തില്‍ അന്തരിച്ച സൈനികന്‍ പ്രദീപിന്റെ അവസാനയാത്രയില്‍ വഴിയിലുടനീളം അവസാനമായി കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും ആയിരങ്ങളാണെത്തിയത്. വാളയാര്‍ അതിര്‍ത്തിയില്‍ മന്ത്രിമാരുടെ സംഘമാണ് സംസ്ഥാനസര്‍ക്കാരിന് വേണ്ടി ഭൗതികശരീരം എറ്റുവാങ്ങിയത്.

11 മണിയോടെയാണ് സുലൂരിലെ വ്യോമതാവളത്തിലേക്ക് ജൂനിയര്‍ വാറന്റ് ഓഫീസര്‍ പ്രദീപിന്റെ മൃതദേഹം വഹിച്ചു കൊണ്ടുള്ള പ്രത്യേക സൈനിക ഹെലികോപ്ടറെത്തിയത്. അവസാനമായി സേവനമനുഷ്ഠിച്ച സ്ഥലത്ത് അല്‍പസമയം സഹപ്രവര്‍ത്തകരുടെ ആദരാഞ്ജലി. ശേഷം ജന്‍മനാട്ടിലേക്ക് അവസാന യാത്ര.

കേന്ദ്രമന്ത്രി വി മുരളീധരന്‍ ദില്ലിയില്‍ നിന്നും വിമാനത്തിലും നാട്ടിലേക്കുള്ള വിലാപയാത്രയിലും അനുഗമിച്ചു. 12.30ഓടെ വാളയാര്‍ അതിര്‍ത്തി കടന്ന് കേരളത്തിലേക്ക്… മന്ത്രി കെ രാധാകൃഷ്ണന്‍, കെ രാജന്‍, കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ വാളയാറില്‍ നിന്ന് സംസ്ഥാനസര്‍ക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി പുഷ്പചക്രമര്‍പ്പിച്ചു.

ജില്ലാ കലക്ടറും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ നൂറുകണക്കിന് പേരാണ് പ്രദീപിന് അവസാന യാത്രാമൊഴി നല്‍കാന്‍ വാളയാറിലെത്തിയത്. വഴിയിലുടനീളം അന്ത്യാഭിവാദ്യം നേരാന്‍ കുട്ടികളുള്‍പ്പെടെ ആയിരങ്ങള്‍ കാത്തുനിന്നു.

ദേശീയപതാക വീശിയും പുഷ്പാര്‍ച്ചന നടത്തിയും സല്യൂട്ട് നല്‍കിയും നാടിന്റെ ആദരവ്. വാണിയമ്പാറയില്‍ തൃശൂര്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജന്‍മനാട്ടിലേക്ക് പ്രദീപിനെ ഏറ്റുവാങ്ങി. അവിടെ നിന്നും സ്വന്തം മണ്ണിന്റെ സ്‌നേഹവായ്പിലേക്ക്…. ഇനിയൊരു മടക്കമില്ലാത്ത യാത്ര… നാടിനും നാട്ടുകാര്‍ക്കും വേണ്ടി ജീവിച്ച് രാജ്യത്തിനായി സമര്‍പ്പിച്ച ധീരജീവിതത്തിന് ബിഗ് സല്യൂട്ട്…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here